2013-03-30 12:08:40

മുറിപ്പെട്ട ലോകത്തിന്
നവജീവന്‍ പകരുന്ന ഉത്ഥാനഗീതി


RealAudioMP3
വി. യോഹന്നാന്‍റെ സുവിശേഷം 20, 1-9
നമ്മുടെ ജീവിതത്തില്‍ ഉത്ഥാനത്തിന്‍റെ ദര്‍ശനം പകരുന്ന കോളെജുകുമാരന്‍റെ കഥ പറയട്ടെ ആദ്യം. അവന്‍റെ ആവേശമായ ബൈക്ക് യാത്രകളിലൊന്ന് കൊണ്ടെത്തിച്ചത് മാരകമായ അപകടത്തിലാണ്. ഓപ്പറേഷനുകള്‍ക്കു പിറകേ ഓപ്പറേഷനുകള്‍ കഴിഞ്ഞ് മൂന്നാം മാസത്തില്‍ ജോസി ശാന്തനായി. എന്നാല്‍ മൂന്നു വര്‍ഷത്തോളം കിടക്കതന്നെ ശരണമായിരുന്നു. സ്ക്കൂള്‍ മുതലേ അവന്‍ ഗിറ്റാര്‍ പഠിച്ചിരുന്നു. പിന്നെ ഉപേക്ഷിച്ചു. എന്നാല്‍ പ്രതിസന്ധിയുടെ കിടക്കയില്‍ ജോസി തീരുമാനിച്ചുറച്ചു - ഈ യാതനയിലും വേദനയിലും ഞാന്‍ ഗിറ്റാറെടുക്കുമെന്ന്. കിടന്നകിടപ്പില്‍ മണിക്കൂറുകളോളം ജോസി ഗിറ്റാര്‍ പാഠങ്ങള്‍ പരിശീലിക്കാന്‍ തുടങ്ങി. സഹനത്തിന്‍റെ തീച്ചൂളയിലെ ത്യാഗസമര്‍പ്പണത്തിലൂടെ ഇന്ന് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെതന്നെ മുന്‍നിര ഗിറ്റാര്‍ വായനക്കാരില്‍ ഒരാളാണ് – കോട്ടയം ജോസി! പ്രശസ്തമായ Mother Jain എന്ന ബന്‍ഡിലൂടെയും, ഇന്ത്യയിലെ സംഗീത സ്റ്റുഡിയോകളിലൂടെയും, അറിയപ്പെട്ട കര്‍ണ്ണാടസംഗീത വയലിനിസ്റ്റ് ബാലബാസ്ക്കറിന്‍റെ പരിപാടികളിലൂടെയും ജോസി ഇന്ന് ആഗോളതലത്തിലുള്ള വേദികളില്‍ നിറഞ്ഞുനില്ക്കുന്നു. ജീവിതപ്രതിസന്ധികളെ മല്ലിട്ടു വിജയിച്ച വ്യക്തിത്വമാണ് ജോസിയുടേത്.

