2013-04-02 14:50:21

ഉത്ഥിതനായ ക്രിസ്തുവിന്‍റെ വിജയം സ്വജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുക: മാര്‍പാപ്പ


01 ഏപ്രില്‍ 2013, വത്തിക്കാന്‍

(ഈസ്റ്റര്‍ തിങ്കളാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)

പ്രിയ സഹോദരീ സഹോദരന്‍മാരേ,

നിങ്ങള്‍ക്കേവര്‍ക്കും ഉത്ഥാന മഹോത്സവത്തിന്‍റെ മംഗളങ്ങള്‍. ഉയിര്‍പ്പുത്തിരുന്നാളിന്‍റെ ആനന്ദം പങ്കുവയ്ക്കാനായി ഇവിടെ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഇത്രയേറെ പേര്‍ ഇന്നിവിടെ വന്നതില്‍ എനിക്കേറെ ആനന്ദമുണ്ട്. നമ്മുടെ വിശ്വാസത്തിന്‍റെ കേന്ദ്രമാണ് ഉത്ഥാന മഹോത്സവം. എല്ലാവര്‍ക്കും, വിശിഷ്യ സഹനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്, ഉത്ഥിതനായ ക്രിസ്തുവിന്‍റെ കരുത്ത് ലഭിക്കട്ടെയെന്ന് നമുക്കാശംസിക്കാം. വിശ്വാസവും പ്രത്യാശയും ഏറ്റവും കൂടുതല്‍ ആവശ്യമായിട്ടുള്ള സാഹചര്യങ്ങളില്‍ ആയിരിക്കുന്നവര്‍ക്കും ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൃപ ലഭിക്കുമാറാകട്ടെ.
ക്രിസ്തു തിന്‍മയ്ക്കുമേല്‍ പരിപൂര്‍ണ്ണമായി വിജയം നേടി. അവിടുത്തെ സുനിശ്ചിതമായ വിജയം നാം സ്വജീവിതത്തില്‍ സ്വീകരിക്കണം. ക്രിസ്തുവിന്‍റെ വിജയം നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ചരിത്രത്തിലും നാം യാഥാര്‍ത്ഥ്യമാക്കണം.
ഇന്നത്തെ ആരാധനാക്രമത്തില്‍ ദൈവത്തോട് നാം ഉന്നയിക്കുന്ന ഒരാവശ്യം ഇവിടെ എടുത്തു പറയാന്‍ ഞാനാഗ്രഹിക്കുകയാണ്. “നവ തനയരെ നല്‍കിക്കൊണ്ട് തന്‍റെ സഭയെ പരിപോഷിപ്പിക്കുന്ന പിതാവായ ദൈവമേ, വിശ്വാസത്തില്‍ അവര്‍ സ്വീകരിച്ച കൂദാശകള്‍ സ്വജീവിതത്തിലൂടെ പ്രകടമാക്കാന്‍ അവര്‍ക്കു കൃപയേകേണമേ” എന്ന് നാം പ്രാര്‍ത്ഥിക്കുന്നു.
നമ്മെ ദൈവമക്കളാക്കുന്ന ജ്ഞാസ്നാനവും ക്രിസ്തുവിനോട് ഒന്നിപ്പിക്കുന്ന ദിവ്യകാരുണ്യവും നമ്മുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകണം. ഈ കൂദാശകളുടെ ഫലം നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലും, തീരുമാനങ്ങളിലും, പ്രവര്‍ത്തികളിലും ദൃശ്യമാകണം. പെസഹാകൂദാശകളിലൂടെ നമുക്ക് കരഗതമാകുന്ന കൃപ നമ്മെ പരിവര്‍ത്തനത്തിലേക്ക് നയിക്കാന്‍ കരുത്തുള്ളതാണ്. നമ്മുടെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും സാമൂഹ്യബന്ധങ്ങളേയും പരിവര്‍ത്തനം ചെയ്യാന്‍ കരുത്തുള്ള കൃപയാണത്. പക്ഷെ മനുഷ്യഹൃദയത്തിലൂടെയാണ് കൃപ പ്രവര്‍ത്തിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൃപ എന്നിലേക്ക് പ്രവേശിക്കാന്‍ ഞാന്‍ അനുവദിക്കണം. ആ കൃപയാല്‍ പരിവര്‍ത്തനം ചെയ്യപ്പെടാന്‍ സ്വയം അനുവദിക്കണം. മറ്റുള്ളവര്‍ക്കും എനിക്കു തന്നെയും ഉപദ്രവകരമായ കാര്യങ്ങള്‍ ദൈവ കൃപയാല്‍ എന്നില്‍നിന്നു നീക്കം ചെയ്യാന്‍ ഞാന്‍ അനുവദിക്കണം. ഉത്ഥിതനായ ക്രിസ്തു എന്‍റെ ജീവിതത്തില്‍ വിജയിതനാകുവാനും അവിടുന്ന് എന്നില്‍ പ്രവര്‍ത്തിക്കാനും ഞാന്‍ അനുവദിക്കണം. അതാണ് കൃപയുടെ കരുത്ത്. അങ്ങനെയാണ് കൃപയുടെ കരുത്ത് നാം ദര്‍ശിക്കുന്നത്. കൃപകൂടാതെ ഒന്നും ചെയ്യുവാന്‍ നമുക്ക് സാധിക്കില്ല. ജ്ഞാനസ്നാനത്തിന്‍റേയും പരിശുദ്ധ കുര്‍ബ്ബാനയുടേയും കൃപയിലൂടെ നമുക്ക് ദൈവ കാരുണ്യത്തിന്‍റെ ഉപകരണങ്ങളായി മാറാം.

നാം സ്വീകരിച്ച കൂദാശകള്‍ നമ്മുടെ ജീവിതത്തില്‍ ദൃശ്യമാകണം. എന്‍റെ പ്രിയ സഹോദരരേ, നമ്മുടെ അനുദിന കര്‍ത്തവ്യമാണത്. ദൈനംദിന ജീവിത്തതില്‍ നമ്മുടെ ആനന്ദവും അതു തന്നെയാണ്. ക്രിസ്തുവിന്‍റെ കൃപയുടെ ഉപകരണങ്ങളാണ് നാം എന്ന് അനുഭവിച്ചറിയുന്നത് ആനന്ദകരമല്ലേ? ക്രിസ്തുവാകുന്ന ജീവല്‍വൃക്ഷത്തിന്‍റെ ശാഖകളാണ് നാമെന്നും ദൈവാത്മാവിനാല്‍ നാം പരിപോഷിപ്പിക്കപ്പെടുന്നുവെന്നും തിരിച്ചറിയുന്നത് നമുക്ക് ആനന്ദം പ്രദാനം ചെയ്യില്ലേ?

പീഡകള്‍ സഹിച്ച് മരിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ നാമത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മധ്യസ്ഥതയില്‍ ശരണം തേടിക്കൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം. പെസഹാരഹസ്യങ്ങള്‍ നമ്മില്‍ പൂവണിയുന്നതിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്വേഷത്തിനു പകരം സ്നേഹവും, അസത്യത്തിനു പകരം സത്യവും, പ്രതികാരത്തിനു പകരം ക്ഷമയും ദുഃഖത്തിനുപകരം ആനന്ദവും വിളങ്ങുന്നതിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.