2013-03-25 15:36:40

ബ്രസീല്‍ മാര്‍പാപ്പയ്ക്കായി കാത്തിരിക്കുന്നു


25 മാര്‍ച്ച് 2013, റിയോ ഡി ജനീറോ
ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ബ്രസീലിലെ യുവജനമെന്ന് റിയോ ഡി ജനീറോ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഒറാനി ജ്വാവോ തെംപെസ്ത. ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി റോമിലെത്തിയിരിക്കുന്ന അദ്ദേഹം 2013 ജൂലെ മാസത്തില്‍ റിയോ ഡി ജനീറയില്‍ നടക്കുന്ന ആഗോള യുവജന സംഗമത്തിനായുള്ള ഒരുക്കങ്ങളെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. മാര്‍പാപ്പയോട് തങ്ങളുടെ സ്നേഹന്വേഷണങ്ങള്‍ പ്രത്യേകം അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബ്രസീലിലെ യുവജനം തന്നെ യാത്രയാക്കിയതെന്ന് ആര്‍ച്ചുബിഷപ്പ് ഒറാനി തെംപെസ്ത പറഞ്ഞു. റിയോയില്‍ ആഗോള യുവജന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ മുന്നേറുകയാണ്. യുവജനസംഗമത്തിനായി ഇതുവരെ പേരുനല്‍കിയവര്‍ക്കുള്ള താമസ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷങ്ങളില്‍ കൂടുതല്‍ പേര്‍ വരാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ട് ഇനിയും താമസസ്ഥലങ്ങള്‍ തയ്യാറാക്കാന്‍ സംഘാടക സമിതി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ആഗോള യുവജന സംഗമത്തിലെ പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ തന്നെയാണ് നടക്കുക. ജൂലൈ 25ാം തിയതി വ്യാഴാഴ്ച മുതല്‍ മാര്‍പാപ്പ യുവജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ആര്‍ച്ചുബിഷപ്പ് തെംപസ്ത വ്യക്തമാക്കി. എന്നാല്‍ മാര്‍പാപ്പ നഗരവാസികളോടും രാഷ്ട്ര നേതാക്കളോടും നടത്തുന്ന കൂടിക്കാഴ്ച്ചകളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പേപ്പല്‍ പരിപാടികളെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഏപ്രില്‍ അവസാനവാരത്തില്‍ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ടെംപസ്ത പറഞ്ഞു.









All the contents on this site are copyrighted ©.