2013-04-06 12:15:35

പ്രതിസന്ധികളെ മറികടന്ന
സത്യസന്ധമായ വിശ്വാസം - പുതുഞായര്‍


RealAudioMP3
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 20, 19-29 വരെ വാക്യങ്ങള്‍

1995 ഫെബ്രുവരി 24-ാം തിയതി രാത്രി 11 മണി. കോണ്‍വെന്‍റിലെ കണക്കുകളെല്ലാം സുപ്പീരിയറെ ഏല്പിക്കാന്‍ സിസ്റ്റര്‍ മുറിയിലേയ്ക്കു കടന്നുവന്നു. കണക്കുകള്‍ ബോധ്യപ്പെടുത്തി പോകാനെഴുന്നേറ്റപ്പോള്‍ സുപ്പീരിയര്‍ ചോദിച്ചു.
“ഈ രാത്രിതന്നെ ഇതെല്ലാം വേണമായിരുന്നോ?”
സിസ്റ്റര്‍ മറുപടി പറഞ്ഞു,
“യാത്ര പോകുകയല്ലേ, എല്ലാം ക്ലീന്‍ ആയിരിക്കട്ടെ എന്നു വിചാരിച്ചു. പിന്നെ..., തിരിച്ചെങ്ങാന്‍ വന്നില്ലെങ്കിലോ….!?”

സുപ്പീരിയര്‍ ദ്വേഷ്യപ്പെട്ടു. “ഒരു വഴിക്കുപോകുമ്പം അങ്ങനെയൊന്നും പറയരുത്.”

പിറ്റേന്ന് സിസ്റ്റര്‍ യാത്രപുറപ്പെട്ടു. ജനവീഥിയിലെത്തിയപ്പോള്‍ കുറെ വര്‍ഗ്ഗീയ വാദികള്‍ സിസ്റ്റര്‍ യാത്രചെയ്ത ബസ്സ് ആക്രമിച്ചു. ചുരുക്കി പറയാം. ആ ബസ്സിലിട്ട് അവരെ കുത്തി കൊലപ്പെടുത്തി. സിസ്റ്റര്‍ റാണി മരിയയായിരുന്നു അത്.
1954 ജനുവരി 29-ന് പെരുമ്പാവൂരിനടത്ത് പുല്ലുവഴി ഗ്രാമത്തില്‍ വട്ടാലില്‍ പൈലി-ഏലീശ്വാ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമത്തെ മകള്‍ മേരിക്കുഞ്ഞാണ് ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്‍റില്‍ ചേര്‍ന്ന് വടക്കെ ഇന്ത്യയില്‍ മിഷണറിയായത്. പാവപ്പെട്ട ആദിവാസികളെ അക്ഷരം പഠിപ്പിച്ചതിനും, അവകാശങ്ങളെപ്പറ്റി ബോധമുള്ളവരാക്കിയതിനും, അവരില്‍ സമ്പാദ്യശീലവും മൂല്യബോധവും വളര്‍ത്തിയെടുത്തതിനും രക്തംകൊണ്ട് ആ ജീവിതം മുദ്രവയ്ക്കപ്പെട്ടു.

രക്തസാക്ഷിയായ ക്രിസ്തുശിഷ്യന്‍റെ ബോധോദയകഥയാണ് ഇന്നത്തെ സുവിശേഷഭാഗം. മാര്‍ത്തോമാശ്ലീഹായുടെ ക്രിസ്ത്വാനുഭവമാണ് അത്. ഇന്ത്യലേയ്ക്കുള്ള യാത്രയ്ക്കുമുന്‍പ് ചിന്തയിലും ബോധ്യത്തിലും എല്ലാം ക്ലീന്‍ ആയിരിക്കാനാഗ്രഹിച്ച രക്തസാക്ഷി.

ഇന്നത്തെ സുവിശേഷ ഭാഗത്ത് ക്രിസ്ത്വാനുഭവത്തിനു പുതിയൊരു ദൈവശാസ്ത്രം ചമയ്ക്കുകയാണ് തോമസ്ലീഹാ,. വിശ്വാസവും സന്ദേഹവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാം എന്ന സമസ്യതന്നെയാണ് paradox ഈ നൂതന ദൈവശാസ്ത്രം. ഇതിനുള്ള അടിസ്ഥാനങ്ങള്‍ (മത്തായി 28, 26-ല്‍) ശ്ലീഹാതന്നെ കാണിച്ചു തരുന്നു.

