2013-03-21 20:04:07

സഭയിലെ ഭിന്നതയ്ക്കു കാരണം
ഭൗതിക ലക്ഷൃങ്ങളെന്ന് പാത്രിയര്‍ക്കിസ്


21 മാര്‍ച്ച് 2013, വത്തിക്കാന്‍
ഭൗതിക ലക്ഷൃങ്ങളാണ് ക്രിസ്തുവിന്‍റെ സഭയില്‍ താല്പര്യഭേദങ്ങളും ഭിന്നതയും വരുത്തിയതെന്ന്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, ബര്‍ത്തലോമ്യോ പ്രഥമന്‍ പ്രസ്താവിച്ചു.
ക്രൈസ്തവസഭകളുടെ പ്രതിനിധികളും വിവിധ മതനേതാക്കളുമായി മാര്‍ച്ച് 20-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സ്സിസ് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ആമുഖമായുള്ള പ്രഭാഷണത്തിലാണ് കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ ഇങ്ങനെ പ്രസ്താവിച്ചത്. രണ്ടായിരം വര്‍ഷത്തെ സഭാചരിത്രത്തില്‍ മാനുഷികവും ഭൗതികവുമായ ലക്ഷൃങ്ങള്‍ കടന്നുകൂടിയപ്പോള്‍ സഭ ക്രിസ്തുവില്‍നിന്നും അവിടുത്തെ സുവിശേഷ മൂല്യങ്ങളില്‍നിന്നും അകന്നുപോയിട്ടുണ്ടെന്നും,
അങ്ങനെ താല്പര്യഭേദങ്ങളും അധികാരഭ്രമവും ക്രൈസ്തവ സമൂഹങ്ങളെ തമ്മില്‍ അകറ്റിയിട്ടുണ്ടെന്നും പാത്രിയര്‍ക്കിസ് ബര്‍ത്തലേമ്യോ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

ക്രിസ്തുവിലുള്ള ഐക്യവും കൂട്ടായ്മയും പ്രഥമവും പ്രധാനവുമായ ലക്ഷൃമാക്കിക്കൊണ്ട്, വിശ്വാസയോഗ്യമായൊരു ക്രിസ്തുസാക്ഷൃം നവയുഗത്തിന് നല്കണമെങ്കില്‍ ക്രൈസ്തവൈക്യം അനിവാര്യമാണെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലേമ്യോ ചൂണ്ടിക്കാട്ടി.

പ്രതിസന്ധികളുള്ള മനുഷ്യന്‍റെ ഇന്നത്തെ ലോകജീവിതം സുഖകരമാക്കേണ്ടത് ക്രിസ്തുവിലുള്ള സത്യത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും ജീവിതശൈലി ലോകത്തിനു കാണിച്ചുകൊണ്ടായിരിക്കണമെന്നും, പാപ്പാ ഫ്രാന്‍സ്സിസ് ആരംഭിച്ചിരിക്കുന്ന സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും പാതയിലുള്ള സഭാ ഭരണത്തില്‍ കിഴക്കന്‍ സഭകളുടെ സഹകരണവും സ്നേഹസാമീപ്യവും എപ്പോഴും ഉണ്ടായിരിക്കും എന്ന വാഗ്ദാനത്തോടെയാണ് 73 വയസ്സുകാരന്‍, പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.