2013-04-06 11:51:56

വത്തിക്കാന്‍:വിത്തുകോശ ചികിത്സയെ സംബന്ധിച്ച രണ്ടാമത് അന്താരാഷ്ട്ര പഠനശിബിരം


05 ഏപ്രില്‍ 2013, വത്തിക്കാന്‍
വിത്തുകോശ ചികിത്സയെ സംബന്ധിച്ച രണ്ടാമത് അന്താരാഷ്ട്ര പഠനശിബിരം ഏപ്രില്‍ 11 മുതല്‍ 13 വരെ വത്തിക്കാനില്‍ നടക്കും. സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലാണ് മാറാരോഗങ്ങളുടെ ചികിത്സയില്‍ നിര്‍ണ്ണായ സംഭാവന നല്‍കാന്‍ കഴിവുള്ള വിത്തുകോശ ഗവേഷണത്തെ സംബന്ധിച്ച അന്താരാഷ്ട്ര പഠനശിബിരം വത്തിക്കാനില്‍ നടക്കുന്നത്. ജീവന്‍ നശിപ്പിച്ചുകൊണ്ടുള്ള വിത്തുകോശ ചികിത്സയ്ക്ക് വിരുദ്ധമായ നിലപാടു സ്വീകരിക്കുന്ന കത്തോലിക്കാ സഭ പിന്തുണയും പ്രോത്സാഹനവുമേകുന്നത് ഭ്രൂണത്തില്‍ നിന്നല്ലാതെ, പ്രായപൂര്‍ത്തിയായ സാധാരണ കോശങ്ങളില്‍നിന്നുതന്നെ വിത്തുകോശമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കാണ്. “കോശ പുനര്‍നിര്‍മ്മാണ ചികിത്സ: ശാസ്ത്ര സാംസ്ക്കാരിക രംഗത്തെ കുതിച്ചുച്ചാട്ടം” എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന ത്രിദിന പഠന ശിബിരത്തില്‍ വിത്തുകോശ ചികിത്സാരംഗത്തെ പ്രമുഖ ഡോക്ടര്‍മാരും ഗവേഷകരും പങ്കെടുക്കും.
സാംസ്ക്കാരിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും വിത്തുകോശ ചികിത്സാരംഗത്ത് ഗവേഷണം നടത്തുന്ന നിയോസ്റ്റെം കമ്പനിയും (NeoStem Inc.) ആരംഭിച്ച പഞ്ചവത്സര സഹകരണ പദ്ധതിയുടെ ഭാഗമാണ് വിത്തുകോശ ചികിത്സയെ സംബന്ധിച്ച രണ്ടാമത് അന്താരാഷ്ട്ര പഠനശിബിരം. STOQ, SLF എന്നീ സന്നദ്ധ സംഘടനകളും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ട്.








All the contents on this site are copyrighted ©.