ലോകചരിത്രത്തിലുള്ള ഒരാത്മത്യാഗിയുടെ ജീവിതത്തിലെ സമാപന രംഗമാണ് ഈസ്റ്റര്‍ മഹോത്സവം. ഉത്ഥിതനെ കണ്ടുമുട്ടുന്നതിന്‍റെ വിവിധ വീക്ഷണകോണുകളാണ് വിശുദ്ധ യോഹന്നാന്‍ ഇന്നത്തെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നത്. പത്രോസിന്‍റെ വീക്ഷണമാണ് ഒന്ന്. മറ്റേത് ക്രിസ്തു സ്നേഹിച്ച ശിഷ്യന്‍റേതും. ശൂന്യമായ കല്ലറ പത്രോസില്‍ ഒരു മാറ്റവും വരുത്തിയതായി വേദപുസ്തകം പറയുന്നില്ല. എന്നാല്‍ ‘വന്നു കാണുക’ എന്ന ക്രിസ്തുവിന്‍റെ വിളി സ്വീകരിച്ച മറ്റേ ശിഷൃന്‍, ക്രിസ്തു സ്നേഹിച്ച ശിഷ്യന്‍ ശൂന്യമായ കല്ലറ കണ്ടു വിശ്വസിച്ചു (യോഹ. 1, 39). ദൈവദൂതന്‍റെ സാക്ഷൃമില്ലാതെ, ഉത്ഥാനംചെയ്തവനെ കണ്ടുമുട്ടാതെ, ഉത്ഥിതന്‍റെ ശാക്തീകരണ വാക്കുകളിലാണ്, അയാള്‍ ക്രിസ്തു ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിച്ചത്. സ്നേഹം സകലതും വിശ്വസിക്കുന്നു (1കോറി. 13, 7). ക്രിസ്തു മരണത്തെ കീഴ്പ്പെടുത്തിയിരിക്കുന്നവെന്ന് വിശ്വാസിക്കാന്‍ യോഹന്നാന് ശൂന്യമായ കല്ലറ മതിയായിരുന്നു, ഒരു പ്രത്യക്ഷപ്പെടലും ആവശ്യമില്ലായിരുന്നു. സ്നേഹത്തിന് തെളിവുകള്‍ വേണോ. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹം തെളിയിക്കാന്‍ ഏത് ആത്ഭുതമാണ് ആവശ്യമായിരിക്കുന്നത്. സ്നേഹമില്ലാത്തിടത്താണ് അത്ഭുതങ്ങള്‍ ആവശ്യകമായി വരുന്നത്.
കണ്ടതുകൊണ്ട് വിശ്വസിക്കുന്നവര്‍ - ഭാഗ്യവാന്മാരാകണമെന്നില്ല. കാണാതെ വിശ്വസിക്കുന്നവരാണ് ഭാഗ്യവാന്മാര്‍ (യോഹ. 20, 29).

ഇപ്പോള്‍ ദര്‍ശനങ്ങളുടെ കാലമാണല്ലോ. യേശുവിന്‍റെയും മറിയത്തിന്‍റെയും പ്രത്യക്ഷപ്പെടലുകളുടെ കാലം. സ്നേഹമില്ലാത്ത മനുഷ്യര്‍ക്കാണ് വിശ്വസിക്കാന്‍ പ്രത്യക്ഷപ്പെടലുകള്‍ ആവശ്യമായി വരുന്നത്. അതിനാല്‍ ദര്‍ശനങ്ങള്‍ കിട്ടിയവര്‍ ഉയര്‍ന്ന വിശ്വാസമുള്ള വിശുദ്ധരോ അതോ വിശ്വാസരഹിതരായ വ്യക്തികളോ ആകാം. പുറമേ കാണുന്നതനുസരിച്ച് വിധിക്കാതെ, നീതിയായി വിധിക്കാന്‍ (യോഹ. 7, 24) ക്രിസ്തു ആവശ്യപ്പെടുന്നത് ഓര്‍ക്കുക. വിശ്വാസമെന്നത് പ്രതിസന്ധിയാണ്. പ്രത്യക്ഷത്തില്‍ കാണുന്ന ബലഹീനതയ്ക്കപ്പുറത്ത് ശക്തിയുണ്ടെന്ന് കരുതിയുള്ള മല്‍പ്പിടുത്തമാണ്.
ആ വിശ്വാസ സംഘര്‍ഷത്തിന് നാം തയ്യാറായി നില്ക്കുന്നുണ്ടോ. മറ്റേ ശിഷ്യന്‍ പത്രോസിനേക്കാള്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.
ഈ ഒരോട്ടം നമുക്കു സാധിക്കുമോ? ഈ ഓട്ടം മനസ്സിലാക്കാന്‍വേണ്ടി ‘കാണുക’ എന്നതിന് സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്നു വ്യത്യസ്ത ഗ്രീക്കു വാക്കുകള്‍ പഠിക്കുന്നത് നല്ലതാണ്.

