2013-03-06 11:33:03

വിയറ്റ്നാം: തടവിലാക്കപ്പെട്ട കത്തോലിക്കരുടെ മോചനത്തിന് ക്രൈസ്തവരും ബുദ്ധമതക്കാരും ഒരുമിച്ച് അണിനിരക്കുന്നു


05 മാര്‍ച്ച്2013, വിയറ്റ്നാം
വിയറ്റ്നാം സര്‍ക്കാര്‍ അനധികൃതമായി തടവിലാക്കിയിരിക്കുന്ന കത്തോലിക്കരുടെ മോചനത്തിനായി വിയറ്റ്നാമിലെ ക്രൈസ്തവരും ബുദ്ധമതക്കാരും ഒരുമിച്ച് പ്രചരണ പരിപാടികള്‍ ആരംഭിച്ചു. ക്രൈസ്തവ - ബുദ്ധമത നേതാക്കള്‍ സംയുക്തമായി ഒപ്പുവച്ച നിവേദന സമര്‍പ്പണവും പരിപാടിയുടെ ഭാഗമാണ്. ഫെബ്രുവരി മധ്യത്തോടെ നിവേദനത്തില്‍ ഒപ്പുവച്ച പതിനായിരത്തിലേറെ വ്യക്തികളില്‍ കത്തോലിക്കാ മെത്രാന്‍മാരും വിയ്റ്റ്നാം ബുദ്ധമതനേതാക്കളുടെ കേന്ദ്ര സമിതി അംഗങ്ങളും ഉള്‍പ്പെടുന്നു. ഒരു സംഘം കത്തോലിക്കരെ അന്യായമായി തടവിലാക്കിയ നടപടി ജനങ്ങള്‍ക്കു മുന്‍പില്‍ തുറന്നുകാട്ടാനും ഇത്തരം സംഭവങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താനും വേണ്ടിയാണ് പ്രചരണ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന കത്തോലിക്കരില്‍ ഒരാളുടെ ഇളയ സഹോദരനാണ് ഒരു റേഡിയോ പരിപാടിയിലൂടെ രാജ്യശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിച്ചത്. അന്യായമായ തടങ്കല്‍ നടപടികള്‍ക്കെതിരേ 2013 ജനുവരി മാസം ആരംഭിച്ച പ്രചരണ പരിപാടികള്‍ രാജ്യത്തിന്‍റെ ഉത്തര ദക്ഷിണ ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു.








All the contents on this site are copyrighted ©.