2013-03-31 19:55:11

സമാധാനാഹ്വാനവുമായി
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ഈസ്റ്റര്‍ സന്ദേശം


Urbi et Orbi Message at Easter
റോമാ നഗരത്തിലും ലോകമെമ്പാടുമുള്ള സഹോദരങ്ങളേ, ഉത്ഥാനമഹോത്സവ ആശംസകള്‍ !
ക്രിസ്തു ഉത്ഥാനംചെയ്തൂ, എന്ന് പ്രഘോഷിക്കാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഈ സദ്വാര്‍ത്ത എല്ലാ ഭവനങ്ങളിലും കുടുംബങ്ങളിലും, വിശിഷ്യാ ആശുപത്രികളിലും, ജയിലുകളിലും വേദനിക്കുന്നവരുടെ പക്കല്‍ എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സര്‍വ്വോപരി അത് എല്ലാ മനുഷ്യഹൃദയങ്ങളിലും എത്തട്ടെ, ക്രിസ്തു ഉത്ഥാനംചെയ്തു, ഇനി നിങ്ങളില്‍ ആശയ്ക്കു വകയുണ്ട് നിങ്ങള്‍ തിന്മയുടെയും പാപത്തിന്‍റെയും ആധീനതയിലല്ല.

സ്നേഹം ജീവിക്കുന്നു, കാരുണ്യം വര്‍ഷിക്കപ്പെടുന്നു – ദൈവിക കാരുണ്യം എന്നും നിലനില്ക്കുന്നു.
കല്ലറയിലെത്തിയപ്പോള്‍ അത് ശൂന്യമായിരിക്കുന്നതു കണ്ട ക്രിസ്തുവിന്‍റെ ശിഷ്യഗണത്തില്‍പ്പെട്ട സ്ത്രീകളെപ്പോലെ ഉത്ഥാനത്തിന്‍റെ പൊരുളെന്തെന്ന് നാമും ചോദിക്കാം (ലൂക്കാ 24, 4)
ക്രിസ്തു ഉത്ഥാനംചെയ്തുവെന്നതിന്‍റെ അര്‍ത്ഥമെന്താണ്?

തിന്മയെയും മരണത്തെയുംകാള്‍ ശക്തമാണ് ദൈവസ്നേഹം - എന്നാണ് ഇതിനര്‍ത്ഥം.
ദൈവസ്നേഹത്തിന് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനംചെയ്യാമെന്നും, പാപത്താല്‍ വിജനമായ നമ്മുടെ ഹൃദയങ്ങളില്‍ സുകൃതത്തിന്‍റെ പൂക്കള്‍ വിരിയിക്കാമെന്നും അതിനര്‍ത്ഥമുണ്ട്.
അതേ, ദൈവസ്നേഹം അപാരമാണ്. താഴ്മയിലും മരണത്തോളമുള്ള ത്യാഗത്തിലും,
ദൈവത്തില്‍നിന്നും മനുഷ്യനെ വേര്‍പെടുത്തുന്ന തിന്മയുടെ അതിര്‍ത്തികളിലേയ്ക്കാണ് മനുഷ്യപുത്രന്‍ ദൈവികസ്നേഹവുമായി കടന്നുവന്നത്. ആ ദൈവിക സ്നേഹംതന്നെയാണ് ക്രിസ്തുവിന്‍റെ മൃതഗാത്രത്തെ രൂപാന്തരപ്പെടുത്തി, ഉയിര്‍പ്പിച്ച് നിത്യതിയിലേയ്ക്ക് ആനയിച്ചത്.

ഉത്ഥാനാനന്തരം ക്രിസ്തു ഭൂമിയിലേയ്ക്കു മടങ്ങിയില്ല, ദൈവമഹത്വം പുല്‍കുകയായിരുന്നു. അവിടുന്ന് നമുക്കായി പ്രത്യാശയുടെ ഭാവി തുറക്കുകയായിരുന്നു. മനുഷ്യഭാവത്തിലാണ് അവിടുന്ന് സ്വര്‍ഗ്ഗീയ മഹത്വം പൂകിയത്. ഈസ്റ്ററിന്‍റെ പൊരുള്‍ ഇതാണ്: അതൊരു പുറപ്പാടാണ്. തിന്മയുടെയും പാപത്തിന്‍റെയും അടിമത്വത്തില്‍നിന്നും സ്നേഹത്തിലേയ്ക്കും നന്മയിലേയ്ക്കുമുള്ള കടന്നുപോക്കാണത്.
കാരണം ദൈവം ജീവനാണ്, അവിടുന്ന് നിത്യജീവനാണ്. ദൈവിക ജീവന്‍ മനുഷ്യരില്‍ അധിവസിക്കുന്നു (ഇറനേവൂസ്, പാഷണ്ഡതകള്‍ക്കെതിരെ 4, 20, 5-7).