മറ്റെ ശിഷ്യന്‍ കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നതു കണ്ടു. ഇവിടെ കണ്ടു എന്നതിനുപോയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം bleppo, എന്നാണ്. ഇതിനര്‍ത്ഥം ശാരീരിക കാഴ്ച എന്നാണ് - Physical sight.
ശിമയോന്‍ പത്രോസും കല്ലറയില്‍ പ്രവേശിച്ച് ശൂന്യമായിരിക്കുന്ന കല്ലറ കണ്ടു. ഇവിടെ കണ്ടു, എന്നതിന് theoreo എന്ന ഗ്രീക്കു പദമാണ്, (ഇംഗ്ലിഷില്‍ theory ഇതില്‍നിന്നും ഉരുത്തിരിയുന്നതാണ്). മറ്റെ ശിഷ്യന്‍ അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു. ഇവിടെ കണ്ടു എന്നതിനുള്ള ഗ്രീക്കു പദം oravo, എന്നതിന് ആത്മീയമായ ഉള്‍ക്കഴ്ചയ്ച എന്നാണ് ഈ പദത്തിനര്‍ത്ഥം. ആത്മീയമായ ഉള്‍ക്കാഴ്ചയുള്ളവന്‍ ‘കണ്ടാല്‍’ അത് വിശ്വാസത്തിലേയ്ക്കു നയിക്കുന്നു. ‘കാണുക’ എന്നത് സുപ്രധാനമാണ്. സ്നേഹത്തിന്‍റെ ഉള്‍ക്കഴ്ചയുള്ളവനു മാത്രമേ വിശ്വാസത്തിന്‍റെ ഉള്‍ക്കാഴ്ചയുണ്ടാകൂ. മനുഷ്യരെ മുഴുവന്‍ യാതൊരു വകഭേതമില്ലാതെ സ്നേഹിക്കുന്ന ഉള്‍ക്കാഴ്ചയാണിത്.

ക്രിസ്തു ഉത്ഥാനംചെയ്തു. കഴിഞ്ഞുപോയതെങ്കിലും നവമായ ചൈതന്യവും ഉന്മേഷവുമാണ് ഈസ്റ്റര്‍ നമുക്കു തരുന്നത്: രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ജെരൂസലേമില്‍ ഉയര്‍ന്ന ആ നവചൈതന്യം, യേശുവിന്‍റെ അമ്മായായ മറിയത്തിന്‍റെയും, മഗ്ദലന മറിയത്തിന്‍റെയും, ശൂന്യമായ കല്ലറ ദര്‍ശിച്ച മറ്റു സ്ത്രീകളുടെയും, പത്രോസ്ലീഹായുടെയും ഇതര അപ്പസ്തോലന്മാരുടെയും മിന്നിനിന്ന വിശ്വാസത്തില്‍നിന്നും ഉതിര്‍ക്കൊണ്ടതാണ്. ആ ചൈതന്യധാര സഭയില്‍ ഇന്നും മാറ്റൊലിക്കൊള്ളുന്നു. ആധുനിക വിവരസാങ്കേതികത ഇത്രയേറെ വളര്‍ന്ന ഇക്കാലഘട്ടത്തിലും, ക്രൈസ്തവരുടെ വിശ്വാസം, ക്രിസ്തുവിന്‍റെ ശൂന്യമായ കല്ലറ ആദ്യം ദര്‍ശിച്ച സ്ത്രീകളിലും, ‘ക്രൂശിതനായ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു’ എന്നാദ്യം പ്രഘോഷിക്കുകയുംചെയ്ത അഞ്ജേയരായ വ്യക്തികളിലും, ഉത്ഥിതനെ ദര്‍ശിച്ച അപ്പസ്തോലന്മാരിലും അധിഷ്ഠിതമാണ്.
കര്‍ത്താവും നാഥനുമായ ക്രിസ്തു സജീവവും യാഥാര്‍ത്ഥ്യവുമായ വിധത്തില്‍ ആദ്യം മഗ്ദലയിലെ മറിയത്തിനും, പിന്നീട് എമാവൂസിലേയ്ക്ക് ഒളിച്ചോടിപ്പോയ രണ്ടു ശിഷ്യന്മാര്‍ക്കും, അവസാനമായി സിഹിയോന്‍ ഊട്ടുശാലയില്‍ കൂടിയിരുന്ന പതിനൊന്നു പേര്‍ക്കും പ്രത്യക്ഷപ്പെട്ടു (മാര്‍ക്കോസ് 16, 9-14). ക്രിസ്തുവിന്‍റെ ഉത്ഥാനം ഊഹാപോഹമോ, രഹസ്യാത്മകമായ ഒരനുഭവമോ അല്ല.

