2013-03-06 11:33:13

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് കൃതജ്ഞതയര്‍പ്പിക്കുന്ന ചൈനീസ് കത്തോലിക്കര്‍


05 മാര്‍ച്ച്2013, വിയറ്റ്നാം
മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ചൈനയിലെ കത്തോലിക്കരുടെ സ്നേഹാദരങ്ങളും കൃതജ്ഞതയും. ചൈനയിലെ കത്തോലിക്കാ മെത്രാന്‍മാരും വൈദികരും സന്ന്യസ്തരും അല്‍മായരും സംയുക്തമായി അയച്ച കത്ത് ഫെബ്രുവരി 28ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ചൈനീസ് കത്തോലിക്കര്‍ക്കിടയിലെ വിഭാഗീയതകളും അതുമൂലമുണ്ടായ മുറിവുകളും മാര്‍പാപ്പയ്ക്ക് ഒത്തിരി വേദന നല്‍കിയിട്ടുണ്ട്. എന്നിട്ടും തങ്ങളെ ഹൃദയത്തോടു ചേര്‍ത്ത് പിതൃസഹജമായ വാത്‍സല്യത്തോടെ സ്നേഹിച്ച മാര്‍പാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമനെന്ന് ചൈനയിലെ കത്തോലിക്കര്‍ സാക്ഷൃപ്പെടുത്തി. ചൈനീസ് കത്തോലിക്കര്‍ അഭിമുഖികരിക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ മാര്‍പാപ്പ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ചൈനയോടും ചൈനീസ് ജനതയോടുമുള്ള സനേഹത്തിന്‍റേയും കരുതലിന്‍റേയും അടയാളമായി പാപ്പ അവര്‍ക്ക് തന്‍റെ ആശീര്‍വാദമേകിയതും കത്തോലിക്കര്‍ അനുസ്മരിച്ചു. ചൈനയിലെ കത്തോലിക്കര്‍ക്കായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2007ല്‍ അയച്ച കത്തിനും അവര്‍ നന്ദി പറഞ്ഞു.
സത്യാന്വേഷണത്തിനും മനുഷ്യാന്തസിന്‍റെ സംരക്ഷണത്തിനും, നവസുവിശേഷവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കിയ കാലമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ശുശ്രൂഷാകാലം ചരിത്രത്തിലെന്നും അനുസ്മരിക്കപ്പെടും. അധികാരത്തിനും ബഹുമതിക്കും സ്ഥാനമാനങ്ങള്‍ക്കു മുന്‍പില്‍ പാപ്പ സ്വീകരിച്ച നിസംഗവും സ്വതന്ത്രവുമായ നിലപാടാണ് ആനുകാലിക ലോകത്തിലെ പ്രതിസന്ധികള്‍ ധീരമായി നേരിടാന്‍ അദ്ദേഹത്തെ സഹായിച്ചതെന്നും ചൈനയിലെ കത്തോലിക്കര്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.