2013-03-06 11:23:02

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ : വ്യക്തിയും സന്ദേശവും


2005 ഏപ്രില്‍ 19, വൈകീട്ട് 6.45.. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയവരും വിവിധ മാധ്യമങ്ങളിലൂടെ ലോകം മുഴുവനും ആ പ്രഖ്യാപനം കേട്ടു. “ഹബേമൂസ് പാപാം.” കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ വിശുദ്ധ പത്രോസിന്‍റെ 264-മത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ബെനഡിക്ട് പതിനാറാമന്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടും. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആദ്യത്തെ വാക്കുകളിവയായിരുന്നു “പ്രിയ സഹോദരീസഹോദരന്‍മാരേ, മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു ശേഷം ആദരണീയരായ കര്‍ദിനാള്‍മാര്‍, ഒരു സാധാരണക്കാരും എളിയവനുമായ എന്നെ, കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നു.” ആ നിമിഷം മുതല്‍ പിന്നീടുള്ള ഏട്ട് വര്‍ഷത്തോളം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജീവിച്ചുകാണിച്ച ലാളിത്യവും എളിമയും, അന്നുവരെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തിരുന്ന കര്‍ക്കശക്കാരനും ധാര്‍ഷ്ട്യനുമെന്ന പ്രതിച്ഛായയ്ക്ക് വിരുദ്ധമായിരുന്നു. എന്നാല്‍ എളിമ എല്ലാറ്റിന്‍റേയും മുമ്പില്‍ തലകുനിച്ച് നില്‍ക്കുന്ന ഭീരുത്വമല്ലെന്നും പാപ്പായ്ക്ക് നന്നായി അറിയാമായിരുന്നു. “ദൈവത്തിന്‍റെ ചിന്തയുടെ ഭാഗമാണ് ഞാനും എന്‍റെ സഹോദരങ്ങളും എന്ന തിരിച്ചറിവാണ് എളിമ”
ഈ കഴിഞ്ഞ ഫെബ്രുവരി 14ന് ഇടവക വൈദികരുമായുള്ള യോഗത്തില്‍ പാപ്പ പറഞ്ഞു, “എളിമ സത്യത്തോടുള്ള സ്നേഹമാണെ”ന്നും ഈ എളിമ “നമ്മെ സ്വതന്ത്രരാക്കു” മെന്നും.
ഈ എളിമയും അതിന്‍റെ ഫലമായ സ്വാതന്ത്ര്യവുമാണ് 2013 ഫെബ്രുവരി 28ന് മാര്‍പാപ്പ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള തീരുമാനം എടുക്കാനും എട്ടുവര്‍ഷത്തോളം സഭയ്ക്കകത്തും പുറത്തും യേശുവിനെ സധൈര്യം പ്രഘോഷിക്കാനും മാര്‍പാപ്പയെ സഹായിച്ചത്. ഇതേ സ്വാതന്ത്ര്യമാണ് തന്നെ ഏല്‍പ്പിച്ച ക്രിസ്തീയ സമൂഹത്തിന്‍റെ തെറ്റുകള്‍ സൗമ്യതയോടെ എന്നാല്‍ ദൃഢതയോടെ തിരുത്താന്‍ അദ്ദേഹത്തിന് കരുത്തേകിയതും. തന്‍റെ വൈദികര്‍ വരുത്തിവച്ച വലിയ വേദനയ്ക്ക് മാപ്പ് ചോദിയ്ക്കാനും ആ മുറിവുകള്‍ പേറുന്ന ധാരാളം പേരെ നേരില്‍ കാണാനും ആ വലിയിടയന്‍ തയ്യാറായി. സ്വന്തം കുറവുകള്‍ അംഗീകരിക്കാനുള്ള എളിമയും അദ്ദേഹത്തിനുണ്ട്. സ്ഥാനത്യാഗപ്രഖ്യാപന വേളയില്‍ മാര്‍പാപ്പ പറഞ്ഞു : “എന്‍റെ എല്ലാ കുറവുകള്‍ക്കും ഞാന്‍ മാപ്പുചോദിക്കുന്നു!”