ഒരു കാലസന്ധിയില്‍ സംഭവിച്ചതും, അതിന്‍റെ മായാത്ത മുദ്ര ചരിത്രത്തില്‍ പതിപ്പിക്കുകയുംചെയ്ത, കാലാതീതമായ സത്യമാണ്. കല്ലറയ്ക്ക് കാവലിരുന്ന കാവല്‍ക്കാരെ അമ്പരിപ്പിച്ച ഉത്ഥാനപ്രഭ സ്ഥലകാല സീമകളെ അതിലംഘിച്ചിരിക്കുന്നു. മരണത്തിന്‍റെ താഴ്വാരങ്ങളെ അതിജീവിച്ച് സത്യത്തിന്‍റെയും നന്മയുടെയും പുതുജീവന്‍ പൂങ്കതിരണിയിച്ച ദൈവികപ്രഭ ഇന്നും ലോകത്ത് പ്രസരിക്കുന്നു. വസന്തകാല സൂര്യനില്‍ പ്രകൃതി തളിര്‍ത്ത് ഉണരുന്നതുപോലെ ക്രിസ്തുവിന്‍റെ പുനരുത്ഥാനപ്രഭ മനുഷ്യന്‍റെ ആശകള്‍ക്കും പ്രത്യാശയ്ക്കും ഉണര്‍വ്വും ഓജസ്സും പകരുന്നു. ഈ വസന്ത മാധുരിയില്‍ മനുഷ്യകുലം ലയിച്ച്, പ്രകൃതിയുടെ മൗനാലാപനത്തിന് നാദം പകര്‍ന്നുകൊണ്ട്, പ്രപഞ്ചം മുഴുവനും ക്രിസ്തുവിന്‍റെ പുനരുത്ഥാനം പ്രഘോഷിക്കുന്ന, “ക്രിസ്തു ഉത്ഥാനംചെയ്തിരിക്കുന്നു, അല്ലേലൂയാ, അല്ലേലൂയാ...”. ഈസ്റ്ററിന്‍റെ ‘ഹാല്ലേലൂയാ’ പ്രഘോഷണത്തിലൂടെ ദൈവത്തിന്‍റെ അനന്തമായ നന്മയ്ക്കും, സത്യത്തിനും സൗന്ദര്യത്തിനും തീര്‍ത്ഥാടക സഭ ദൈവത്തിന് നന്ദിപറയുന്ന അവസരമാണിത്.
ഈ പ്രപഞ്ചത്തിന്‍റെയും ഓരോ മനുഷ്യന്‍റെയും കൃതഞ്ജതയുടെ മൗനഗീതം നമുക്ക് ഈസ്റ്റര്‍ മഹോത്സവത്തിലൂടെ ഏറ്റുപാടാം.
ക്രിസ്തുവേ, അങ്ങെ തിരുവുത്ഥാനത്തില്‍ സ്വര്‍ഗ്ഗവും ഭൂമിയും ആഹ്ലാദിക്കട്ടെ, എന്ന സഭയുടെ പ്രഘോഷണത്തോട്, ഭൂവാസികള്‍ക്കൊപ്പം സകല മാലാഖമാരും, വിശുദ്ധരും, വാഴ്ത്തപ്പെട്ടവരും ഒത്തുചേരുന്നു.

സ്വര്‍ഗ്ഗത്തില്‍ പരമമായ ശാന്തിയും സന്തോഷവുമാണെങ്കില്‍, ഭൂമിയില്‍ അത് അന്യമായിരിക്കുന്നു. പകരം വിശപ്പിന്‍റെയും വേദനയുടെയും, അനീതിയുടെയും അധിക്രമത്തിന്‍റെയും, യുദ്ധത്തിന്‍റെയും സാമൂഹ്യകലാപങ്ങളുടെയും വേദനാജനകമായ സാഹചര്യങ്ങളില്‍നിന്നുയരുന്ന രോദനമാണു കേള്‍ക്കുന്നത്. ലോകത്തിന്‍റെ അധര്‍മ്മങ്ങള്‍ക്കു പരിഹാരമായിട്ടാണ് ക്രിസ്തു മരിച്ചത്. നമ്മുടെയും ലോകത്തിന്‍റെയും പാപങ്ങള്‍ക്കു പരിഹാരമായിട്ടും, രക്ഷയ്ക്കും വേണ്ടിയാണ് അവിടുന്ന് കുരിശ്ശ് ഏറ്റെടുത്തതും, ഉത്ഥാനംചെയ്തതും. അതിനാല്‍ വിവിധ തരത്തിലുള്ള വേദനകളില്‍ അകപ്പെട്ട ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും, ഉത്ഥിതനായ ക്രിസ്തു യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും നീതിയുടെയും പാത തുറക്കേണ്ടതാണ്. നാമെല്ലാവരും ഒരു കുടുംബത്തിലെ പിതാവിന്‍റെ മക്കളായി ഒരുനാള്‍ ഒത്തുചേരുന്ന
പുതിയ ആകാശത്തിലേയ്ക്കും പുതിയ ഭൂമിയിലേയ്ക്കും ഉത്ഥിതനായ ക്രിസ്തു നമുക്കുമുന്നേ യാത്രയായിട്ടുണ്ട് (വെളിപാട് 21, 1). യുഗാന്ത്യംവരെ അവിടുന്ന് നമ്മോടൊപ്പമുണ്ട്. ഈ മുറിപ്പെട്ട ലോകത്ത് ഉത്ഥാനഗീതി ആലപിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ ചുവടുപിടിച്ച് പതറാതെ നമുക്കു മുന്നോട്ടു ചരിക്കാം.