ഉത്ഥിതനെ കണ്ടപ്പോള്‍ അവര്‍ ആരാധിച്ചു. ചിലര്‍ സംശയിച്ചു എന്ന് സുവിശേഷത്തില്‍ കാണുന്നു. ആരാധിച്ചവരെയും സംശയിച്ചവരെയും സുവിശേഷ പ്രഘോഷണ ദൗത്യം ഏല്പിക്കുന്ന ഉത്ഥിതനെയാണ് സുവിശേഷകന്‍ അവതരിപ്പിച്ചത്.
കഠിനമായ സന്ദേഹങ്ങളാണ് അന്വേഷിയുടെ മുദ്ര. സന്ദേഹമുള്ളിടത്ത് ഈശ്വരനില്ല എന്ന കാഴ്ചപ്പാടാണ് പരമ്പരാഗത ദൈവശാസ്ത്രജ്ഞന്മാര്‍ എടുത്തത്. എന്നാല്‍ തോമസ്ലീഹാ അതിനെ ചോദ്യം ചെയ്യുന്നു. ആവശ്യത്തിനു സന്ദേഹവും ആവശ്യത്തിന് തുറന്ന മനോഭാവവും ഉണ്ടായാല്‍ ദൈവത്തെ കാണാം എന്നൊരു ദൈവശാസ്ത്രം തോമാസ്ലീഹാ അവതരിപ്പിക്കുന്നത്.
ദൈവാന്വേഷകര്‍ സന്ദേഹികള്‍കൂടിയാണ്. പ്രകൃതിയെ ദൈവത്തിന്‍റെ കൈപ്പത്തിയായിക്കണ്ട് രേഖകളുടെ മന്ത്രാര്‍ത്ഥങ്ങള്‍ വായിച്ചെടുക്കാനാണ് അവര്‍ ശ്രമിച്ചത്. ദൈവത്തെ നേരിട്ടറിയുന്നതും സഹജീവികളില്‍ ഈശ്വരമുദ്ര കാണുന്നതും അത്യന്തികമായി ഒന്നുതന്നെ. ഉത്ഥിതനെ നേരിട്ടറിഞ്ഞ തോമസിനോട് സഹജീവികളില്‍ ദൈവത്തെ കണ്ടെത്താന്‍ ക്രിസ്തു ഉപദേശിക്കുന്നു. ഇത് അയാളില്‍ ഒരു ജ്ഞാനോദയം ഉണ്ടാക്കുന്നു.

ദൈവത്തെ തൊട്ടറിയാന്‍‍ യേശു തോമസിനെ അനുവദിച്ചെങ്കിലും കൂടുതല്‍ ഭാഗ്യം ചെയ്തവരെക്കുറിച്ച് അവനെ ഓര്‍മ്മിപ്പിക്കാന്‍ ക്രിസ്തു മറന്നില്ല, “കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.” സഹജീവികളുടെ സാക്ഷൃം സ്വീകരിക്കാതിരുന്ന തോമസിനെ കുറ്റപ്പെടുത്തുകയാണ് യേശു. സഹജീവികളില്‍ ദൈവത്തെ കാണാന്‍ സാധിക്കുന്നതാണ് ദൈവത്തെ കാണാതെ അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നതിന്‍റെ പൊരുള്‍.

എന്നാല്‍ എന്‍റെ തലമുറ വ്യഭിചരിച്ചതാണ്. അത് അത്ഭുതങ്ങളും ദര്‍ശനങ്ങളും കിട്ടിയാല്‍ മാത്രം വിശ്വസിക്കുന്ന ദൗര്‍ഭാഗ്യവാന്മാരുടെ കൂടാരമാണ്. ദര്‍ശനങ്ങളെ കച്ചവടമാക്കുന്ന മതനേതാക്കളുടെ വ്യഭിചാരശാലയാണത്. അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കുമുള്ളില്‍ പാപക്കറകളെ ഒളിപ്പിച്ചുവയ്ക്കുകയും, അനീതിയുടെ നുകത്തെ മറച്ചുവയ്ക്കുകയും ചെയ്യുന്ന ദുഷിച്ച തലമുറയാണ്. മനുഷ്യരില്‍ ദൈവത്തെ കാണുന്നതിനുപകരം നിര്‍ജീവ വസ്തുക്കളില്‍ അവനുണ്ടെന്ന് ആരോപിക്കുന്ന വിഗ്രഹാരാധകരുടെ താവളമാണത്.

