05 ഏപ്രില്‍ 2013, വത്തിക്കാന്‍ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍റെ വാര്‍ഷിക
പൊതുസമ്മേളനം ഏപ്രില്‍ 8 മുതല്‍ 12 വരെ വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍
നടക്കും. വാര്‍ഷിക പൊതുസമ്മേളത്തിന് നേതൃത്വം നല്‍കുന്നത് വിശ്വാസകാര്യങ്ങള്‍ക്കായുള്ള
വത്തിക്കാന്‍ സംഘത്തിന്‍റേയും പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍റേയും അദ്ധ്യക്ഷനായ
ആര്‍ച്ചുബിഷപ്പ് ജെറാര്‍ഡ് ലുഡ്വിങ്ങ് മുള്ളറാണ്. “ബൈബിളിലെ സത്യവും ബൈബിള്‍ രചനയുടെ
പ്രചോദനവും” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പൊതുസമ്മേളനത്തിലെ ചര്‍ച്ചകളും വിശകലനങ്ങളും
നടക്കുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പ്രമേയത്തെക്കുറിച്ച് ബിബ്ലിക്കല്‍ കമ്മീഷന്‍
പഠനം നടത്തിവരുകയാണെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
വിശ്വാസ സമൂഹത്തിന് ദൈവവചനത്തെ സംബന്ധിച്ച് കൂടുതല്‍ ഗ്രാഹ്യമേകാനും ബൈബിളിലെ വിവിധ ഗ്രന്ഥങ്ങളുടെ
ദൈവനിവേശിത രചനയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാനുമുള്ള ശ്രമമാണ് ഈ പഠനമെന്നും വാര്‍ത്താക്കുറിപ്പ്
വ്യക്തമാക്കി.