2013-03-18 16:05:40

കോണ്‍ക്ലേവ്: അവിസ്മരണീയമായ പ്രാര്‍ത്ഥനാനുഭവം


18 മാര്‍ച്ച് 2013, വത്തിക്കാന്‍
അവിസ്മരണീയമായ ഒരു പ്രാര്‍ത്ഥനാനുഭവമായിരുന്നു കോണ്‍ക്ലേവെന്ന് ഫിലിപ്പീന്‍സിലെ കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ താഗ്ലേ. 18ാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ പ്രഥമ കോണ്‍ക്ലേവ് അനുഭവം പങ്കുവയ്ച്ചത്. കോണ്‍ക്ലേവും അതിനു മുന്നോടിയായി നടന്ന പൊതുയോഗങ്ങളും തികച്ചും സൗഹാര്‍ദപരമായ അന്തരീക്ഷത്തിലായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ദിനാള്‍മാരുടെ തുറന്ന പെരുമാറ്റം തനിക്കേറെ ആത്മവിശ്വാസം പകര്‍ന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ഈ യോഗങ്ങളില്‍ കര്‍ദിനാള്‍മാര്‍ വിശകലനം ചെയ്തിരുന്നു. കത്തോലിക്കാ സഭയുടെ പ്രതിസന്ധികളെക്കുറിച്ച് മാധ്യമങ്ങള്‍ നടത്തുന്ന വിചാരണകള്‍ കര്‍ദിനാള്‍മാരുടെ ശ്രദ്ധയില്‍പെടാതിരിക്കുന്നില്ല. എന്നാല്‍ സഭാമക്കളെ അടുത്തയറിയുന്ന അജപാലകര്‍ക്ക് സഭ നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയുംകുറിച്ച് നേരിട്ടറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനാനിരതമായ അന്തരീക്ഷത്തിലാണ് കോണ്‍ക്ലേവ് നടന്നത്. ഭക്തിനിര്‍ഭരമായ ഒരു പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കുന്ന അനുഭവമായിരുന്നു അതെന്ന് കര്‍ദിനാള്‍ താഗ്ലേ പറഞ്ഞു. സാര്‍വ്വത്രിക സഭയുടെ പരമാധ്യക്ഷനായി കര്‍ദിനാള്‍ സംഘം തിരഞ്ഞെടുത്ത കര്‍ദിനാള്‍ ബെര്‍ഗോളിയയുടെ ലളിത ജീവിതവും ആത്മാര്‍ത്ഥമായ അജപാലന ശുശ്രൂഷയും തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ വ്യക്തിപരമായി പരിചയമുള്ള കര്‍ദിനാള്‍ താഗ്ലെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.