2013-03-21 19:16:30

ജയിലിലെ യുവജനങ്ങള്‍ക്കൊപ്പം
പാപ്പാ ഫ്രാന്‍സ്സിസ് പെസഹാ ബലിയര്‍പ്പിക്കും


21 മാര്‍ച്ച് 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സ്സിസ് പെസഹാ വ്യാഴാഴ്ചത്തെ തിരുവത്താഴപൂജ യുവജനങ്ങള്‍ക്കായുള്ള ജയിലില്‍ അര്‍പ്പിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. റോമിലുള്ള casa del marmo
‘മാര്‍ബിള്‍ മന്ദിരം’ എന്നു വിളിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായുള്ള ജയിലിലാണ് പാപ്പാ പെസഹാബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജയിലിനോടു ചേര്‍ന്നുള്ള ‘ദൈവം കാരുണ്യവാനായ പിതാവ്’ എന്ന കപ്പേളയില്‍ പെസഹാ വ്യാഴാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 5.30-ന് പാപ്പ ജയില്‍ വാസികളുടെ കാലുകഴുകല്‍ ശുശ്രൂഷ നടത്തിയശേഷം ബലിയര്‍പ്പിക്കുയും വചനം പങ്കുവയ്ക്കുകയും ചെയ്യുമെന്ന് പ്രസ്താവന വെളിപ്പെടുത്തി.

തന്‍റെ ഭദ്രാസന ദേവാലയമായ റോമിലെ സെന്‍റ് ജോണ്‍ ലാറ്ററാന്‍ ബസിലിക്കയിലെ പെസഹാ വ്യാഴാഴ്ചത്തെ തിരുവത്താഴപൂജയുടെ പതിവും പാരമ്പര്യവും തെറ്റിച്ചാണ് വത്തിക്കാനില്‍നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള യുവജനങ്ങളുടെ ജയിലില്‍ പാപ്പ പെസഹാ ആഘോഷത്തിനു പോകുന്നത്.

എന്നാല്‍ പെസഹാ വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പ പൗരോഹിത്യകൂട്ടായ്മയുടെ ദിവ്യബലി റോമാ രൂപതയിലെ വൈദീകരോടും വിശ്വാസികളോടും ചേര്‍ന്ന് അര്‍പ്പിച്ച്, അഭിഷേക തൈലങ്ങള്‍ ആശിര്‍വ്വദിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.