2013-03-28 16:13:01

വൈദികര്‍ ജനത്തെ ക്രിസ്തുവിന്‍റെ ആനന്ദത്താല്‍ അഭിഷേകം ചെയ്യാന്‍ നിയുക്തരായവര്‍: മാര്‍പാപ്പ


ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാവ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിച്ച തൈലാശീര്‍വ്വാദ ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തിന്‍റെ സംഗ്രഹം

ദൈവമായ കര്‍ത്താവിന്‍റെ ആത്മാവിനാല്‍ അഭിക്ഷിതരായവരെക്കുറിച്ചാണ് ഇന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ അനുസ്മരിപ്പിക്കുന്നത്. യഹോവയുടെ ദാസനായ ഏശയ്യാ പ്രവാചകനും, ദാവീദ് രാജാവും, യേശുക്രിസ്തുവും ദൈവത്തിന്‍റെ അഭിക്ഷിതരാണ്. കര്‍ത്താവിന്‍റെ ആത്മാവിനാല്‍ അഭിക്ഷിതരായവരെല്ലാം ജനത്തെ അഭിഷേകം ചെയ്യാന്‍ നിയുക്തരായിരുന്നു. ദൈവജനത്തിന്‍റെ, വിശിഷ്യാ ദരിദ്രരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും തടവുകാരുടേയും ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവരാണ് അവര്‍.

പ്രധാനപുരോഹിതന്‍ ധരിക്കുന്ന തിരുവസ്ത്രങ്ങള്‍ നിരവധി പ്രതീകങ്ങളാല്‍ സമ്പന്നമാണ്. ഇസ്രായേല്‍ മക്കളുടെ പേരും ഗോത്രങ്ങളും യഹൂദപുരോഹിതരുടെ തിരുവസ്ത്രത്തിലും തോള്‍പ്പട്ടയിലും ഉല്ലേഖനം ചെയ്തിരുന്നു. താന്‍ ശുശ്രൂഷിക്കുന്ന ജനത്തെ വൈദികന്‍ തന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചുമലിലേറ്റുകയും ചെയ്യുന്നവെന്നാണ് ഇതര്‍ത്ഥമാക്കുന്നത്.
തന്‍റെ ജനത്തിന്‍റെ പ്രകാശമായ ദൈവത്തിന്‍റെ മഹത്വം വെളിപ്പെടുന്ന ഈ മനോഹരമായ ആരാധനാക്രമത്തില്‍ നിന്നും ലഭിക്കുന്ന കരുത്തോടെ നാം പുറത്തേക്കിറങ്ങി കര്‍മ്മനിരതരാകണം. വിശുദ്ധ തൈലത്താല്‍ അഭിക്ഷിക്തനായ അഹറോന് മാത്രമല്ല അത് പരിമളമേകിയത്, ആ സുഗന്ധം അവനിലൂടെ അന്യരിലേക്ക് പ്രസരിക്കുകകൂടി ചെയ്തു, “അതിര്‍ത്തികള്‍” വരെയും ആ പരിമളതൈലമെത്തണം. ദരിദ്രര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വേണ്ടിയാണ് താന്‍ അഭിക്ഷിതനായതെന്ന് നമ്മുടെ കര്‍ത്താവായ ക്രിസ്തു തന്നെ ഉത്ഘോഷിക്കുന്നുണ്ട്.

ഒരു നല്ല പുരോഹിതനെ തിരിച്ചറിയുന്നത് അവന്‍ തന്‍റെ ജനത്തെ എങ്ങനെ അഭിഷേകം ചെയ്യുന്നു എന്നതിനെ ആശ്രിയിച്ചിരിക്കും. സുവ്യക്തമായ പരീക്ഷയാണത്. ആനന്ദത്തിന്‍റെ തൈലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന ജനത്തെ തിരിച്ചറിയാന്‍ എളുപ്പമാണ്. വി.കുര്‍ബ്ബാനയ്ക്കു ശേഷം, സദ്വാര്‍ത്ത ശ്രവിച്ച സന്തോഷത്തോടെ ജനം ദേവാലയത്തില്‍ നിന്നിറങ്ങുന്നത് അതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്. തങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന വിധത്തില്‍ സുവിശേഷസന്ദേശം സ്വീകരിക്കാന്‍ ജനം ആഗ്രഹിക്കുന്നു. തങ്ങളെ മനസിലാക്കുകയും തങ്ങളുടെ ജീവിതവ്യഥകളും ആശങ്കയും ആനന്ദവും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വൈദികനോട് ആത്മാര്‍ത്ഥമായി അവര്‍ നന്ദി പറയും. അഭിക്ഷിതനായ ക്രിസ്തുവിന്‍റെ പരിമളം വൈദികര്‍ വഴി തങ്ങളുടെ ജീവിതത്തില്‍ അവര്‍ക്ക് അനുഭവവേദ്യമാകുമ്പോള്‍ അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം അവരോട് പങ്കുവയ്ക്കാന്‍ തയ്യാറാകും. “അച്ചാ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണേ”, “ഞാനൊരു പ്രതിസന്ധിയിലാണ്”, “എന്നെ ആശീര്‍വദിക്കണം” എന്ന അഭ്യര്‍ത്ഥനകള്‍ ഉയരുന്നത് അഭിക്ഷിക്തനായ വൈദികനില്‍ നിന്ന് അഭിഷേക തൈലം ജനത്തിലേക്കെത്തുന്നതുകൊണ്ടാണ്. ദൈവത്തോടും മനുഷ്യരോടുമുള്ള ഈ ബന്ധം മൂലമാണ് കൃപയൊഴുകുന്ന ചാലുകളായി മാറുന്നത്. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള മധ്യസ്ഥരാണ് വൈദികര്‍. ദൈവകൃപയ്ക്കായി ജനത്തിനുള്ള ആന്തരിക ദാഹം തിരിച്ചറിയാന്‍ അവര്‍ക്കു സാധിക്കണം. ക്രിസ്തുവിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചു സുഖം പ്രാപിച്ച രക്തസ്ത്രാവക്കാരി സ്ത്രീയുടെ വിശ്വാസ നേത്രങ്ങള്‍ ക്രിസ്തു തിരിച്ചറിഞ്ഞു. തന്‍റെ കൃപ ‘അതിര്‍ത്തികളിലേക്ക്’ പ്രവഹിക്കുന്നതും അവിടുന്ന് മനസിലാക്കി. എന്നാല്‍ ‘ഭാവി പുരോഹിതരായ’ അപ്പസ്തോലന്‍മാര്‍ക്കത് മനസിലാക്കാന്‍ സാധിച്ചില്ല.

