2013-03-25 15:37:40

കുരിശിന്‍റെ സഹനവും പ്രത്യാശയും പങ്കുവയ്ക്കുന്ന ശ്ലീവാപാത


25 മാര്‍ച്ച് 2013, വത്തിക്കാന്‍
മാര്‍ച്ച് 29ാം തിയതി ദുഃഖവെള്ളിയാഴ്ച്ച, റോമിലെ വിശ്വപ്രസിദ്ധമായ കൊളോസിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ശ്ലീവാപാതയ്ക്കായി ലെബനീസ് യുവജനം തയ്യാറാക്കിയ ധ്യാനചിന്തകള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ലെബനോണിലെ മറോണീത്താ പാത്രിയാര്‍ക്കീസ് ബെച്ചറാ ബൗത്രോസ് റായിയുടെ നേതൃത്വത്തിലാണ് യുവജനങ്ങള്‍ ധ്യാനചിന്തകള്‍ തയ്യാറാക്കിയത്. “നിത്യജീവന്‍ പ്രാപിക്കാനുള്ള മാര്‍ഗ്ഗമെന്താണ്?”, “നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ എരിയുന്ന ഈ ചോദ്യത്തിന് യേശു ഉത്തരം നല്‍കിയത് കുരിശിന്‍റെ വഴിയിലൂടെ നടന്നുകൊണ്ടാണ്.” എന്ന വാക്യങ്ങളിലൂടെയാണ് ധ്യാനചിന്തകള്‍ ആരംഭിക്കുന്നത്. ക്രിസ്തുവിന്‍റെ കുരിശ് അര്‍ത്ഥമാക്കുന്ന സഹനവും പ്രത്യാശയും ഇന്നത്തെ സാമൂഹ്യസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് യുവജനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിചിന്തനങ്ങളില്‍ മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവര്‍ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരെ പ്രതിനിധീകരിച്ച് കുരിശിന്‍റെ വഴിയുടെ ധ്യാന ചിന്തകള്‍ തയ്യാറാക്കാന്‍ മറോണീത്താ പാത്രിയാര്‍ക്കീസിനെ ക്ഷണിച്ചത്.
2012 സെപ്തംബറില്‍ (14-16) മാര്‍പാപ്പ ലെബനോണിലേക്കു നടത്തിയ അപ്പസ്തോലിക പര്യടനത്തിന്‍റെ സ്മരണയിലായിരുന്നു ഈ ക്ഷണം.








All the contents on this site are copyrighted ©.