2013-03-26 16:21:29

പെസഹാത്തിരുന്നാള്‍ ആഘോഷിക്കുന്ന യഹൂദസമൂഹത്തിന് മാര്‍പാപ്പയുടെ ആശംസകള്‍


26 മാര്‍ച്ച് 2013, വത്തിക്കാന്‍
പെസഹാത്തിരുന്നാള്‍ ആഘോഷിക്കുന്ന യഹൂദസമൂഹത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാ സന്ദേശമയച്ചു. മാര്‍ച്ച് 25ാം തിയതി തിങ്കളാഴ്ച സൂര്യാസ്തമയത്തോടെ ആരംഭിച്ച പെസഹാത്തിരുന്നാളിനോടനുബന്ധിച്ച് റോമിലെ യഹൂദരുടെ പ്രധാന റബ്ബി റിക്കാര്‍ദോ ദി സെഞ്ഞിയ്ക്കാണ് മാര്‍പാപ്പ ആശംസാ സന്ദേശമയച്ചത്. തന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ യഹൂദ സമൂഹത്തിന്‍റെ പ്രതിനിധിയായി പങ്കെടുത്ത റബ്ബിയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തിയ മാര്‍പാപ്പ യഹൂദര്‍ക്ക് പെസഹാത്തിരുന്നാളിന്‍റെ ആശംസകള്‍ നേര്‍ന്നു. തന്‍റെ ജനത്തെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് നയിച്ച സര്‍വ്വശക്തനായ ദൈവത്തിന്‍റെ അനുഗ്രഹീത സാന്നിദ്ധ്യം എന്നും അവരോടൊപ്പമുണ്ടാകട്ടെയെന്നും സകല തിന്‍മകളില്‍ നിന്ന് ദൈവം അവരെ സംരക്ഷിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു.

ഫ്രാന്‍സിസ്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ സംബന്ധിക്കാനെത്തിയ മതനേതാക്കളുമായി മാര്‍ച്ച് 20ന് പാപ്പ നടത്തിയ കൂടിക്കാഴ്ച്ചയില്‍ റബ്ബി റിക്കാര്‍ദോ ദി സെഞ്ഞിയും സന്നിഹിതനായിരുന്നു.








All the contents on this site are copyrighted ©.