വൈദികര്‍ തങ്ങളുടെ അഭിഷേകത്തിന്‍റെ കരുത്ത് തിരിച്ചറിയണമെങ്കില്‍ ആത്മപരിത്യാഗം ചെയ്ത് പുറത്തേക്കു വരണം. വിശ്വാസപൂര്‍വ്വം പുറത്തിറങ്ങി മറ്റുളളവരോട് സുവിശേഷം പങ്കുവയ്ക്കാന്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കണം. നമുക്കു ലഭിച്ചിരിക്കുന്ന ‘സ്വല്പം അഭിഷേക തൈലം’ ഒന്നും ലഭിച്ചിട്ടില്ലാത്തവരുമായി പങ്കുവയ്ക്കണം. തന്നില്‍ നിന്ന് പുറത്തുവരാത്ത വൈദികന്‍ തന്‍റെ ജനത്തെ അഭിഷേകം ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. അങ്ങനെയുള്ളവര്‍ ദൈവത്തിനു മനുഷ്യര്‍ക്കുമിടയിലെ ‘മധ്യസ്ഥര്‍’ എന്ന നിലയില്‍ നിന്നും വെറും ‘ഇടനിലക്കാരോ’ ‘കാര്യസ്ഥരോ’ആയി തരം താഴ്ന്നുപോകും.
അവര്‍ ക്രമേണ ദുഃഖിതരാകും. ‘ദുഃഖിതനായ വൈദികന്‍’ ആയിത്തീരും. തന്‍റെ ‘അജഗണത്തിന്‍റെ ഗന്ധം തിരിച്ചറിയുന്ന’ നല്ല വൈദികരാകാന്‍ നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു. നമ്മെ ഈ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്ത ക്രിസ്തുവിന്‍റെ നാമത്തില്‍ ഇന്നത്തെ ലോകമാകുന്ന പുറം കടലില്‍ നമുക്ക് വലയിറക്കാം.

പ്രിയ അല്‍മായ വിശ്വാസികളേ, വൈദികര്‍ ദൈവഹിതത്തിനു അനുരൂപരായ നല്ലിടയരാകുന്നതിന് പ്രാര്‍ത്ഥനയിലും സ്നേഹത്തിലും നിങ്ങള്‍ അവരോട് ചേര്‍ന്ന് നില്‍ക്കുവിന്‍.

പ്രിയ വൈദികരേ, നമ്മെ അഭിഷേകം ചെയ്ത പരിശുദ്ധാത്മാവിനാല്‍ പിതാവായ ദൈവം നമ്മെ നവീകരിക്കട്ടെ. അവിടുത്തെ അഭിഷേകത്തിന്‍റെ കൃപ എല്ലാവരിലേക്കും, വിശിഷ്യാ അത് ഏറ്റവും ആവശ്യമായിരിക്കുന്നവരുടെ പക്കലേക്ക് ആ ‘അതിര്‍ത്തികളിലേക്ക്’ നമുക്കെത്തിക്കാം. നാം ക്രിസ്തുവിന്‍റെ ശിഷ്യരാണെന്നും ജനം തിരിച്ചറിയട്ടെ. നമ്മുടെ പുരോഹിത വസ്ത്രങ്ങളില്‍ ആലേഖം ചെയ്യപ്പെട്ടിരിക്കുന്നത് അവരുടെ പേരുകളാണെന്നും അവര്‍ മനസിലാക്കട്ടെ. നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും വഴിയായി അഭിക്ഷിതനായ ക്രിസ്തുവിന്‍റെ ആനന്ദമാകുന്ന പരിമള തൈലം അവര്‍ക്കു സംലഭ്യമാകട്ടെ, ആമ്മേന്‍








All the contents on this site are copyrighted ©.