എളിമയെക്കുറിച്ച് മാര്‍പാപ്പ പറയുന്നതിപ്രകാരമാണ്: “എളിമ ക്രിസ്തുവിനെ അനുഗമിക്കുന്നതിന്‍റെ പുണ്യമാണ്.” എങ്കില്‍ നിസംശയം നമുക്ക് പറയാനാകും, ഈ പാപ്പ ക്രിസ്തുവുമായി ഗാഢബന്ധമുള്ള വ്യക്തിയാണ്. യേശുവിനോടുള്ള മാര്‍പാപ്പയുടെ സ്നേഹത്തിന്‍റെ തെളിവാണ് നസ്രായനായ യേശുവിനെക്കുറിച്ച് അദ്ദേഹം രചിച്ച മൂന്ന് പുസ്തകങ്ങള്‍. ഈ പുസ്തകളിലൂടെയും തന്‍റെ വിവിധങ്ങളായ സന്ദേശങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടേയും തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരുന്ന സഭാ തനയരെ യേശുവിലേക്ക് അടുപ്പിക്കാനും അവിടുന്നുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കുന്നതിന് സഹായിക്കാനും മാര്‍പാപ്പ ശ്രമിച്ചു. 2005 ഏപ്രില്‍ 24ന് ഔദ്യോഗികമായി മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്ത ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശം അവസാനിപ്പിക്കുന്നത് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആദ്യ പ്രസംഗത്തിലെ ആശയം കടമെടുത്തിട്ടാണ്: “ക്രിസ്തുവിനെ ഭയപ്പെടാതിരിക്കുക! അവിടുന്ന് നമ്മില്‍ നിന്ന് ഒന്നും എടുത്തുകൊണ്ടുപോകുന്നില്ല. മറിച്ച് നിങ്ങള്‍ക്ക് എല്ലാം തരുന്നു. നാം നമ്മെത്തന്നെ അവിടുത്തേക്ക് നല്‍കുമ്പോള്‍ നൂറിരിട്ടിയായി നമുക്കത് തിരിച്ചുകിട്ടുന്നു! അതെ, തുറക്കുക! കര്‍ത്താവിനായി വാതിലുകള്‍ മലര്‍ക്കേ തുറിന്നിടുക, നിങ്ങള്‍ യഥാര്‍ത്ഥ ജീവന്‍ കണ്ടെത്തും!”
മാര്‍പാപ്പ പുറപ്പെടുവിച്ച മൂന്ന് ചാക്രിക ലേഖനങ്ങളിലും യേശുവുമായുള്ള വ്യക്തിബന്ധത്തിന്‍റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ‘ദൈവം സ്നേഹമാകുന്നു’ എന്ന തന്‍റെ ആദ്യത്തെ ചാക്രികലേഖനത്തില്‍ മാര്‍പാപ്പ എഴുതി: ക്രിസ്തുവിന്‍റെ കുത്തിതുറക്കപ്പെട്ട പാര്‍ശ്വത്തെ ധ്യാനിക്കുന്നതിലൂടെയാണ് ദൈവം സ്നേഹമാണെന്ന് നാം മനസിലാക്കുക! അവിടെനിന്നാണ് ഒരു ക്രിസ്ത്യാനി, തന്‍റെ ജീവിതവും സ്നേഹവും ചരിക്കേണ്ട പാത കണ്ടെത്തുന്നത് (9- 10,12). വിശ്വാസത്തേയും പ്രത്യാശയേയും കുറിച്ചെഴുതിയ ‘പ്രത്യാശയില്‍ രക്ഷ’ എന്ന തന്‍റെ രണ്ടാമത്തെ ചാക്രിക ലേഖനത്തില്‍ മാര്‍പാപ്പ പറയുന്നു: “യേശുവുമായുള്ള ഐക്യത്തിലൂടെയാണ് ദൈവവുമായുള്ള നമ്മുടെ ബന്ധം സ്ഥാപിക്കപ്പെടുന്നത്. യേശുവുമായുള്ള ഈ ഐക്യമാണ് മറ്റുള്ളവര്‍ക്കായി ജീവിക്കാനും നമ്മെ സഹായിക്കുന്നത്”. എന്നാല്‍ യേശുവുമായുള്ള ഐക്യവും അതുവഴി ദൈവവുമായി കൈവരുന്ന ബന്ധവും ഒരുവന്‍റെ വ്യക്തിപരമായ രക്ഷയെ മാത്രം ലക്ഷൃം വച്ചുള്ളതല്ല എന്ന് ഇതേ ചാക്രിക ലേഖത്തില്‍ പാപ്പ ഉത്ബോധിപ്പിക്കുന്നുണ്ട്. മാര്‍പാപ്പ ചോദിക്കുന്നു: “ക്രിസ്തീയത എന്നത് മറ്റുള്ളവരെ സേവിക്കുക എന്ന ആശയത്തെ നിരാകരിച്ച് സ്വയം രക്ഷയ്ക്കുള്ള സ്വാര്‍ത്ഥപരമായ ഒരന്വേഷണമായി നാമെങ്ങനെയാണ് ധരിച്ചുവെക്കാനിടയായത്?” യേശുവുമായുള്ള വ്യക്തിപരമായ ബന്ധം നമ്മെ സ്നേഹത്തില്‍ അധിഷ്ഠിതമായ ജീവിത സാക്ഷൃത്തിലേക്ക് നയിക്കണം എന്ന് മാര്‍പാപ്പ നിരന്തരം നമ്മെ ആഹ്വാനം ചെയ്തു.

