2013-03-25 15:36:53

സഭാചരിത്രം അഭ്രപാളിയില്‍


25 മാര്‍ച്ച് 2013, വത്തിക്കാന്‍
വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രം (CTV)ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പ്രകാശനം മാര്‍ച്ച് 27ന് വത്തിക്കാനില്‍ നടക്കും. 27ാം തിയതി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിലാണ് പ്രകാശന കര്‍മ്മം നടക്കുന്നതെന്ന് വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗ പ്രഖ്യാപനം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനും മാര്‍ച്ച് 23ന് കാസില്‍ഗണ്‍ഡോള്‍ഫോയില്‍വച്ച് നടത്തിയ കൂടിക്കാഴ്ച്ച വരെയുള്ള ചരിത്രസംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പ്രകാശന കര്‍മ്മത്തിന് സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കൗദിയോ മരിയ ചെല്ലി, വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ പുതിയ മേധാവി മോണ്‍.ദാരിയോ വിഗനോ എന്നിവര്‍ നേതൃത്വം നല്‍കും.
ഏപ്രില്‍ 2 മുതല്‍ ഇറ്റലിയിലെ മുഖ്യ ദിനപത്രങ്ങളിലൊന്നായ കൊറിയേറെ ദെല്ല സേര (Corriere della Sera) ഡോക്യുമെന്‍ററിയുടെ വിതരണം ആരംഭിക്കുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.