അമേരിക്കയില്‍ ജനിച്ച സെന്‍ ബുദ്ധമതക്കാരന്‍ പറഞ്ഞത്.
തോമായുടെ സുവിശേഷത്തെക്കുറിച്ച് ഞാനറിഞ്ഞിരുന്നുവെങ്കില്‍ ബുദ്ധമതക്കാരനായി മാറില്ലായിരുന്നുവെന്ന്. ക്രിസ്തുവര്‍ഷം 50-കളില്‍ പലസ്തീനായില്‍ തോമസ്ലീഹായുടെ സഭാസമൂഹം രൂപംകൊടുത്ത ഗ്രന്ഥമാണ് തോമ്മായുടെ സുവിശേഷം Gospel according to St. Thomas. ഇത് അംഗീകൃതഗ്രന്ഥമല്ലെങ്കിലും ശ്ലീഹായുടെ മാര്‍ഗ്ഗവും ആത്മീയതയുമാണ് അതിന്‍റെ പൊരുള്‍. ആവശ്യത്തിനു വിശ്വാസവും ആവശ്യത്തിന് സന്ദേഹവും ഉണ്ടെങ്കില്‍ ബോധോദയം കിട്ടുമെന്നാണ് ബുദ്ധന്‍ പറഞ്ഞത്.
If you have enought faith and if you have enough doubt, you can attain mukti, enlightenment.
ഇതു രണ്ടും ചേര്‍ന്ന ആത്മീയതയാണ് തോമാസ്ലീഹായുടേത്. ശ്ലീഹായുടെ സുവിശേഷം ഇതു രണ്ടും ചേര്‍ന്ന കൃതിയാണ്. ജ്ഞാനത്തിലൂടെ മോക്ഷം നേടാം എന്നു വിശ്വസിക്കുന്നവരുടെ പ്രതിനിധിയാണ് തോമസ്. ‘അവിടുത്തെ കൈകളിലെ ആണികളുടെ പഴുതുകള്‍ കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍റെ പാര്‍ശ്വത്തില്‍ എന്‍റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.’ എന്നാണ് ശ്ലീഹാ പ്രസ്താവിച്ചത്. ലബോറട്ടറിയില്‍ പരീക്ഷിച്ചറിയുന്ന ജ്ഞാനത്തിനു തുല്യമാണിത്. വിശ്വാസിക്കാനിഷ്ടമുണ്ട്, എന്നാല്‍ വിശ്വസിക്കുന്നതിനു പരീക്ഷണങ്ങള്‍ നടത്തണം (കാണണം, സ്പര്‍ശിക്കണം) എന്നാണ് ഈ ശഠ്യം.

തോമസ്സിന്‍റെ വെല്ലുവിളി ക്രിസ്തു സ്വീകരിച്ചു. പക്ഷേ അപ്പോള്‍ തോമസ് ഈ പരീക്ഷണത്തിന് മുതിരാതെതന്നെ അവനില്‍ വിശ്വസിക്കുന്നു. എന്താണ് സംഭവിച്ചത്. തെല്ലും അസഹിഷ്ണുത കാണിക്കാതെ യേശു തോമസിനെ ക്ഷണിച്ചു. ‘നിന്‍റെ വിരല്‍ കൊണ്ടുവരിക.’ ആ സ്നേഹത്തിനു മുമ്പില്‍ പരാജിതനാകുന്ന തോമസിന്‍റെ ജ്ഞാനതൃഷ്ണയായിരുന്നു. സ്നേഹിക്കുക, സ്നേഹത്തിന്‍റെ ശക്തിയില്‍ വിശ്വസിക്കുക. ഇതായിരുന്നു യേശുവിന്‍റെ അഭ്യര്‍ത്ഥന. ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള സ്നേഹം തെളിയിക്കാന്‍ എന്തത്ഭുതമാണ് ആവശ്യമായിട്ടുള്ളത്. God loves you, believe and be saved എന്നതാണ് യോഹന്നാന്‍ അവതരിപ്പിക്കുന്നതായ തത്ത്വചിന്ത.