തന്‍റെ ആദ്യത്തെ പ്രസംഗത്തില്‍ മാര്‍പാപ്പ പറയുകയുണ്ടായി: “മനുഷ്യകുലം, മരുഭൂമിയില്‍ വഴിയറിയാതെ വലയുന്ന അജഗണമാണ്[…] വിവിധ തരത്തിലുള്ള മരുഭൂമികളുണ്ട്. ദാരിദ്ര്യത്തിന്‍റെ മരുഭൂമി, വിശപ്പിന്‍റേയും ദാഹത്തിന്‍റേയും മരുഭൂമി, തിരസ്ക്കരണത്തിന്‍റേയും ഏകാന്തതയുടേയും തകര്‍ക്കപ്പെട്ട സ്നേഹത്തിന്‍റേയും മരുഭൂമി; ദൈവിക അസാന്നിദ്ധ്യത്തിന്‍റെ ഇരുള്‍മൂടിയ മരുഭൂമിയുണ്ട്;മനുഷ്യാന്തസ്സും ജീവിതത്തിന്‍റെ ലക്ഷൃവും തിരിച്ചറിയാനാവാത്ത ശൂന്യമായ ആത്മാവിന്‍റെ മരുഭൂമിയുണ്ട്; പുറമേയുള്ള മരുഭൂമികള്‍ വര്‍ദ്ധിച്ചുവരുന്നു... കാരണം, അകത്തെ മരുഭൂമികള്‍ അത്രയ്ക്കും വിസ്തൃതമായിക്കൊണ്ടിരിക്കുന്നു!” തുടര്‍ന്ന് മാര്‍പാപ്പ നടത്തിയത് ഒരു ക്ഷണമാണ്: “സഭ മുഴുവനും, ക്രിസ്തുവിനേപ്പോലെ, മറ്റുള്ളവരെ മരുഭൂമിയില്‍ നിന്ന് പുറത്തേക്ക് നയിക്കണം, ജീവനുള്ളിടത്തേക്ക്, ദൈവപുത്രനുമായുള്ള സൗഹൃദത്തിലേക്ക്, നമുക്ക് ജീവന്‍ നല്‍കുന്നവനിലേക്ക്, അത് സമൃദ്ധമായി നല്‍കുന്നവനിലേക്ക് നയിക്കണം.” ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഈ വാക്കുകളില്‍ സഭയേയും വിശ്വാസസമൂഹത്തേയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തമായ കാഴ്ച്ചപ്പാടാണ് ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്.

