2013-04-02 14:39:35

ഫ്രാന്‍സിസ് മാര്‍പാപ്പ വി.പത്രോസിന്‍റെ ശവകുടീരം സന്ദര്‍ശിച്ചു


02 ഏപ്രില്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ വി.പത്രോസിന്‍റെ ബസിലിക്കയുടെ താഴെയുള്ള ഭൂഗര്‍ഭ അറകള്‍ സന്ദര്‍ശിച്ചു. ഈസ്റ്റര്‍ തിങ്കളാഴ്ച വൈകീട്ടാണ് വി.പത്രോസിന്‍റെ ശവകുടീരം ഉള്‍പ്പെടെയുള്ള ക്രൈസ്തവ ചരിത്രസ്മരണകള്‍ കുടികൊള്ളുന്ന ഭൂഗര്‍ഭ അറകളിലേക്ക് മാര്‍പാപ്പ സ്വകാര്യ സന്ദര്‍ശനം നടത്തിയത്. വി.പത്രോസിന്‍റെ ബസിലിക്കയിലെ മുഖ്യപുരോഹിതന്‍ കര്‍ദിനാള്‍ ആഞ്ചലോ കൊമാസ്ത്രി മാര്‍പാപ്പയോടൊപ്പമുണ്ടായിരുന്നു. ഈ ചരിത്രാവശിഷ്ടങ്ങളുടെ ഖനന ചുമതലയുള്ള ഡോ.പിയെത്രോ സാന്‍ഡര്‍, മാരിയോ ബോസ്ക്കോ എന്നീ പുരാവസ്തു ശാസ്ത്രജ്ഞര്‍ ഭൂഗര്‍ഭ അറയെ സംബന്ധിച്ച ചരിത്രപരവും ശാസ്ത്രീയവുമായ വസ്തുതകളും കണ്ടെത്തലുകളും മാര്‍പാപ്പയോട് വിവരിച്ചു. ഭൂഗര്‍ഭ അറയിലെ സന്ദര്‍ശനത്തിനു ശേഷം വത്തിക്കാന്‍ ഗ്രോട്ടോയിലേക്കും കാല്‍നടയായി പാപ്പയെത്തി.
ഇരുപതാം നൂറ്റാണ്ടിലെ മാര്‍പാപ്പമാരുടെ ശവകുടീരങ്ങളും പാപ്പ സന്ദര്‍ശിച്ചു. ബെനഡിക്ട് പതിനഞ്ചാമന്‍, പതിനൊന്നാം പീയൂസ്, പന്ത്രണ്ടാം പീയൂസ്, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍ എന്നീ മാര്‍പാപ്പമാരുടെ ശവകുടീരങ്ങള്‍ക്കു മുന്‍പില്‍ ഫ്രാന്‍സിസ് ആദരപൂര്‍വ്വം നിന്നു.
ഏകദേശം 45 മിനിറ്റ് നീണ്ട സന്ദര്‍ശനാനന്തരം വത്തിക്കാനിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് ഏതാനും നിമിഷ നേരം സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ട മാര്‍പാപ്പ തുടര്‍ന്ന് സാന്താ മാര്‍ത്താ മന്ദിരത്തിലേക്ക് മടങ്ങി.








All the contents on this site are copyrighted ©.