2013-03-31 14:23:08

പൊറുക്കാനാവാത്ത പാപമില്ല
മറക്കാനാവാത്ത മനസ്സുമില്ല തുറവുണ്ടെങ്കില്‍ മാത്രം


31, മാര്‍ച്ച് 2013, വത്തിക്കാന്‍
(പെസഹാ ജാഗരപൂജയില്‍ പാപ്പാ ഫ്രാന്‍സ്സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗം)

മൃതരുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിക്കുക, സുഖന്ധദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക എന്നത് എല്ലാ സംസ്ക്കാരത്തിലുമുള്ള പാരമ്പര്യമാണ്. ഈസ്റ്റര്‍ പ്രഭാതത്തില്‍ സുഗന്ധദ്രവ്യങ്ങളുമായി സ്ത്രീകള്‍ ക്രിസ്തുവിന്‍റെ കല്ലറയിങ്കലേയ്ക്കു പോയെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു
(ലൂക്ക 24, 1-3). കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ പ്രവൃത്തി.
നമ്മില്‍നിന്ന് വേര്‍പിരിഞ്ഞു പോയവര്‍ക്കായി നാമും ഇതുതന്നെയാണ് ചെയ്യുക. ഈ സ്ത്രീകള്‍ അവരുടേതായ അന്തസ്സില്‍ ക്രിസ്തുവിനെ വിശ്വസ്തതയോടെ പിന്‍തുടര്‍ന്നവരാണ്. അവസാനം കാല്‍വരിയിലെ കുരിശിന്‍ ചുവടുവരെയും, അവിടുത്തെ അന്തിമോപചാരംവരെയ്ക്കും അവര്‍ അവിടുത്തെ പിന്‍തുടര്‍ന്നു.

തങ്ങള്‍ സ്നേഹിച്ച ക്രിസ്തുവിന്‍റെ ജീവിതം അവസാനിച്ചു എന്ന ചിന്തയില്‍ ഏറെ ദഃഖാര്‍ത്തരായിട്ടാണ് അവര്‍ കല്ലറയിലേയ്ക്ക് നീങ്ങിയത്. ജീവിതം പഴയതുപോലെ മുന്നോട് ചരിക്കുമെങ്കിലും, സ്നേഹത്തോടെ അവര്‍ കല്ലറയിലെത്തുന്നു. എന്നാല്‍ അവിടെ സംഭവിക്കുന്നത് തികച്ചും അവിചാരിതവും അപ്രതീക്ഷിതവുമാണ്. അവരുടെ പ്ലാനുകളും പദ്ധതികളും തകിടം മറിക്കുന്നതും, ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്നതുമാണത്. കല്ലറയുടെ കല്ല് മാറ്റപ്പെട്ടിരുന്നതു മാത്രമല്ല. അവിടുത്തെ ശരീരവും അവിടെ അവര്‍ കണ്ടില്ല. ഇതെന്താണ്, ഇതിനര്‍ത്ഥമെന്താണെന്ന് അവരെ ചിന്തിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അത് (ലൂക്കാ 24, 4). നമ്മുടെ അനുദിനജീവിതങ്ങളില്‍ എന്തെങ്കിലും നവമായി സംഭവിക്കുമ്പോള്‍ നമ്മുടെയും പ്രതികരണം ഇതുതന്നയാണ്. ഒന്നും മനസ്സിലാകാതെ, എന്തുചെയ്യണമെന്നറിയാതെ നാം അമ്പരക്കുന്നു. നവമായ കാര്യങ്ങള്‍, അത് ദൈവം തരുന്നതായാലും ആവശ്യപ്പെടുന്നതായാലും പലപ്പോഴും അവ നമ്മെ അമ്പരിപ്പിക്കുന്നു. ഓര്‍മ്മിയില്‍ മറഞ്ഞുപോയ സുഹൃത്തെന്നപോലെ, അല്ലെങ്കില്‍ ചരിത്രപുരുഷനെപ്പോലെ മൃതിയടഞ്ഞ ഗുരുവിനെ ഓര്‍ത്ത് പകച്ച് അവര്‍ കല്ലറയുടെ കവാടത്തില്‍ സ്തംഭിച്ചു നിന്നു. ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികള്‍ പലപ്പോഴും നമ്മെ ഭീതിപ്പെടുത്തുന്നു. ദൈവത്തിന്‍റെ ചെയ്തികള്‍ സകലതും നമ്മെ ആശ്ചര്യപ്പെടുത്തുന്നതാണ്. ദൈവം ജീവിതത്തില്‍ നമ്മെ ഇനിയും ആശ്ചര്യപ്പെടുത്തുകതന്നെ ചെയ്യും.

നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന നവമായ ദൈവികപദ്ധതികളോട് തുറവുള്ളവരായിരിക്കണം.
നാം ക്ഷീണിതരും, ഹൃദയം തകര്‍ന്നവരും, ദുഃഖിതരുമാണോ? പാപഭാരത്താല്‍ നിരാശരാണോ? ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ? എന്നിരുന്നാലും ഹൃദയം തകരരുത്, ആത്മവിശ്വാസം നഷ്ടമാക്കരുത്. പ്രത്യാശ കൈവെടിയരുത്. ദൈവത്തിനു മാറ്റാനാവാത്തതായിട്ട് ഒന്നുമില്ല. പൊറുക്കപ്പെടാത്ത പാപമില്ല, പക്ഷെ, തുറവുണ്ടെങ്കില്‍ മാത്രം!

കല്ലറയങ്കിലെത്തിയ സ്ത്രീകള്‍ ഭയവിഹ്വലായിരുന്നെങ്കിലും തുറവുള്ളവരായിരുന്നു. ഭയന്നിട്ട് തലകുനിച്ചു നില്കുകയായിരുന്നു അവന്‍. വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ അപരിചിതരായി അവിടെയെത്തിയ രണ്ടുപേരുടെ വാക്കുകളാണ് അവര്‍ക്ക് പ്രത്യാശ പകര്‍ന്നld. “അവിടുന്ന് ഗലീലിയയിലായിരുന്നപ്പോള്‍ പറഞ്ഞകാര്യങ്ങള്‍ ഓര്‍ക്കുന്നില്ലേ....” അവര്‍ അവിടുത്തെ വാക്കുകള്‍ അനുസ്മരിച്ചു (ലൂക്കാ 24, 6, 8). ക്രിസ്തുവുമായുളള ഇടപഴകലിന്‍റെ നല്ല ജീവിതാനുഭവങ്ങളെ ഓര്‍ക്കുവാനാണ് അവര്‍ ആവശ്യപ്പെട്ടത്. അവിടുത്തെ വാക്കുകളും, പ്രവൃത്തികളും, ജീവിതവുമെല്ലാം അവര്‍ ഓര്‍ക്കുന്നു. അവരുടെ ഭീതിയെ കീഴ്പ്പെടുത്തി, ഗുരുവിന്‍റെ ഉത്ഥാനസന്ദേശവുമായി മറ്റുള്ളവരുടെ പക്കലേയ്ക്ക് പോകാനും അതു പ്രഘോഷിക്കാനും കരുത്തു ലഭിക്കുന്നത്, അവിടുന്നുമായുള്ള ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിക്കാനും മനസ്സില്‍ കൊണ്ടുവരാനും സാധിച്ചപ്പോഴാണ് (ലൂക്കാ 24, 9). ദൈവം എനിക്കായ് ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതുമായ നന്മകള്‍ ഓര്‍ക്കുമ്പോള്‍ ജീവിത വഴികളെക്കുറിച്ച് ഞാന്‍ അവബോധമുള്ളവനായി മാറുന്നു. ഈ അവബോധമായിരിക്കും ഭാവി ജീവിതത്തിന് പ്രത്യാശപകരുന്നത്. ദൈവം നമുക്കായി ചെയ്ത നന്മകള്‍ നന്ദിയോടെ എന്നും അനുസ്മരിക്കാം.

ക്രിസ്തുവിന്‍റെ ജീവിത സംഭവങ്ങളൊക്കെയും ഹൃദയത്തില്‍ പേറിയ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം നമുക്കു പ്രാര്‍ത്ഥിക്കാം. തന്‍റെ തിരുക്കുമാരന്‍റെ ഉത്ഥാനത്തില്‍ നമ്മെയും പങ്കുകാരാക്കണമേ, എന്നു പ്രാര്‍ത്ഥിക്കാം. ഉത്ഥാനത്തിന്‍റെ നവജീവനിലേയ്ക്ക് നമ്മെ നയിക്കണമേ എന്നും പ്രാര്‍ത്ഥിക്കാം. ദൈവം നമ്മുടെ ജീവതത്തിലും ഈ ലോകത്തും ചെയ്തിട്ടുള്ള നന്മകളെ അനുസ്മരിക്കുന്നവരാകാം. ക്രിസ്തു ഇന്നും നമ്മുടെ മദ്ധ്യേ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അനുഭവം സ്വായത്തമാക്കാന്‍ പരിശ്രമിക്കാം. ‘ജീവിക്കുന്നവനെ മൃതരുടെ ഇടയില്‍ അന്വേഷിക്കാതിരിക്കാനുള്ള’ കൃപയും അവിടുന്നു നമ്മില്‍ വര്‍ഷിക്കട്ടെ!








All the contents on this site are copyrighted ©.