പ്രിയ സഹോദരരേ, ക്രിസ്തു മരിച്ച്, എന്നേയ്ക്കുമായി ഉത്ഥാനംചെയ്തു. തിന്മയുടെ അടിമത്വത്തില്‍നിന്നും നമ്മെ നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്ന ഈ ഉത്ഥാനപ്രഭയും കടന്നുപോക്കും എല്ലായുഗങ്ങളിലും എക്കാലവും അനുദിന ജീവിത മേഖലകളില്‍ യാഥാര്‍ത്ഥ്യമാകേണ്ടതാണ്. എത്രയോ മരുഭൂമികളാണ് മനുഷ്യര്‍ക്ക് ഇനിയും മറികടക്കാനുള്ളത്!
സര്‍വ്വോപരി, ഹൃദയാന്തരാളത്തില്‍ ദൈവസ്നേഹമില്ലായ്മയുടെയും സഹോദരസ്നേഹമില്ലായ്മയുടെയും മരുഭൂമി വ്യാപിക്കുമ്പോള്‍ നാമാണ് ദൈവം ഭരമേല്പിച്ച സൃഷ്ടിയുടെയും, അവിടുന്ന് ലോകത്ത് വര്‍ഷിക്കുന്നതുമായ നന്മകളുടെയും സംരക്ഷകര്‍ എന്നു മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു.
മരുഭൂമിയില്‍ മരുപ്പച്ച വിരിയിക്കാനും, ഉണങ്ങിയ അസ്ഥിക്ക് ജീവന്‍ നല്കാനും ദൈവിക കാരുണ്യത്തിനു കഴിയും (എസേക്കിയ 37, 1-14).

ആകയാല്‍ പുനരുത്ഥാനത്തിന്‍റെ കൃപാസ്പര്‍ശം ഏവരും സ്വീകരിക്കണം എന്ന ക്ഷണമാണ് ഞാന്‍ മുന്നോട്ടു വയ്ക്കുന്നത്. ദൈവിക കാരുണ്യത്താല്‍ നമുക്ക് നവീകൃതരാകാം. ക്രിസ്തു നമ്മെ സ്നേഹിക്കട്ടെ ! അവിടുത്തെ സ്നേഹത്തിന്‍റെ ശക്തി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും,
ദൈവം ഭൂമിയെ നനച്ച് സൃഷ്ടിയെ സംരക്ഷിക്കാന്‍ പോരുന്ന വിധത്തില്‍ സമാധാനവും നീതിയും ഈ ഭൂമുഖത്ത് സമൃദ്ധമാകട്ടെ. ആകയാല്‍ വിദ്വേഷത്തെ സ്നേഹമായും, പകയെ ക്ഷമയായും, യുദ്ധത്തെ സമാധാനമായും മാറ്റേണമേ എന്ന് മരണത്തെ ജീവനാക്കിയ ഉത്ഥിതനായ ക്രിസ്തുവിനോട് യാചിക്കാം.

അതേ, ക്രിസ്തുവാണ് നമ്മുടെ സമാധാനം, അവിടുന്നിലൂടെ സകലത്തിന്‍റെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു : മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം വളരുന്നതിന്, പ്രത്യേകിച്ച് ഇസ്രായേല്‍ പലസ്തീന്‍ രാജ്യങ്ങള്‍ തമ്മില്‍ സമവായത്തിന്‍റെ പാത കണ്ടെത്താന്‍ വിഷമിക്കുന്ന ഈ ഘട്ടത്തില്‍
സൗഹൃദത്തോടും ധൈര്യത്തോടുംകൂടെ അനുരജ്ഞന മാര്‍ഗ്ഗങ്ങള്‍ തുറക്കുന്നതിനും, സുദീര്‍ഘമായ സംഘട്ടനം അവസാനിപ്പിക്കുന്നതിനും ഇടയാക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം.



ഇറാക്കില്‍ സമാധാനം വളരട്ടെ. അധിക്രമങ്ങള്‍ക്ക് അറുതിവരട്ടെ. കലാപത്താല്‍ ചിഹ്നഭിന്നമായ സിറിയയും പ്രശാന്തമാവട്ടെ. സമാശ്വാസം തേടുന്ന അഭയാര്‍ത്ഥികള്‍ക്ക് അര്‍ഹിക്കുന്ന സഹായം ലഭിക്കാന്‍ ഇടയാക്കണമേ. എത്രത്തോളമാണ് ഈ രക്തച്ചൊരിച്ചില്‍! രാഷ്ട്രീയ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും മുന്‍പേ ഇനിയും എത്രത്തോളം യാതനകള്‍ക്കും പ്രശ്നങ്ങള്‍ക്കുമാണ് പരിഹാരം കാണാന്‍ വൈകിയിരിക്കുന്നത്?

ഇനിയും അധിക്രമങ്ങളുടെ വേദിയായിരിക്കുന്ന ആഫ്രിക്കയ്ക്കും സമാധാനം നേരുന്നു.
മാലിയില്‍ ഐക്യവും സുസ്ഥിതിയും പുനഃസ്ഥാപിക്കപ്പെടട്ടെ; നിര്‍ഭാഗ്യവശാല്‍ നൈജീരിയയില്‍ ആക്രമണങ്ങള്‍ തുടരുകയും നിര്‍ദ്ദോഷികളായ ജനങ്ങള്‍ ഭീഷണിയിലും, കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഭീകരരുടെ ബന്ധനത്തില്‍ ഇപ്പോഴും കഴിയുകയുമാണ്. അവരെ സമാശ്വസിപ്പിക്കണമേ.

