2013-03-28 16:11:03

കൊളോസ്സിയത്തിലെ കുരിശിന്‍റെവഴിയില്‍
മലയാളിക്കുടുംബം കുരിശുവഹിക്കും


28 മാര്‍ച്ച് 2013, റോം
റോമിലെ ചരിത്ര പുരാതനമായ കൊളോസിയത്തില്‍ പാപ്പാ നിയിക്കുന്ന കുരിശ്ശിന്‍റെവഴിയില്‍ മലയാളിക്കുടുംബം കുരിശുവഹിക്കും. മാര്‍ച്ച് 29-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 9.15-ന് കൊളോസ്സിയത്തില്‍ പാപ്പാ നേതൃത്വം നല്കുന്ന കുരിശിന്‍റെവഴിയിലാണ് കേരളത്തില്‍നിന്നുള്ള അഗസ്റ്റിന്‍ പാലയിലും കുടുംബവും പങ്കെടുക്കുന്നത്. കൊച്ചി രൂപതാംഗവും അരൂര്‍ സ്വദേശിയുമാണ് അഗസ്റ്റിന്‍ പാലയിലും കുടുംബവുമാണ് കുരിശിന്‍റെവഴിയിലെ ഇന്ത്യന്‍ പ്രാതിനിധ്യം. 17 വര്‍ഷമായിട്ട് അഗസ്റ്റിന്‍ വിശ്വാസപ്രഘോഷണത്തിനായുള്ള വത്തിക്കാന്‍റെ കാര്യാലയത്തിലെ ഉദ്ദ്യോഗസ്ഥനാണ്.

കുരിശിന്‍റെവഴിയുടെ 3-ാം സ്ഥലത്തുനിന്നും 4-ാം സ്ഥലംവരെ അഗസ്റ്റിനും കുടുംബവും ചേര്‍ന്ന് കുരിശുവഹിക്കും. ഭാര്യ ജോളി, മക്കള്‍ മിഷേല്‍ (13 വയസ്സ്), ഗബ്രിയേല്‍ (4 വയസ്സ്) എന്നിവരും കുരിശിന്‍റെവഴിയില്‍ പങ്കെടുക്കും. ലോകത്ത് ഏറ്റവും അധികം ജനപങ്കാളിത്തമുള്ള കുരിശ്ശിന്‍റെവഴിയെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള കൊളോസ്സിയത്തിലെ പരിപാടിയില്‍ മലയാളി പങ്കാളിത്തം ആദ്യമായിട്ടാണ്. .

ഒന്നാം സ്ഥലത്തേയ്ക്ക് റോമാ രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി കുരിശുവഹിച്ചുകൊണ്ട് ഈ വര്‍ഷത്തെ കുരിശുയാത്രയ്ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് രണ്ടും മൂന്നും സ്ഥലങ്ങളില്‍ റോമന്‍ കുടുംബവും, പിന്നെ ഇന്ത്യന്‍ കുടുംബവുമാണ് കുരിശു വഹിക്കുന്നത്.
ഇറ്റലിക്കാരനായ അംഗവൈകല്യമുള്ള വ്യക്തി, ചൈനക്കാരായ 2 വൈദിക വിദ്യാര്‍ത്ഥികള്‍, വിശുദ്ധ നാടിന്‍റെ സംരക്ഷണോത്തരവാദിത്തമുള്ള രണ്ട് ഫ്രാന്‍സിസ്ക്കന്‍ സഭാംഗങ്ങള്‍, ആഫ്രിക്കയില്‍നിന്നുള്ള രണ്ടു സന്യാസിനികള്‍, ലെബനോണില്‍നിന്നുമുള്ള രണ്ടു സഹോദരിമാര്‍, ലോക യുവജനമേളയെ പ്രതിനിധാനം ചെയ്തുകൊണ്ട് ബ്രസീലില്‍നിന്നുമുള്ള രണ്ടു യുവാക്കള്‍ എന്നിവരാണ് കുരിശിന്‍റെവഴിയുടെ മറ്റു സ്ഥലങ്ങളിലെ കുരിശുവാഹകര്‍.

ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബഷാരെ ബുത്രോസ് റായിയുടെ സഹായത്തോടെ രണ്ടു യുവാക്കളായ ഉദ്യോഗസ്ഥര്‍ ഒരുക്കിയതാണ് ഇത്തവണത്തെ കുരിശുയാത്രയുടെ ധ്യാനവും പ്രാര്‍ത്ഥനകളും. കുരിന്‍റെവഴിയുടെ സമാപനത്തില്‍ പാപ്പ സന്ദേശം നല്കുമെന്ന്
വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി അറിയിച്ചു.









All the contents on this site are copyrighted ©.