ഒരാള്‍ എന്നെ സ്നേഹിക്കാനുണ്ട് എന്ന ബോധ്യം മതി, വര്‍ഷങ്ങളോളം കാത്തിരിക്കാനും ജീവിക്കാനും. ജയിലില്‍ കിടന്ന ചില വ്യക്തിക്കളെക്കുറിച്ച് കേട്ടിട്ടില്ലേ. വായുവും വെളിച്ചവും കടക്കാത്ത ജയിലറയില്‍ ഭക്ഷണം വളരെ കമ്മി. എന്നിട്ടും അവര്‍ വര്‍ഷങ്ങളോളം ഭ്രാന്തുപിടിക്കാതെ അതില്‍ കഴിഞ്ഞുകൂടി. “ഇതെങ്ങനെ സാധിച്ചു?” മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി. ‘ആ ജയില്‍ മുറിയില്‍ക്കിടന്നുകൊണ്ട് എന്നും എന്നെ സ്നേഹക്കുന്ന കുടുംബത്തിന്‍റെയും മക്കളുടെയും സ്നേഹ സങ്കല്പങ്ങളില്‍ അനുദിനം പകലന്തിയോളം ജീവിക്കുകയായിരുന്നു.’ സ്നേഹത്തിന്‍റെ സങ്കല്പത്തില്‍ ആശ്രയിക്കാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. തോമസ്സിന്‍റെ പിടിവാശിക്കു മുന്നില്‍ ക്രിസ്തു തോറ്റുപോയതുപോലെ. എന്നാല്‍ ദൈവം നമ്മെ സ്നേഹക്കുന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്, ക്രിസതു തുറന്നു കാണിച്ച അവിടുത്തെ തിരുവിലാവ്.
ഒരിക്കല്‍ ജീവന കലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത് ഇങ്ങനെയാണ്. “ഗുരുക്കന്മാര്‍ കൂടുതല്‍ സംശയങ്ങള്‍ ശിഷ്യന്മാരുടെ മുന്നിലേയ്ക്ക് എറിഞ്ഞു കൊടുക്കുകയാണ്. സംശയത്തിലൂടെ നീങ്ങി നീങ്ങി ലഭിക്കുന്ന വിശ്വാസമാണ് സത്യസന്ധമായിരിക്കുക. ഒരു സംശയവുമില്ലാത്തവന്‍ വിശ്വാസമില്ലാത്തവനാണ്. The trust that moves through doubt will be genuine.” അതായത് പ്രതിസന്ധികളിലും പ്രയാസങ്ങളിലും ബലപ്പെട്ടു കിട്ടുന്ന വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം.

ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന ഏഷ്യാ ഭൂഖണ്ഡം ശ്രേഷ്ഠമതങ്ങളുടെയും ആത്മീയാചാരങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രഭവസ്ഥാനമാണല്ലോ.

ഏഷ്യയില്‍ ഇന്ന് മുമ്പൊരിക്കലും ഉണ്ടാകാത്ത സാമ്പത്തിക വളര്‍ച്ചയും സാമൂഹിക പരിവര്‍ത്തനവും നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ കത്തോലിക്കര്‍ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും വാഗ്ദാനവും സാക്ഷികളുമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഈ ഐക്യം, മനുഷ്യന് ദൈവത്തോടുള്ള ഐക്യവും, മനുഷ്യര്‍ തമ്മില്‍ തമ്മിലുമുള്ള കൂട്ടായ്മയുമാണ്. ക്രിസ്തുവിനുമാത്രം സാധ്യമാകുന്ന ഈ ഐക്യം ആസ്വദിക്കാന്‍ മാനവകുടുംമ്പം ഒന്നാകെ വിളിക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്തങ്ങളായ ജനസമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമസ്ഥാനമായ ഏഷ്യാഭൂഖണ്ഡത്തില്‍ മാനവകുലത്തിന്‍റ സാര്‍വ്വത്രിക രക്ഷകനായ ക്രിസ്തുവിന് സാക്ഷൃംനല്കുക എന്ന ശ്രേഷ്ഠമായ ദൗത്യം നമ്മില്‍ നിക്ഷിപ്തമാണ്. സഭയ്ക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സേവനവും സമ്മാനവുമാണ് ക്രിസ്തു-സാക്ഷൃം. സാക്ഷൃമേകുക എന്ന ക്രിസ്തുവന്‍റെ അന്തിമവും ഉദാത്തവുമായ കല്‍പന നിറവേറ്റുന്നതിലുള്ള പരിശ്രമത്തില്‍, നവോന്മേഷവും പ്രോത്സാഹനവും പകരാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

ഉത്ഥിതനായ ക്രിസ്തുവിനും അവിടുത്തെ തിരുവചനത്തിന്‍റെ ജീവദായകമായ സത്യത്തിനും സന്തോഷപൂര്‍വ്വം സാക്ഷൃംവഹിക്കുവാന്‍ ഈസ്റ്റര്‍ക്കാലം നമ്മെ സഹായിക്കട്ടെ.







All the contents on this site are copyrighted ©.