2013-03-21 20:28:13

ഹോസാനാ മഹോത്സവത്തോടെ
വിശുദ്ധവാരത്തിന് തുടക്കം


21 മാര്‍ച്ച് 2013, വത്തിക്കാന്‍
വത്തിക്കാനില്‍ മാര്‍ച്ച് 24-ാം തിയതി ഹോസാനാ ഞായര്‍ ദിനത്തില്‍ പാപ്പ ഫ്രാന്‍സ്സിസ് പ്രദക്ഷിണം നയിക്കുകയും ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യുമെന്ന് ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍. ഗ്വീദോ മരീനി അറിയിച്ചു. ക്രിസ്തുവിന്‍റെ ജരൂസലേം പ്രവേശനം അനുസ്മരിപ്പിച്ചുകൊണ്ട് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് പാപ്പാ ഫ്രാന്‍സ്സിസ് നയിക്കുന്ന ഒലിവുചില്ലകളും കുരുത്തോലകളും ഏന്തിക്കൊണ്ടുള്ള പ്രദിക്ഷിണത്തോടെ വത്തിക്കാനില്‍ വിശുദ്ധ വാരാഘോഷങ്ങള്‍ക്ക് തുടക്കമാകുമെന്നും മോണ്‍സീഞ്ഞോര്‍ മരീനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ നയിക്കുന്ന പ്രദിക്ഷണത്തെ തുടര്‍ന്ന് അവിടെത്തന്നെയുള്ള താല്ക്കാലിക വേദിയില്‍ പാപ്പ ഹോസാന ദിവ്യബലിയര്‍പ്പിക്കും. വിശ്വാസ സമൂഹത്തോടൊപ്പം കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സന്ന്യസ്തരും പങ്കെടുക്കുന്ന ബലിയില്‍
പാപ്പ വചനപ്രഘോഷണം നടത്തുമെന്നും പ്രസ്തവന വെളിപ്പെടുത്തി.

റോമാ രൂപതിയിലും യൂറോപ്പിലെ വിവിധ രൂപതകളിലും അന്നേദിവസം യുവജന ദിനമായും ആചരിക്കപ്പെടും. “നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” (മത്തായി 28, 19) എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം പ്രചോദനമാക്കിക്കൊണ്ടാണ് ഇക്കുറി ഹോസാനാ ഞായര്‍ ദിനത്തില്‍ യുവജനദിനം ആഘോഷിക്കപ്പെടുന്നതെന്നും മോണ്‍സീഞ്ഞോര്‍ മരീനിയുടെ പ്രസ്താവ വ്യക്തമാക്കി.








All the contents on this site are copyrighted ©.