2013-03-11 17:17:02

കര്‍ദിനാള്‍മാരുടെ അവസാന പൊതുയോഗം സമാപിച്ചു


11മാര്‍ച്ച്2013, വത്തിക്കാന്‍
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മുന്നൊരുക്കമായി കര്‍ദിനാള്‍മാര്‍ നടത്തുന്ന പൊതുയോഗങ്ങള്‍ തിങ്കളാഴ്ച രാവിലെ സമാപിച്ചു. മാര്‍ച്ച് 4 മുതല്‍ 11വരെ ആകെ പത്ത് പൊതുയോഗങ്ങളാണ് കര്‍ദിനാള്‍മാര്‍ നടത്തിയത്. പത്ത് പൊതുയോഗങ്ങളിലായി ആകെ 161 ഹ്രസ്വപ്രഭാഷണങ്ങള്‍ നടന്നു. തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തില്‍ 28 കര്‍ദിനാള്‍മാര്‍ സംസാരിച്ചുവെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ലൊംബാര്‍ദി അറിയിച്ചു. പുതിയ മാര്‍പാപ്പയുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും അദ്ദേഹത്തെ സംബന്ധിച്ച് തങ്ങളുടെ പ്രതീക്ഷകള്‍ എന്തെല്ലാമാണെന്നും തിങ്കളാഴ്ച രാവിലെ നടന്ന പൊതുയോഗത്തില്‍ കര്‍ദിനാള്‍മാര്‍ സംസാരിച്ചുവെന്ന് ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വി.പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന സമൂഹബലിയോടെ (Pro Eligendo Romano Pontifice) കോണ്‍ക്ലേവ് ഔപചാരികമായി ആരംഭിക്കും. കര്‍ദിനാള്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന നടക്കുന്ന ദിവ്യബലിയില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളവരും (80 വയസിന് താഴെ പ്രായമുള്ളവര്‍) വോട്ടവകാശമില്ലാത്തവരുമായ (80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍) എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കും.
വിശ്വാസികള്‍ക്കും ഈ ദിവ്യബലിയില്‍ പങ്കെടുക്കാമെന്നും, ദിവ്യബലിയില്‍ പ്രവേശിക്കാന്‍ പ്രത്യേക പാസ്സ് ആവശ്യമില്ലെന്നും ഫാ.ലൊംമ്പാര്‍ദി അറിയിച്ചു.

കോണ്‍ക്ലേവിന് ഔപചാരികമായി തുടക്കം കുറിക്കുന്ന സമൂഹദിവ്യബലിയുടെയും കൊണ്‍ക്ലേവിനു മുന്‍പുള്ള പ്രദക്ഷിണത്തിന്‍റേയും വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന ആദ്യ വോട്ടെടുപ്പിന്‍റെ ഫലം അറിയിക്കുന്ന ‘പുക’ രാത്രി എട്ടു മണിയോടെ പ്രതീക്ഷിക്കാമെന്നും 2005ലെ കോണ്‍ക്ലേവ് അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പുതിയ പാപ്പായെ തിരഞ്ഞെടുത്തതിനു ശേഷമുള്ള ചടങ്ങുകളെക്കുറിച്ചും ഫാ.ലൊംബാര്‍ദി തദവസരത്തില്‍ വിശദീകരിച്ചു
പുതിയ മാര്‍പാപ്പ സ്ഥാനമേല്‍ക്കുന്ന ദിവ്യബലി ഒരു ഞായറാഴ്ച ആയിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഒരു ഇടദിവസമായേക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.