2013-03-26 16:20:19

സിറിയന്‍ വിമതര്‍ ബന്ധിയാക്കിയ വൈദികന്‍റെ മോചനം നീളുന്നു


26 മാര്‍ച്ച് 2013, അലെപ്പോ
സിറിയന്‍ വിമതര്‍ ബന്ധിയാക്കിയ അര്‍മേനിയന്‍ കത്തോലിക്കാ വൈദികന്‍ ഫാ.മൈക്കിള്‍ കായേലിന്‍റെ മോചനത്തിനായി അലെപ്പോയിലെ അര്‍മേനിയന്‍ കത്തോലിക്കാ രൂപതാധ്യക്ഷന്‍, ബിഷപ്പ് മാരായാതി അഭ്യര്‍ത്ഥിക്കുന്നു. അലെപ്പോ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തുവച്ചാണ് ഫെബ്രുവരി 9ന് ഫാ.മൈക്കിളിനെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയത്. സിറിയന്‍ സര്‍ക്കാരിന്‍റെ പിടിയിലുള്ള 15 വിമത ഭടന്‍മാരുടെ മോചനവും രണ്ടുലക്ഷത്തിഅന്‍പതിനായിരം ഡോളര്‍ മോചനദ്രവ്യവുമാണ് കലാപകാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫാ.മൈക്കിള്‍ ജീവനോടെയുണ്ടെന്നതിനു തെളിവായി ഫെബ്രുവരി 20ന് സ്വന്തം അമ്മയോട് ഒരു നിമിഷനേരം സംസാരിക്കാന്‍ വിമതസംഘം അദ്ദേഹത്തെ അനുവദിച്ചിരുന്നു.
അതിനിടെ സിറിയിയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ യു.എന്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. സുരക്ഷാപ്രശ്നങ്ങള്‍ മൂലം സിറിയയിലെ യു.എന്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ താല്‍ക്കാലികമായി സ്ഥലം മാറ്റാന്‍ നിശ്ചയിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ യു.എന്‍ അറിയിച്ചു.
അതേ സമയം സിറിയയിലെ വിമത സംഘങ്ങളുടെ സംയുക്ത സമിതി (എസ്.എന്‍.സി) ഈ ആഴ്ച്ച നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. സിറിയന്‍ പ്രസിഡന്‍റ് ആസാദിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് എസ്. എന്‍.സി യ്ക്ക് അറബ് ലീഗ് അംഗത്വം നല്‍കിയിരിക്കുന്നത്.








All the contents on this site are copyrighted ©.