2013-03-27 20:20:04

ജീവന്‍റെ സ്രോതസ്സായ
കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടണം


27 മാര്‍ച്ച് 2013, ന്യൂയോര്‍ക്ക്
ക്രിസ്തുവിന്‍റെ രക്ഷാകര സ്നേഹം വിവാഹജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന്, കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ പ്രസ്താവിച്ചു. മാര്‍ച്ച് 26-ാം തിയതി ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന വിവാഹ ബന്ധത്തിന്‍റെ നിയമ സംരക്ഷണത്തിനായുള്ള മാര്‍ച്ചിന്, march for marriage-ന് പിന്‍തുണ നല്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷ്പ്പ് പാലിയ ഇങ്ങനെ പ്രസ്താവിച്ചത്.

അമേരിക്കന്‍ ഭരണകൂടം നിയമവത്ക്കരിക്കാന്‍ ഒരുങ്ങുന്ന സ്വവര്‍ഗ്ഗ വിവാഹ ബില്ലിനെതിരെ വിവിധ സംഘടനകളും ദേശീയ മെത്രാന്‍ സമിതിയും ചേര്‍ന്നാണ് വന്‍ പ്രതിഷേധ റാലി സംവിധാനംചെയ്തത്.
ക്രിസ്തു പ്രകടമാക്കിയ ത്യാഗസമര്‍പ്പണത്തിന്‍റെ പിതൃ-പുത്ര ബന്ധവും, നസ്രത്തിലെ മറിയത്തിന്‍റെയും ജോസഫിന്‍റെയും വ്യക്തി ജീവിതങ്ങളില്‍ നിഴലിച്ച ആത്മസമര്‍പ്പണവും ഇന്ന് വൈവാഹിക ജീവിതത്തിനും കുടുംബജീവിതത്തിനും മങ്ങാത്ത മാതൃകയാണെന്ന് ആര്‍ച്ചുബിഷ്പ്പ് പാലിയ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

ജീവിതാന്തസ്സിനും വ്യക്തി മഹാത്മ്യത്തിനും മാത്രമുള്ള നവയുഗത്തിന്‍റെ സ്വാര്‍ത്ഥമായ മുറവിളിയെ മറികടക്കുന്നതാണ് പ്രകൃതി നിയമവും ധാര്‍മ്മികതയെന്നും ആര്‍ച്ചുബിഷപ്പ് പാലിയ സന്ദേശത്തില്‍ സമര്‍ത്ഥിച്ചു. ദൈവികപദ്ധയിലെ അഭേദ്യമായ സ്ത്രീ-പുരുഷ ബന്ധമാണ് സമൂഹത്തിനും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണയും, നിലനില്പും നല്കുന്നതെന്നും, ജീവന്‍റെ സ്രോതസ്സായ കുടുംബങ്ങള്‍ക്ക് രൂപംനല്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് പാലിയ സന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി.










All the contents on this site are copyrighted ©.