2013-03-26 16:21:13

ദൈവിക കാരുണ്യത്തെക്കുറിച്ച് ധ്യാനിക്കാന്‍ മാര്‍പാപ്പയുടെ ക്ഷണം


26 മാര്‍ച്ച് 2013, വത്തിക്കാന്‍
വിശുദ്ധ വാരത്തില്‍ ദൈവിക കാരുണ്യത്തെക്കുറിച്ച് ധ്യാനിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസസമൂഹത്തെ ക്ഷണിക്കുന്നു. 25ാം തിയതി തിങ്കളാഴ്ച, മംഗലവാര്‍ത്താ തിരുന്നാള്‍ ദിനത്തില്‍, വത്തിക്കാനിലെ സാന്താമാര്‍ത്ത മന്ദിരത്തിലുള്ള കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. രാവിലെ ഏഴ് മണിക്ക് താന്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെ വിവിധ ജീവനക്കാരെ ക്ഷണിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പതിവാണ്. മംഗലവാര്‍ത്താ തിരുന്നാളില്‍ പാപ്പ ക്ഷണിച്ചത് വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വാത്തോരെ റൊമാനോയിലെ ജീവനക്കാരെയായിരുന്നു.
ദൈവത്തിന് മനുഷ്യനോടുള്ള അനന്തമായ കാരുണ്യത്തിന്‍റെ പ്രകടനമാണ് യൂദാസിനോട് ക്രിസ്തുവിന്‍റെ പെരുമാറ്റമെന്ന് മാര്‍പാപ്പ പറഞ്ഞു. “മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്‍റെ പാദങ്ങളില്‍ പൂശുകയും തന്‍റെ തലമുടികൊണ്ട് അവന്‍റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു.” (യോഹ. 12:3) മറിയത്തിന്‍റെ ഈ പ്രവര്‍ത്തി കണ്ട യൂദാസിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു“എന്തുകൊണ്ട് ഈ തൈലം മുന്നൂറ് ദനാറയ്ക്ക് വിറ്റ് ദരിദ്രര്‍ക്കു കൊടുത്തില്ല?” യോഹ. 12:5). അവന്‍ ഇതു പറഞ്ഞത് അവന് ദരിദ്രരോടുള്ള പരിഗണന കൊണ്ടായിരുന്നില്ല. പ്രത്യുത അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും തന്‍റെ കയ്യിലെ പണസഞ്ചിയില്‍ നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണന്ന് വി.യോഹന്നാന്‍ രേഖപ്പെടുത്തുന്നു.

എന്നാല്‍ യേശു യൂദാസിനെ ‘കള്ളന്‍’ എന്നു വിളിച്ചില്ലെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നേരെ മറിച്ച് ക്രിസ്തു കരുണയോടെയാണ് അവനോട് പെരുമാറിയത്. ക്ഷമാപൂര്‍വ്വം യൂദാസിനെ തന്‍റെ സ്നേഹത്തിലേക്ക് നയിക്കാന്‍ യേശു ആഗ്രഹിച്ചു. ദൈവത്തിന് നാമോരോരുത്തരോടുമുള്ള കരുണയെക്കുറിച്ച് ഈ വിശുദ്ധ വാരത്തില്‍ ധ്യാനിക്കണമെന്ന് മാര്‍പാപ്പ ദിവ്യബലിയില്‍ സംബന്ധിച്ച വത്തിക്കാന്‍ ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു. നമ്മുടെ ബലഹീനതകളിലും വീഴ്ച്ചകളിലും ദൈവം നമ്മോടെങ്ങനെയാണ് പെരുമാറുന്നതെന്ന് ധ്യാനിക്കാന്‍ പാപ്പ അവരെ ക്ഷണിച്ചു.
“ഈ വിശുദ്ധ വാരത്തില്‍ ദൈവവുമായുള്ള നമ്മുടെ വ്യക്തിബന്ധത്തെക്കുറിച്ച് നമുക്ക് ധ്യാനിക്കാം. ക്രിസ്തു എത്രമാത്രം ക്ഷമയോടു കൂടിയാണ് എന്നോട് പെരുമാറുന്നത്? ” അവിടുത്തെ ക്ഷമയേയും കരുണയേയും കുറിച്ചു ധ്യാനിക്കുമ്പോള്‍ നമ്മുടെ ഹൃദയം കൃതജ്ഞതയാല്‍ നിറയും, “എന്‍റെ ദൈവമേ നിന്‍റെ കാരുണ്യത്തിന് നന്ദി” എന്ന കൃതജ്ഞതാ ഗീതം സ്വാഭാവികമായും നമ്മുടെ ഹൃദയത്തില്‍ നിന്ന് ഉയരുമെന്നും മാര്‍പാപ്പ പറഞ്ഞു.










All the contents on this site are copyrighted ©.