25 വര്‍ഷത്തോളം വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനെന്ന നിലയില്‍ സഭയുടെ വിശ്വാസ – ധാര്‍മ്മിക കാഴ്ച്ചപ്പാടുകളുടെ കാവല്‍ക്കാരനായിരുന്നു കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി വലിയ മുക്കുവന്‍റെ സ്ഥാനത്ത് അവരോധിതരനാകുമ്പോള്‍, സഭ എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും കൃത്യമായ ദര്‍ശനവും ബോധ്യവും ഉണ്ടായിരുന്നു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞന്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 7 വര്‍ഷവും 10 മാസവും 9 ദിവസും നീണ്ട പേപ്പല്‍ഭരണ കാലം ചരിത്രത്തിന്‍റെ ഭാഗമാകുമ്പോള്‍, 2005 ഏപ്രില്‍ 24ന് സ്ഥാനാരോഹണവേളയില്‍ നടത്തിയ വാക്കുകളുടെ തുടര്‍ച്ചയാണ് പിന്നീടങ്ങോട്ട് മാര്‍പാപ്പയുടെ രചനകളിലും പ്രഭാഷണങ്ങളിലും സന്ദേശങ്ങളിലും നിറഞ്ഞ് നിന്നതും സഭയുടെ താളമായി മാറിയതും.
‘ക്രിസ്തുവുമായുള്ള വ്യക്തിബന്ധം അഥവാ സൗഹൃദം’ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നമുക്ക് നല്‍കിയ ആത്മീയ പൈതൃകത്തിന്‍റെ കേന്ദ്രചിന്തകളിലൊന്നാണ്. ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ അടിയുറച്ച വിശ്വാസജീവിതവും ആനന്ദത്തോടെയുള്ള വിശ്വാസസാക്ഷൃവും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളില്‍ എല്ലായ്പ്പോഴും നിഴലിട്ടു നിന്നിരുന്നു. ദൈവശാസ്ത്ര ചിന്തകള്‍ അമൂര്‍ത്തമാണമെന്നും സാധാരണക്കാരന് അപ്രാപ്യമാണെന്നുമുള്ള വാദഗതികള്‍ക്ക് നേര്‍വിപരീതമായി ജീവിതയാഥാര്‍ത്ഥ്യത്തിന്‍റെ ഗന്ധവും സ്പന്ദനവും നിറഞ്ഞ പഠനങ്ങള്‍ മാര്‍പാപ്പ ലോകത്തിനു നല്‍കി. ‘ദൈവം സ്നേഹമാകുന്നു’ എന്ന പ്രഥമ ചാക്രികലേഖനത്തിലെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞങ്ങള്‍ ദൈവസ്നേഹത്തില്‍ വിശ്വസിക്കുന്നു എന്ന വാക്കുകളിലൂടെ ഓരോ ക്രിസ്ത്യാനിയും തന്‍റെ ജീവിത ദര്‍ശനം ഏറ്റുപറയുന്നു. ക്രിസ്ത്യാനിയായിരിക്കുക എന്നത് നമ്മുടെ ഒരു ധാര്‍മ്മിക തിരഞ്ഞെടുപ്പോ ആകര്‍ഷകമായ ഒരാശയമോ അല്ല മറിച്ച് ജീവിതത്തിന് പുത്തന്‍ അര്‍ത്ഥവും ദര്‍ശനവും നല്‍കിയ ക്രിസ്തുവെന്ന വ്യക്തിയോടുള്ള കൂടിക്കാഴ്ച്ചയാണ്... അതിനാല്‍ സ്നേഹമെന്ന് പറയുന്നത് വെറും കല്‍പനകള്‍ പാലിക്കുന്നതല്ല, നമ്മുടെ അടുക്കലേക്കു വന്ന ദൈവത്തിലേക്ക് തിരിയുന്നതാണ്....”..അദ്ദേഹം തുടര്‍ന്നു പറഞ്ഞു: “ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുകയാണ് നമ്മുടെ ജീവിത ലക്ഷൃം. ദൈവത്തെ കണ്ടുമുട്ടുന്നിടത്താണ് നമ്മുടെ ജീവിതം ആരംഭിക്കുന്നത്. ജീവിക്കുന്ന ദൈവത്തെ ക്രിസ്തുവില്‍ കണ്ടെത്തുമ്പോള്‍ ജീവിതത്തിന്‍റെ അര്‍ത്ഥമെന്താണെന്ന് നാം തിരിച്ചറിയുന്നു. നാമാരും തന്നെ പരിണാമ സിദ്ധാന്തത്തിന്‍റെ ആപേക്ഷിക രൂപപ്പെടലുകളല്ല, മറിച്ച് ദൈവിക ചിന്തയില്‍ ദൈവേച്ഛയില്‍ രൂപം കൊണ്ടവരാണ്. അതിനാല്‍ ക്രിസ്തുവുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ മനോഹരമായി മറ്റൊന്നുമില്ല.”

