2013-03-31 15:55:29

പാപ്പാ ഫ്രാന്‍സിസിന്‍റെ ജയിലിലെ ബലി
വിമോചനത്തിന്‍റെ പെസഹാ


29 മാര്‍ച്ച് 2013, റോം

(പെസഹാ വ്യാഴാഴ്ച പാദക്ഷാളനകര്‍മ്മവും തിരുവത്താഴപൂജയും പാപ്പാ ഫ്രാന്‍സ്സിസ് റോമിലുള്ള ‘കാസാ ദേല്‍ മാര്‍മോ’ എന്ന യുവജനങ്ങള്‍ക്കായുള്ള ജയിലിലാണ് നടത്തിയത്. പാപ്പ നല്കിയ സന്ദേശവും ജയില്‍വാസികളുമായുള്ള സംഭാഷണവും ചുവടെ ചേര്‍ക്കുന്നു. ചിന്തകള്‍ പങ്കുവച്ചശേഷം പാപ്പാ അവരില്‍ പന്ത്രണ്ടുപേരുടെ കാലുകഴുകി ചുംമ്പിച്ചുകൊണ്ട് ക്രിസ്തു സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും പാരമ്യം പ്രകടമാക്കി.)

ക്രിസ്തു തന്‍റെ ശിഷ്യന്മാരുടെ കാലുകഴുകിയ സംഭവം ഹൃദയസ്പര്‍ശിയാണ്. ശിഷ്യന്മാര്‍ക്ക് അതിന്‍റെ പൊരുള്‍ ഉടനെ പിടുത്തം കിട്ടിയില്ല. അതുകൊണ്ടാണ് പന്ത്രണ്ടു പേരില്‍ ഒരാളായ പത്രോസ് അതിനു വിസമ്മതിച്ചത്. “എന്ത്!? കര്‍ത്താവേ, അങ്ങ് എന്‍റെ കാലുകഴുകുകയോ?”
അപ്പോള്‍ യേശു പറഞ്ഞു. “ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല. എന്നാല്‍ പിന്നീട് അറിയും.” പത്രോസ് പറഞ്ഞു. “കര്‍ത്താവേ, അങ്ങ് ഒരിക്കലും എന്‍റെ പാദം കഴുകരുത്.” അപ്പോള്‍ ക്രിസ്തു പറഞ്ഞു. “പത്രോസേ, ഞാന്‍ നിന്‍റെ പാദം കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നില്‍ യാതൊരു പങ്കുമില്ല.”

അപ്പോള്‍ പത്രോസ് പറഞ്ഞു, “അങ്ങനെയെങ്കില്‍ അങ്ങ് എന്‍റെ പാദങ്ങള്‍ മാത്രമല്ല. എന്നെ പൂര്‍ണ്ണമായും കഴുകിയാലും.”

“നിങ്ങള്‍ എന്നെ ഗുരുവും നാഥനും എന്നു വിളിക്കുന്നു. ഞാന്‍ അങ്ങനെ തന്നെയാണ്. ഗുരുവും നാഥനുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും അന്വോന്യം പാദങ്ങള്‍ കഴുകണം. ഞാന്‍ നിങ്ങള്‍ക്കീ മാതൃക തരുന്നു. നിങ്ങളും അതുപോലെ ചെയ്യുവിന്‍.” (യോഹ. 13, 6).

ക്രിസ്തു കാണിച്ച മാതൃക മഹനീയമാണ്. അവിടുന്ന് വലിയവനായിരുന്നിട്ടും ദാസന്‍റെ രൂപമണിയുന്നു. അവിടുന്ന് കാലുകഴുകിക്കൊണ്ട് പഠിപ്പിക്കുന്നത്, നാമും ജീവിതത്തില്‍ മറ്റുള്ളവരുടെ സേവനത്തിനും സഹായത്തിനും സന്നദ്ധരായിരിക്കണമെന്നാണ്.

കാലുകഴുകല്‍ പ്രതീകാത്മകമായ പ്രവര്‍ത്തിയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രതീകവുമാണ്. ക്രിസ്തു തന്‍റെ ശിഷ്യരോടു കാണിച്ച ഈ സ്നേഹ ശുശ്രൂഷയുടെ മാതൃകയ്ക്ക് നമ്മുടെ ജീവിതങ്ങളില്‍ പ്രസക്തിയുണ്ട്. നാം അന്വോന്യം സഹായിക്കുകയും ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും വേണമെന്നാണ് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത്. അതു നാം മാനിക്കുകയും ഹൃദയപൂര്‍വ്വം അനുദിന ജീവിതത്തില്‍ പാലിക്കുകയും വേണം. അപരനെ, സഹോദരനെ സഹായിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തവുമാണ്.

