2013-03-12 18:15:58

'എക്സ്ട്രാ ഓംനിസ്': സിസ്റ്റൈന്‍ കപ്പേളയുടെ കവാടം അടച്ചു


12 മാര്‍ച്ച് 2013, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയുടെ 266ാ മത് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ആരംഭിച്ചു. 12ാം തിയതി ചൊവ്വാഴ്ച രാവിലെ നടന്ന സമൂഹ ദിവ്യബലിയോടെയാണ് കോണ്‍ക്ലേവ് ഔപചാരികമായി തുടക്കം കുറിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലരമണിയോടെ കര്‍ദിനാള്‍മാര്‍ അപ്പസ്തോലിക അരമനയിലെ സെന്‍റ് പോള്‍ ചാപ്പലില്‍ നിന്നും പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്കു പ്രവേശിച്ചു.
വിശുദ്ധ കുരിശും ദീപങ്ങളുമായിരുന്നു പ്രദക്ഷിണത്തിന്‍റെ ഏറ്റവും മുന്‍പില്‍. തുടര്‍ന്ന് സിസ്റ്റൈന്‍ കപ്പേളയില‍െ ഗായക സംഘം, കോണ്‍ക്ലേവിന്‍റെ സെക്രട്ടറി, കര്‍ദിനാള്‍മാരുമായി ധ്യാനചിന്തകള്‍ പങ്കുവയ്ച്ച കര്‍ദിനാള്‍ ഗ്രേച്ച് എന്നിവര്‍ക്കു പിന്നിലായി കര്‍ദിനാള്‍ സംഘം തങ്ങളുടെ സ്ഥാനമനുസരിച്ച് അണിനിരന്നു. കര്‍ദിനാള്‍ ഡീക്കന്‍മാരായ കര്‍ദിനാള്‍ ഹാര്‍വി, കര്‍ദിനാള്‍ വെര്‍സാള്‍ദി എന്നിവരായിരുന്നു കര്‍ദിനാള്‍ സംഘത്തിന്‍റെ മുന്‍പില്‍, പ്രദിക്ഷിണത്തിന് നേതൃത്വം നല്‍കിയ കര്‍ദിനാള്‍ മെത്രാന്‍മാരുടെ ഗണത്തില്‍ ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ റേ ആയിരുന്നു കര്‍ദിനാള്‍ സംഘത്തിന്‍റെ ഏറ്റവും ഒടുവില്‍. ആരാധനാക്രമകാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍.ഗ്വീദോ മരീനോ അദ്ദേഹത്തിനു തൊട്ടു പിന്നിലായി ഉണ്ടായിരുന്നു.
തദന്തരം കര്‍ദിനാള്‍മാരുടെ സത്യപ്രതിജ്ഞ നടന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം മോണ്‍.ഗ്വീദോ മരീനോ ‘എക്സ്ട്രാ ഓംനെസ്’ (എല്ലാവരും പുറത്ത്) പ്രഖ്യാപനം നടത്തിയതോടെ കര്‍ദിനാള്‍മാര്‍ക്കു പുറമേ കപ്പേളയില്‍ പ്രവേശിച്ച മറ്റെല്ലാവരും (ഏതാനും ചില സഹായികളൊഴികെ) പുറത്തേക്കിറങ്ങി. ഒടുവില്‍ ഇറ്റാലിയന്‍ സമയം 05.35ന് മോണ്‍.ഗ്വീദോ മരീനി സിസ്റ്റൈന്‍ കപ്പേളയുടെ കവാടം അടച്ച് മുദ്രവച്ചു.








All the contents on this site are copyrighted ©.