ദൈവവിശ്വാസത്തിന്‍റേയും ക്രിസ്തുസ്നേഹത്തിന്‍റേയും സാക്ഷികളായി ലോകത്തില്‍ ജീവിക്കണമെങ്കില്‍ ദൈവവുമായുള്ള വ്യക്തിബന്ധം കൂടിയേത്തീരൂ.
വ്യത്യസ്ഥ ജീവിത സാഹചര്യത്തില്‍ ക്രിസ്തുവിന് സാക്ഷൃം നല്‍കാന്‍ ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ളവരോട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പങ്കുവയ്ച്ച നുറുങ്ങു ചിന്തകള്‍:
കുടുംബങ്ങളോട് മാര്‍പാപ്പ പറഞ്ഞു: “നിര്‍ലോഭമായ സ്നേഹം അനുഭവിക്കുന്ന പ്രഥമ സ്ഥലമാണ് കുടുംബങ്ങള്‍, എന്നാല്‍ അത് സംഭവിക്കുന്നില്ലെങ്കില്‍ കുടുംബജീവിതം അസ്വഭാവികമായിതീരും, അവിടെയാണ് പ്രതിസന്ധികള്‍ ആരംഭിക്കുന്നത്.” (ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ച, 19 മെയ് 2012) മറ്റൊരു പ്രഭാഷണത്തില്‍ മാര്‍പാപ്പ അവരോടു പറഞ്ഞതിങ്ങനെയാണ് “മനുഷ്യഹൃദയങ്ങളേയും മനുഷ്യകുടംബത്തെ മുഴുവനും പരിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ള ശക്തിയാണ് സനേഹം, ഈ സ്നേഹത്തിലൂടെ വേണം ബന്ധങ്ങള്‍ ഈട്ടിയുറപ്പിക്കാന്‍.” (ഓശാന ഞായര്‍, 1ഏപ്രില്‍ 2007)

കുട്ടികള്‍ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ ഇങ്ങനെയാണ്. “നമ്മള്‍ സന്തോഷമുള്ളവരായിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നാം ആരാണെന്നറിഞ്ഞുകൊണ്ട് അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവിന്‍റെ സ്നേഹത്താല്‍ പരിവര്‍ത്തനപ്പെടുവാന്‍ നാം അനുവദിച്ചാല്‍ നമുക്ക് ലോകത്തെ തന്നെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. ഇതാണ് യഥാര്‍ത്ഥ സന്തോഷത്തിന്‍റെ രഹസ്യം. എന്‍റെ പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരെ, നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല, യേശു എല്ലായ്പ്പോഴും നിങ്ങളോടൊത്തുണ്ട്” തുടര്‍ന്ന്, കുട്ടികളെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യാന്‍ ഉത്തരവാദിത്വമുള്ളവരോട് മാര്‍പാപ്പ പറഞ്ഞു, “കുട്ടികളെ സംരക്ഷിക്കാനും കാത്തുപാലിക്കാനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. അത് അവരുടെ മുഖത്തുള്ള ചിരിമായ്ച്ചു കളഞ്ഞുകൊണ്ടല്ല. മറിച്ച് അവര്‍ സമാധാനത്തില്‍ ജീവിക്കുന്നതിനും ആത്മവിശ്വാസത്തോടെ ഭാവിയെ സമീപിക്കുന്നതിനുമാണ്”. (മെക്സിക്കോയില്‍ വച്ച് കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്, 2012 മാര്‍ച്ച് 24)
യുവാക്കളെക്കുറിച്ചുള്ള പ്രതീക്ഷയും ആഹ്വാനവും: “ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച ജീവിതത്തിന് നൂതന അര്‍ത്ഥവും ദിശയും നല്‍കും. തടസ്സങ്ങളും പ്രയാസങ്ങളും മറികടന്നുകൊണ്ട് ജീവിതവീഥിയിലൂടെ സധൈര്യം മുന്നോട്ട് പോകാനുള്ള കരുത്തും ഊര്‍ജ്ജവും ക്രിസ്തുവില്‍ നിങ്ങള്‍ കണ്ടെത്തും. യഥാര്‍ത്ഥ ആനന്ദത്തിന്‍റെ ഉറവിടമായ ക്രിസ്തു സ്നേഹത്തിന്‍റെ വിപ്ലവമാണ് നമ്മെ പഠിപ്പിക്കുന്നത്.” (മാര്‍പാപ്പ ലെബനോണിലെ യുവജനസംഗമത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്, 15 സെപ്തംബര്‍ 2012).