വൈദികനും മെത്രാനുമെന്ന നിലയില്‍ നിങ്ങളെ സേവിക്കുക എന്‍റെ ഉത്തരവാദിത്തമാണ്. അത് എന്‍റെ ഹൃദയത്തില്‍നിന്നും ഉതിരുന്ന സ്നേഹമാണ്. ഈ സേവനവും സ്നേഹവും എന്നും ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ക്രിസ്തുവാണ് ഇത് എന്നെ പഠിപ്പിച്ചത്. ഇത് നിങ്ങള്‍ക്കും സാധിക്കും. പരസ്പരം സ്നേഹിക്കുക, സഹായിക്കുക, ശുശ്രൂഷിക്കുക. സ്നേഹത്തിന്‍റെ കൂട്ടായ്മയിലും പരസ്പര സഹായത്തിലുമാണ് ജീവിത വിജയം നേടാനാകുന്നത്. നാം ഇന്ന് കാലുകഴുകല്‍ ശുശ്രൂഷയില്‍ പങ്കുചേരുമ്പോള്‍ തീരുമാനിച്ചുറക്കാം - ജീവിതത്തില്‍ ഞാന്‍ അപരനെ, എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കും ശുശ്രൂഷിക്കും. ക്രിസ്തു കാണിച്ചുതന്ന സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും ഈ മാതൃക നാം പാലിക്കേണ്ടതാണ്. കാരണം ക്രിസ്തു ഈ മന്നില്‍ ആഗതനായത് സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും, തന്‍റെ ജീവന്‍ ലോക രക്ഷയ്ക്കുവേണ്ടി ബലിയായി അര്‍പ്പിക്കുവാനുമാണ്.
.......................................................
യുവാവായ ജയില്‍വാസിയുടെ പാപ്പായോടുള്ള ചോദ്യം :
“പാപ്പാ, അങ്ങ് ഞങ്ങളുടെ പക്കല്‍ വന്നതിന് നന്ദി. എന്നാല്‍ ഒരു കാര്യം മാത്രം അറിയണം. എന്തിനാണ് അങ്ങ് ഞങ്ങളുടെ പക്കല്‍, ഈ ജയിലില്‍ വന്നത്?”

പാപ്പായുടെ മറുപടി :
“കൊള്ളാം, നല്ല ചോദ്യം. ചോദ്യത്തിനു നന്ദി!”
“നിങ്ങളുടെ പക്കല്‍ വരാനുള്ള ആഗ്രഹം വളരെ ഹൃദ്യമാണ്. ഈ വരവ് എന്നെ കൂടുതല്‍ എളിമപ്പെടുത്തുന്നു. മെത്രാന്‍ എങ്ങനെ ശുശ്രൂഷകനാകാമെന്ന് അതെന്നെ പഠിപ്പിക്കുന്നു.
ഞാന്‍ എന്‍റെ സഹപ്രവര്‍ത്തകരോട് ചോദിച്ചു, എവിടെയാണ് എന്‍റെ സന്ദര്‍ശനം ഏറെ ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്നവരുള്ളതെന്ന്. ‘കാസാ ദേല്‍ മാര്‍മോ’ എന്നവര്‍ പറഞ്ഞു.
അവര്‍ പറഞ്ഞതനുസ്സരിച്ചാണ് ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ തീരുമാനം, ജയിലിലായിരിക്കുന്ന യുവജനങ്ങളായ നിങ്ങളെ സന്ദര്‍ശിക്കാനുള്ള തീരുമാനം എന്‍റെ ഹൃദയത്തില്‍ ഉതിര്‍ന്നതാണ്. ഹൃദയത്തില്‍ വിരിയുന്ന ചിന്തകള്‍ക്ക് വലിയ വിവരണം വേണ്ടല്ലോ. അത് ബോധ്യവും വ്യക്തവുമാണ്. നന്ദി!”
“ഞാന്‍ യാത്ര പറയുകയാണ്. ഉരിക്കല്‍ക്കൂടി നന്ദി! ധൈര്യമായിരിക്കുക. പ്രത്യാശ കൈവെടിയരുത്. മുന്നോട്ടു പോവുക. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്!”








All the contents on this site are copyrighted ©.