2013-03-18 16:05:32

മാര്‍പാപ്പ പ്രകടമാക്കുന്നത് ലോകം മുഴുവനേയും ആശ്ലേഷിക്കുന്ന പിതൃവാത്സല്യം: കര്‍ദിനാള്‍ ടോപ്പോ


18 മാര്‍ച്ച് 2013, വത്തിക്കാന്‍
ലോകം മുഴുവനേയും ആശ്ലേഷിക്കുന്ന പിതൃവാത്സല്യമാണ് മാര്‍പാപ്പയുടേതെന്ന് കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ. ഫ്രാന്‍സിസ്സ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ അംഗമായിരുന്ന കര്‍ദിനാള്‍ ടോപ്പോ തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പറഞ്ഞത്. 2005ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവിലും പങ്കെടുത്തിട്ടുള്ള അദ്ദേഹം ഓരോ കാലഘട്ടത്തിനും അനുയോജ്യമായ മാര്‍പാപ്പമാരെ ദൈവമാണ് നിശ്ചയിക്കുന്നതെന്നും പ്രസ്താവിച്ചു. ഫ്രാന്‍സിസ്സ് മാര്‍പാപ്പയുടെ യൂറോപ്യന്‍ വേരുകളും ലാറ്റിനമേരിക്കന്‍ ജീവിതാനുഭവവും പത്രോസിന്‍റെ അജപാലന ശുശ്രൂഷയില്‍ അദ്ദേഹത്തിന് സഹായകമാകും. ‘ദരിദ്രയായ സഭ ദരിദ്രര്‍ക്കൊപ്പം നില്‍ക്കുന്നതു കാണാന്‍ താന്‍ ആഗ്രഹിക്കുന്നു’ എന്ന മാര്‍പാപ്പയുടെ വാക്കുകള്‍ യൂറോപ്പിലെ സമ്പന്നരോടുള്ള വേര്‍തിരിവായി കണക്കാക്കരുത്. എല്ലാവരേയും ഒരുപോലെ കണ്ട് വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും ആനന്ദത്തിന്‍റേയും സന്ദേശം പങ്കുവയ്ക്കാനാണ് മാര്‍പാപ്പ പരിശ്രമിക്കുന്നെതും കര്‍ദിനാള്‍ ടോപ്പോ അഭിപ്രായപ്പെട്ടു. സാര്‍വ്വത്രിക സഭയ്ക്ക് അമൂല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഈശോസഭാംഗമായ ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.