സഭയുടെ ഭാവിവാഗ്ദാനങ്ങളായ വൈദിക വിദ്യാര്‍ത്ഥികളോടുള്ള മാര്‍പാപ്പയുടെ സ്നേഹോപദേശം ഇപ്രകാരമാണ്: “വൈദികനാകാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും ആദ്യം ദൈവത്തിനായി ജീവിക്കുന്ന വ്യക്തിയാകണം. പൗരോഹിത്യത്തിലേക്കുള്ള യാത്രയിലും പൗരോഹിത്യ ജീവിതത്തിലും ഏറ്റവും പ്രധാനം ക്രിസ്തുവില്‍ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമാണ്.” (സെമിനാരി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി നടത്തിയ കൂടിക്കാഴ്ച്ച, 26 ജനുവരി 2012)
സന്ന്യസ്തരോടും സമര്‍പ്പിതരോടും മാര്‍പാപ്പ പറഞ്ഞു: “സുവിശേഷാധിഷ്ഠിതമായ ജീവിതം എന്നാല്‍ ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും വിശ്വാസത്തില്‍ ദൃഢത പ്രാപിക്കുകയെന്ന് അര്‍ത്ഥമാക്കുന്നു. ക്രിസ്തു സ്നേഹത്തിന്‍റെ സ്രോതസ്സിലേക്ക് പൂര്‍ണ്ണഹൃദയത്തോടെ ഇറങ്ങിചെല്ലുന്നതാണ് സമര്‍പ്പണ ജീവിതം. ആ സ്നേഹത്തിന് ഉപരിയായി ഒന്നും പ്രതിഷ്ഠിക്കാതെ പൂര്‍ണ്ണമായും അവിടുത്തേയ്ക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതമാണത്. ക്രിസ്തുവുമായുള്ള വ്യക്തിബന്ധമാണ് നിങ്ങളുടെ സമര്‍പ്പണജീവിതത്തെ പരിപോഷിപ്പിക്കുന്നതെന്ന് നിങ്ങള്‍ സ്വജീവിതത്തിലൂടെ തെളിയിക്കണം.” (മാദ്രിദ് ലോകയുവജന സമ്മേളനത്തില്‍ യുവ സന്ന്യസ്തരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ നിന്ന്, 19 ഓഗസ്റ്റ് 2011)
രാഷ്ട്രീയ സാമൂഹ്യ നേതാക്കളോട് മാര്‍പാപ്പ പറഞ്ഞു: “സജീവമായ വിശ്വാസം സ്നേഹത്തിലേക്കു നയിക്കുന്നു. സമാധാനസ്ഥാപകര്‍ എളിമയും നീതിയും ഉള്ളവരാകണം. വിശ്വാസികള്‍ക്കും സമാധാനസ്ഥാപനത്തില്‍ ഇന്ന് നിര്‍ണ്ണായക പങ്കുണ്ട്. നാം നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലും ദൈവികസമ്മാനമായ സമാധാനത്തിന് സാക്ഷൃം വഹിച്ചുകൊണ്ടാണ് അതു നിറവേറ്റേണ്ടത്” (മാര്‍പാപ്പ ലെബനോണിലെ രാഷ്ട്രീയ നേതാക്കളും, നയതന്ത്രജ്ഞരോടും നടത്തിയ പ്രഭാഷണത്തില്‍ നിന്ന്, 15 സെപ്തംബര്‍2012)
പ്രായമായവര്‍ക്കും രോഗത്താല്‍ വലയുന്നവര്‍ക്കും സാന്ത്വനസ്വരമായി മാര്‍പാപ്പയുടെ സ്വരം എത്തുന്നുണ്ട്: “ജീവിതം എന്നും മനോഹരമാണ്. സഹനത്തിലും സന്തോഷത്തിന്‍റെ പ്രസരിപ്പ് മുഖത്തു സൂക്ഷിക്കാന്‍ നമുക്ക് സാധിക്കണം...