2013-03-21 20:12:31

പാപ്പായോടുളള ഐക്യം
ക്രിസ്തുവിനോടുള്ള ഐക്യമെന്ന്
ഫാദര്‍ ചാവെസ്സ്


21 മാര്‍ച്ച് 2013, വത്തിക്കാന്‍
സഭാതലവനായ പാപ്പായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നുവെന്ന്, സലീഷ്യന്‍ സഭയുടെ റെക്ടര്‍ മെയ്ജര്‍, ഡോണ്‍ പാസ്ക്വാള്‍ ചാവെസ് പ്രസ്താവിച്ചു. ജന്മനാടായ ലാറ്റിനമേരിക്കയില്‍ വച്ചുള്ള സൗഹൃദം അനുസ്മരിച്ചുകൊണ്ടും ഡോണ്‍ബോസ്ക്കോയുടെ പൈതൃകം പുതുക്കിക്കൊണ്ടുമാണ് ഫാദര്‍ ചാവെസ്സ് സലീഷ്യന്‍ സഭാംഗങ്ങളുടെ പേരില്‍ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സ്സിസിന് അനുമോദനങ്ങള്‍ അര്‍പ്പിച്ചത്.

മെക്സിക്കന്‍ സ്വദേശിയുമായ ഡോണ്‍ ചാവെസ്സ് പാപ്പാ ഫ്രാന്‍സ്സിസുമായി അര്‍ജന്‍റീനയില്‍വച്ചുള്ള മുന്‍സൗഹൃദ സമ്മേളനങ്ങളും കൂടിക്കാഴ്ചകളും സന്ദേശത്തില്‍ അനുസ്മരിക്കുന്നുണ്ട്.
2012-ലെ ലാറ്റിനമേരിക്കന്‍ കരീബിയന്‍ സഭാ സമ്മേളനം 2007- ജനുവരിയില്‍ അര്‍ജന്‍രീനയിലെ സലീഷ്യന്‍ വിദ്യാര്‍ത്ഥി സെഫറീനാ നമങ്കൂരയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന കര്‍മ്മം, അര്‍ജന്‍റീനായിലെ സലീഷ്യന്‍ ബ്രദര്‍ ആര്‍ക്കമീഡെ സാത്തിയുമായി പാപ്പാ ഫ്രാന്‍സ്സിസിനുണ്ടായിരുന്ന സഹൃദ്ബന്ധം എന്നിവ സന്ദേശത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ഡോണ്‍ ബാസ്ക്കോയുടെ പൈതൃകത്തില്‍ പാപ്പായുടെ ആഗ്രഹം സലീഷ്യന്‍ സഭാംഗങ്ങള്‍ക്ക് ആജ്ഞയാണെന്നും, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രബോധനങ്ങള്‍ ജീവിതനിയമങ്ങളാണെന്നുമുള്ള ഡോണ്‍ബോസ്ക്കോയുടെ പഠനങ്ങള്‍ വിശുദ്ധന്‍റെ ഓര്‍മ്മക്കുറിപ്പില്‍നിന്നും ഉദ്ധരിച്ചുകൊണ്ടാണ് അനമോദനസന്ദേശം നീളുന്നത്. പരസ്പര സൗഹൃദത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും പ്രതീകമായി ക്രിസ്ത്യാനികളുടെ സഹായിയായ മറിയത്തിന്‍റെ മരത്തില്‍ത്തീര്‍ത്ത മനോഹരമായ സ്വരൂപം പാപ്പായ്ക്കു സമ്മാനമായും ഡോണ്‍ ചാവെസ്സ് കൊടുത്തയച്ചിരുന്നു.

സുവിശേഷ മൂല്യങ്ങളില്‍ ഊന്നിയ ലാളിത്യവും ജീവിതവിശുദ്ധിയും തന്‍റെ സ്വാഭാവിക ശൈലിയില്‍ പഠിപ്പിച്ചുകൊണ്ട് ആഗോള സഭയെ നവീകരിക്കാനുള്ള കരുത്ത് പാപ്പായ്ക്ക് ഉണ്ടാവട്ടെയെന്നും,
അതിനുള്ള പിന്‍തുണ സലീഷ്യന്‍ കുടുബത്തിന്‍റെ പേരില്‍ വാഗ്ദാനം ചെയ്തുകൊണ്ടുമാണ് ഡോണ്‍ബോസ്കോയുടെ 9-ാമത്തെ പിന്‍ഗാമി, പാസ്ക്വാള്‍ ചാവെസ്സ് അനുമോദന സന്ദേശം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.