2013-04-03 16:48:39

കണ്ണീരിന്‍റെ തെളിവില്‍
ഉത്ഥിതനെ കണ്ടെത്താമെന്ന്


3 ഏപ്രില്‍ 2013, വത്തിക്കാന്‍
കണ്ണീരിന്‍റെ തെളിവില്‍ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടവളാണ് മഗ്ദലയിലെ മറിയമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഏപ്രില്‍ രണ്ടാം തിയതി രാവിലെ വത്തിക്കാനില്‍ തന്‍റെ വസതിയായ കാസാ മാര്‍ത്തായിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള സുവിശേഷ ചിന്തയിലാണ്
പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സമൂഹത്തിലെ നീതിമാന്മാരെന്നു നടിക്കുന്നവരാല്‍ ചൂഷണംചെയ്യപ്പെട്ട മേരി തന്‍റെ നിരവധിയായ പാപങ്ങളും പേറിക്കൊണ്ടാണ് ക്രിസ്തുവിന്‍റെ സന്നിധിയില്‍ മാപ്പും കാരുണ്യവും തേടിയെത്തിയതെന്നും, അധികം സ്നേഹിച്ച അവളുടെ നിരവധി പാപങ്ങള്‍ ക്രിസ്തു കഴുകിക്കളഞ്ഞുവെന്ന് പാപ്പാ അന്നത്തെ സുവിശേഷത്തെ ആധാരാമാക്കി വിവരിച്ചു.

തനിക്ക് പാപപൊറുതി നല്കി സാന്ത്വനമായ ക്രിസ്തു ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ മഗ്ദലയിലെ മറിയം ജീവിതത്തിന്‍റെ ഇരുണ്ട യാമങ്ങളിലേയ്ക്ക് കടന്ന്, വീണ്ടും പ്രത്യാശയറ്റവളായെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതാ അവളുടെ കണ്ണീരിലൂടെ ഉത്ഥിതനെ കാണാനുള്ള ഭാഗ്യം മറിയത്തിന് ലഭിക്കുന്നു. ജീവിതത്തിന്‍റെ വേദനാജനകമായ നിമിഷങ്ങളില്‍ മറിയത്തെപ്പോലെ ക്രിസ്തുവിന്‍റെ സന്നിധിയിലേയ്ക്കു തിരിയാന്‍ നമുക്കു സാധിക്കണമെന്നും, അവള്‍ക്കു ലഭിച്ചതുപോലുള്ള കണ്ണീരിന്‍റെ കൃപ നമുക്കും നേടാമെന്നും പാപ്പാ കപ്പേളയില്‍ സന്നിഹിതരായിരുന്ന സമൂഹത്തോട് ആഹ്വാനംചെയ്തു.

ഉത്ഥിതന്‍റെ മുന്നില്‍ മറിയത്തെപ്പോലെ നമുക്കു കണ്ണീരൊഴുക്കാം,
നമ്മുടെ പാപങ്ങളോര്‍ത്തും, ദൈവത്തിന്‍റെ കൃപകളോര്‍ത്തും
ദുഃഖത്തിന്‍റെയും സന്തോഷത്തിന്‍റെ അശ്രുകണങ്ങള്‍ ഒരുപോലെ പൊഴിക്കാം,
മറിയത്തിനെന്നപോലെ നമുക്കും കര്‍ത്താവ് തന്‍റെ തിരുമുഖദര്‍ശനം നല്കും, നമ്മെ അനുഗ്രഹിക്കും എന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.