നാം ഒരിക്കലും മറക്കരുതാത്ത ഒരുകാര്യമുണ്ട്. നമ്മുടെ ഏറ്റവും വിലയേറിയ ആയുധമായ പ്രാര്‍ത്ഥന ഇപ്പോഴും നമ്മുടെ കൈവശമുണ്ട്. ദൈവവുമായുള്ള ബന്ധത്തില്‍, സഭയ്ക്കുവേണ്ടി, മാര്‍പാപ്പയ്ക്കുവേണ്ടി, ലോകത്തിന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടി, പാവങ്ങള്‍ക്കും അശരണര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക....നിങ്ങളുടെ പ്രാര്‍ത്ഥന ലോകത്തെ കാത്തുപാലിക്കുന്നു.” (റോമിലെ ഒരു വൃദ്ധസദനം സന്ദര്‍ശിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്, 12 നവംബര്‍ 2012)
സഭാഗാത്രത്തിലെ ഓരോ അംഗത്തിനും നല്‍കിയ അതേ ആഹ്വാനം മാര്‍പാപ്പ കര്‍ദിനാള്‍മാരോടും ആവര്‍ത്തിച്ചു. “നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുക, അവിടുത്തെ സഭയെ സ്നേഹിക്കുക, അതോടൊപ്പം മനുഷ്യവര്‍ഗ്ഗത്തെ മുഴുവനായും നിരുപാധികം സ്നേഹിക്കുക ”. (കര്‍ദിനാള്മാരുടെ പൊതുസമ്മേളനം – കണ്‍സിസ്റ്ററി- 18 ഫെബ്രുവരി 2012)
ദൈവസ്നേഹവും പരസ്നേഹവും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജീവിതവും സന്ദേശവും ഒരുപോലെ വര്‍ണ്ണാഭമാക്കി. കാല്‍വരിയിലെ കുരിശില്‍ കിടന്ന് ‘എല്ലാം പൂര്‍ത്തിയായി’ എന്നു പറഞ്ഞ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കും വിധം ‘ഞാന്‍ ദൈവഹിതത്തിന് കീഴ്വഴങ്ങുന്നു’ എന്നു പറഞ്ഞുകൊണ്ട് നിശബ്ദമായ ശുശ്രൂഷയിലേക്ക് പടിയിറങ്ങി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. മാര്‍പാപ്പ ആളിക്കത്തിച്ച വിശ്വാസതീജ്ജ്വാല നമ്മുടെ ഹൃദയത്തിനെന്നും പ്രകാശമായിരിക്കട്ടെ.
“ഞാനൊരു എളിയ തീര്‍ത്ഥാടകനാണ്, ജീവിതയാത്രയുടെ അവസാനഭാഗം താണ്ടുന്ന തീര്‍ത്ഥാടകന്‍. എന്‍റെ ഇനിയുള്ള ജീവിതത്തിലും പൂര്‍ണ്ണഹൃദയത്തോടും സ്നേഹത്തോടും ആന്തരീക കരുത്തോടും കൂടി പ്രാര്‍ത്ഥനയിലും വിചിന്തനത്തിലും സഭയുടേയും മാനവകുടുംബത്തിന്‍റേയും ക്ഷേമത്തിനു വേണ്ടി ശുശ്രൂഷ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്നേഹം എനിക്കു കരുത്തു പകരുന്നു. സഭയുടേയും ലോകത്തിന്‍റേയും ക്ഷേമത്തിനുവേണ്ടി കര്‍ത്താവിനോടൊത്ത് നമുക്കൊരുമിച്ചു മുന്നേറാം. നന്ദി”. (മാര്‍പാപ്പയുടെ അവസാന സന്ദേശം, കാസില്‍ഗണ്‍ഡോള്‍ഫോ, 28 ഫെബ്രുവരി 2013)

പരിപാടിയുടെ ശ്രാവ്യരൂപം: RealAudioMP3

(‘ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വ്യക്തിയും സന്ദേശവും’: ലേഖനം തയ്യാറാക്കിയത് ഫാ.മില്‍ട്ടന്‍ ജേക്കബ്, ബ്ര.ടോണി അറയ്ക്കല്‍, സി.റ്റാനിയ M.Id )








All the contents on this site are copyrighted ©.