ആഫ്രിക്കന്‍ കോങ്കോയ്ക്കുവേണ്ടിയും മദ്ധ്യാഫ്രിക്കയിലെ റിപ്പബ്ലിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. ഏഷ്യയില്‍, വിശിഷ്യാ കൊറിയ ഉപദ്വീപില്‍ സമാധാനം വിരിയട്ടെയെന്നും, വിയോജിപ്പുകള്‍ മറന്ന് അവിടെ അനുരജ്ഞനത്തിന്‍റെ നവചൈതന്യം വളരട്ടെയെന്നും പ്രത്യേകം പ്രാര്‍ത്ഥിക്കാം.

ആര്‍ത്തികൊണ്ടും ലാഭേച്ഛകൊണ്ടും അധിക്രമങ്ങളാല്‍ വിഭജിതമായ ലോകത്തിന് സമാധാനം നേരുന്നു.
സ്വാര്‍ത്ഥതയുടെ മുറിപ്പാട് മനുഷ്യജീവിതങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും എന്നും ഭീഷണിയാണ്.
നവയുഗത്തിലെ അടിമത്വത്തിന്‍റെ വ്യത്യസ്ത രൂപമായ മനുഷ്യക്കച്ചവടത്തിന് സ്വാര്‍ത്ഥതയില്‍ മുതിരുന്ന ലോകത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം. മയക്കുമരുന്നു കച്ചവടവും പ്രകൃതി വിഭവങ്ങളുടെ നിരന്തരമായ ചൂഷണവുമായി ബന്ധപ്പെട്ട് അധിക്രമങ്ങളാല്‍ കീറിമുറിക്കപ്പെട്ട ഭൂമിയില്‍ സമാധാനം പുലരട്ടെ. പ്രകൃതിക്ഷോഭങ്ങള്‍ക്ക് വിധേയരായവരെ ഉത്ഥിതനായ കര്‍ത്താവ് സമാശ്വസിപ്പിച്ച് നമ്മെ പ്രകൃതിയുടെ ഉത്തരവാദിത്വമുള്ള പരിപാലകരാക്കട്ടെ.

റോമിന്‍റെയും ലോകത്തിന്‍റെയും വിവിധ ഭാഗങ്ങളില്‍നിന്നുകൊണ്ട് എന്നെ ശ്രവിക്കുന്ന
പ്രിയ സഹോദരങ്ങളേ, ഞാന്‍ സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ നിങ്ങളെ അഭിസംബോധന ചെയ്യട്ടെ.
“കര്‍ത്താവിന് നന്ദി പ്രകാശിപ്പിക്കുവിന്‍ എന്തെന്നാല്‍ അവിടുന്ന് നല്ലവനാണ്. അവിടുത്തെ സ്നേഹം ശാശ്വതമാണ്. ഇസ്രായേല്‍ പറയട്ടെ, അവിടുത്തെ സ്നേഹം എന്നേയ്ക്കും നിലനില്ക്കുന്നു” (സങ്കീര്‍ത്തനം 117, 1-2).

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും ക്രൈസ്തവീകതയുടെ ഹൃദയമായ വത്തിക്കാനിലെ ചത്വരത്തില്‍ എത്തുകയും മാധ്യമങ്ങളിലൂടെ ഇതില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഏവര്‍ക്കും എന്‍റെ ഈസ്റ്റര്‍ ആശംസകള്‍! നവമായ ചൈതന്യത്തോടെ ഈ സുദിനം നല്കുന്ന സന്തോഷത്തിന്‍റേയും പ്രത്യാശയുടേയും സമാധാനത്തിന്‍റേയും സന്ദേശം നിങ്ങളുടെ കുടുംബങ്ങളിലും നാടുകളിലും എത്തിക്കുക.
മരണത്തേയും പാപത്തേയും കീഴടക്കിയ ഉത്ഥിതനായ ക്രിസ്തു നമുക്കെല്ലാവര്‍ക്കും, വിശിഷ്യാ പാവങ്ങള്‍ക്കും പരിത്യക്തര്‍ക്കും തുണയാവട്ടെ. നിങ്ങളുടെ സാന്നിദ്ധ്യത്തിനും വിശ്വാസ സാക്ഷൃത്തിനും നന്ദി!

മനോഹരമായ പൂക്കള്‍ ഇവിടെ എത്തിച്ച നെതര്‍ലണ്ടുകാരെ ഓര്‍ത്ത് പ്രത്യേകം നന്ദിപറയുന്നു.

ഉത്ഥിതനായ ക്രിസ്തു ലോകം മുഴുവനെയും നീതിയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പാതിയല്‍ നയിക്കട്ടെ എന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ ആശംസിക്കുന്നു!

+ പാപ്പാ ഫ്രാന്‍സിസ്








All the contents on this site are copyrighted ©.