2013-03-19 16:29:34

മാര്‍പാപ്പയുടെ മുഖ്യ പൊതുപരിപാടികള്‍


19 മാര്‍ച്ച് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത പ്രധാന പൊതുപരിപാടികളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിച്ച സ്ഥാനാരോഹണ ദിവ്യബലിക്കുശേഷം പേപ്പല്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്ര നേതാക്കളെ വത്തിക്കാന്‍ ബസിലിക്കയില്‍ വച്ച് മാര്‍പാപ്പ അഭിവാദ്യം ചെയ്തു. 132 രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രതിനിധികളായി രാജകുടുംബാംഗങ്ങള്‍, പ്രധാനമന്ത്രിമാര്‍, പ്രസിഡന്‍റുമാര്‍, നിയമസഭാദ്ധ്യക്ഷന്‍മാര്‍, മന്ത്രിമാര്‍, എന്നിവരുടെ ഒരു വന്‍ നിരതന്നെ മാര്‍പാപ്പയ്ക്ക് ആശംകളര്‍പ്പിക്കാനെത്തിയിരുന്നു. അര്‍ജ്ജന്‍റീനയിലേയും ഇറ്റലിയിലേയും രാഷ്ട്ര പ്രതിനിധികളായിരുന്നു ചടങ്ങിലെ മുഖ്യാത്ഥികള്‍. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ അന്താരാഷ്ട്ര സംഘടനകളുടെ തലവന്‍മാരും പേപ്പല്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ.കുര്യന്‍, എം.പി.മാരായ ആന്‍േറാ ആന്‍റണി, ജോസ് കെ.മാണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. തനിക്ക് ആശംകളര്‍പ്പിക്കാനെത്തിയ രാഷ്ട്രീയ നേതാക്കളെ വി.പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച് വ്യക്തിപരമായി കണ്ട് അഭിവാദ്യം ചെയ്ത മാര്‍പാപ്പ അവര്‍ക്ക് കൃതജ്ഞ രേഖപ്പെടുത്തി.
പേപ്പല്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ഇതര ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികളോട് 20ാം തിയതി ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തും. വത്തിക്കാനിലെ ക്ലെമന്‍റ് ഹാളില്‍ നടക്കുന്ന ഈ കൂടിക്കാഴ്ച്ചയില്‍ ഇതര മത പ്രതിനിധികളും പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു.
22ാം തിയതി വെള്ളിയാഴ്ച വത്തിക്കാനിലെ നയതന്ത്ര പ്രതിനിധികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തുമെന്ന് തിങ്കളാഴ്ച വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഫ്രാന്‍സിസ് മാര്‍പാപ്പ 23ാം തിയതി ശനിയാഴ്ച കാസില്‍ ഗണ്‍ഡോള്‍ഫോയിലെത്തി പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കും. മാര്‍ച്ച് 13ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ബെര്‍ഗോളിയോ അന്നു തന്നെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നെങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നില്ല.
ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന പ്രഥമ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് 24ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ വി.പത്രോസിന്‍റെ ചത്വരം വേദിയാകും. ഞായറാഴ്ചകളില്‍ പതിവുള്ള പൊതു ത്രികാല പ്രാര്‍ത്ഥനയും മാര്‍പാപ്പ നയിക്കുമെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.