2013-03-25 15:37:04

കര്‍ദിനാള്‍ ബെര്‍ഗോളിയോയുടെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുന്നു


25 മാര്‍ച്ച് 2013, റോം
കര്‍ദിനാള്‍ ഹോര്‍ഗേ മരിയ ബെര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് രചിച്ച ഗ്രന്ഥങ്ങളുടെ പ്രഥമ ഇറ്റാലിയന്‍ പരിഭാഷ പ്രസിദ്ധീകൃതമായി. ‘അഴിമതിയില്‍ നിന്ന് സൗഖ്യം പ്രാപിക്കുക’ (Guarire dalla corruzione), ‘എളിമ, ദൈവത്തിങ്കലേക്കുള്ള മാര്‍ഗ്ഗം’ (Umiltà, la strada verso Dio) എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശനം മാര്‍ച്ച് 26ന് റോമില്‍ നടക്കും. കര്‍ദിനാള്‍ ബെര്‍ഗോളിയോ അര്‍ജ്ജന്‍റീനയിലെ ബ്യൊനെയ് എയിരെസ് അതിരൂപതാദ്ധ്യക്ഷനായി ശുശ്രൂഷ ചെയ്യുമ്പോള്‍ രചിച്ച ഈ ഗ്രന്ഥങ്ങളുടെ ഇറ്റാലിയന്‍ പരിഭാഷ പ്രസിദ്ധീകരിക്കുന്നത് ഇറ്റലിയിലെ മിഷനറി പ്രസിദ്ധീകരണശാലയാണ് (Editrice Missionaria Italiana).

ഇഗ്നേഷ്യന്‍ ആത്മീയതയെ കേന്ദ്രമാക്കി കര്‍ദിനാള്‍ ബെര്‍ഗോളിയോ 2005ല്‍ നടത്തിയ ഒരു പ്രഭാഷണ പരമ്പരയില്‍ നിന്നാണ് ഈ രണ്ട് ഗ്രന്ഥങ്ങളും ഉരുത്തിരിഞ്ഞത്. ‘അഴിമതിയില്‍ നിന്ന് സൗഖ്യം പ്രാപിക്കുക’ (Guarire dalla corruzione) എന്ന ഗ്രന്ഥം കൈകാര്യം ചെയ്യുന്നത് സാമൂഹ്യ വിഷയങ്ങളാണ്. അര്‍ജ്ജന്‍റീനയിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രന്ഥത്തിലെ പ്രബോധനങ്ങള്‍ സാര്‍വ്വത്രിക പ്രാധാന്യമുള്ളതാണെന്ന് പ്രസാധകര്‍ സമര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അഴിമതിയും ധാര്‍മ്മിക മൂല്യച്യുതിയും നിരീക്ഷിച്ചുകൊണ്ട് ഈ തിന്‍മകളുടെ ആത്യന്തിക കാരണത്തെക്കുറിച്ചാണ് കര്‍ദിനാള്‍ ബെര്‍ഗോളിയോ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്.
ആത്മീയ ജീവിതത്തെ സംബന്ധിച്ച ‘എളിമ, ദൈവത്തിങ്കലേക്കുള്ള മാര്‍ഗ്ഗം’ (Umiltà, la strada verso Dio) എന്ന ഗ്രന്ഥത്തിലുടനീളം ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായ ഗാസയിലെ ദോരോതെയെ കര്‍ദിനാള്‍ ബെര്‍ഗോളിയോ അനുസ്മരിക്കുന്നു. എളിമയെന്ന പുണ്യത്തില്‍ ജീവിക്കാന്‍ മാര്‍ഗ്ഗദര്‍ശനമേകുന്ന ഈ ഗ്രന്ഥത്തിന്‍റെ ഇറ്റാലിയന്‍ പരിഭാഷയ്ക്ക് അവതാരിക തയ്യാറാക്കിയിരിക്കുന്നത് ബോസെ ആശ്രമാധിപന്‍ എന്‍സോ ബിയാങ്കിയാണ്.








All the contents on this site are copyrighted ©.