മുഖത്തെ പുഞ്ചിരിയും കണ്ണീരുംപോലെ, മനുഷ്യഹൃദയങ്ങളില്‍ സുഖ-ദുഃഖങ്ങള്‍ സമ്മിശ്രിതമാണെന്നത് ഈ ലോക ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യമാണിത്. ഉത്ഥിതനായ ക്രിസ്തു ഇന്നും ജീവിക്കുന്നെന്നും അവിടുന്ന് നമ്മോടൊത്തു നടക്കുന്നെന്നുമുള്ള ബോദ്ധ്യത്തില്‍, അനുദിന ജീവിത ക്ലേശങ്ങള്‍ പേറിക്കൊണ്ട്, ഉത്ഥാനത്തിന്‍റെ, ക്രിസ്തു-സ്നേഹത്തിന്‍റെ ഗീതികളാലപിച്ചുകൊണ്ട് സ്വര്‍ഗ്ഗോന്മുഖരായി നമുക്കു ചരിക്കാം.

ഈ പ്രപഞ്ചം മുഴുവന്‍ കുരിശുമരണത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും മുദ്രകള്‍ വീണിട്ടുടെന്ന് കസന്‍ ദ് സാക്കിസ് നിരീക്ഷിക്കുന്നുണ്ട്. ഒരിലയെ സൂര്യവെളിച്ചത്തിലേയ്ക്ക് നീട്ടിപ്പിടിക്കുമ്പോള്‍ അതില്‍ കുരിശുമരണമുണ്ടെന്നും അതിനെ തിരിച്ചു പിടിക്കുമ്പോള്‍ അതില്‍ ഉയിര്‍പ്പ് തെളിയുന്നുവെന്നുമൊക്കെ അതുകൊണ്ടാണ് ആയാളെഴുതിയത്. ഗോതമ്പുമണിയില്‍ മരണവും, ഉയിര്‍പ്പും മുദ്രവയ്ക്കപ്പെട്ടിരിക്കുന്നുവെന്ന് ഭൂമിയോട് ആദ്യം മന്ത്രിച്ചത് ക്രിസ്തുവാണ്. നിലത്ത് വീണലിയാന്‍ തയ്യാറല്ലാത്തതുകൊണ്ട് നമ്മിലെ ഉയിര്‍പ്പിന്‍റെ ഹരിതശുദ്ധി പുറത്തുവരുന്നില്ലെന്നു മാത്രമേ ഉള്ളൂ. ഒരാളിലെ ഏറ്റവും നല്ലത് പുറത്ത് വരുന്നതിന് വിളിക്കുന്ന പേരാണ് ഉത്ഥാനം.

നമ്മിലെ ഏറ്റവും നല്ലയാള്‍ ഇനിയും പുറത്തു വന്നിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാനാണ് വീണ്ടുമൊരു ഉത്ഥാനമഹോത്സവം. ഓര്‍മ്മിപ്പിക്കുന്നത് ക്രിസ്തുതന്നെയാണ്. ശൈശവത്തിന്‍റെ സ്മൃതികളിലെ മിന്നാരംപോലെ അയാള്‍ തെന്നി മായുന്നുണ്ട്. അയാള്‍ മരിച്ചുപോയി! എന്നാല്‍ ഓര്‍ക്കുക, ക്രിസ്തു ഇന്നും ജീവക്കുന്നു.

“ഞാന്‍ വന്നിരിക്കുന്നത് ജീവന്‍ നല്കാനും, അത് സമൃദ്ധമായി നല്‍കാനും വേണ്ടിയാണ്” (യോഹ.10, 10).







All the contents on this site are copyrighted ©.