2013-04-02 14:40:45

ഫാ.കെ.ജി.തോമസിന്‍റെ കൊലപാതകത്തില്‍ ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ്പിന് നടുക്കം


02 ഏപ്രില്‍ 2013, ബാംഗ്ലൂര്‍
ഫാ. കെ. ജെ. തോമസിന്‍റെ(63) കൊലപാതകത്തില്‍ ബാഗ്ലൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍നാര്‍ഡ് മോറാസ് നടുക്കം രേഖപ്പെടുത്തി. ഏപ്രില്‍ ഒന്നിനാണ് ബാംഗ്ലൂരിലെ മല്ലേശ്വരം സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ മുറിയില്‍ ഫാ.തോമസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫാ.തോമാസിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പൈശാചികമായ കുറ്റകൃത്യമാണ് അദ്ദേഹത്തിനു നേരെ നടന്നതെന്ന് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. മിതഭാഷിയും സമാധാനപ്രിയനുമായിരുന്നു കൊല്ലപ്പെട്ട ഫാ.തോമാസെന്നും ആര്‍ച്ചുബിഷപ്പ് മോറാസ് അനുസ്മരിച്ചു. സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍ രണ്ടാം വട്ടം റെക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം നികത്താനാവാത്ത വിടവാണെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. ബാഗ്ലൂര്‍ അതിരൂപതയുടേയും കര്‍ണ്ണാടകയിലെ മറ്റു രൂപതകളുടേയും പേരില്‍ ആര്‍ച്ചുബിഷപ്പ് ബെര്‍നാര്‍ഡ് മോറാസ് ഫാ.തോമസിന്‍റെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തി.
ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ എംബാം ചെയ്ത ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹം പൗരോഹിത്യ ശുശ്രൂഷ ചെയ്തിരുന്ന ഊട്ടി രൂപതയിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച ഊട്ടി രൂപതാകേന്ദ്രത്തില്‍ അദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ജനന്മ നാടായ ഏറ്റുമാനൂരില്‍ മൃതസംസ്ക്കാര ശുശ്രൂഷ നടത്തും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഏറ്റുമാനൂര്‍ കൊടുവത്താനം സെന്‍റ് ജോസഫ്സ് പള്ളിയിലാണ് അന്തിമോപചാര ശുശ്രൂഷ.
കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ് ടൗണ്‍ (ക്നാനായ) ഇടവക പഴയമ്പള്ളില്‍ (കൊച്ചുപുരയില്‍) പി.എം. ജോസഫിന്‍റേയും ഏലിക്കുട്ടിയുടേയും ഇളയ പുത്രനാണ് വധിക്കപ്പെട്ട ഫാ.തോമസ്.








All the contents on this site are copyrighted ©.