2013-03-05 16:19:35

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഭൈക്യ സംരംഭങ്ങള്‍ അമൂല്യം:പാത്രിയാര്‍ക്കീസ് കിറില്‍


05 മാര്‍ച്ച്2013, വത്തിക്കാന്‍
സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഭൈക്യ സംരംഭങ്ങള്‍ അമൂല്യമെന്ന് റഷ്യന്‍ പാത്രിയാര്‍ക്കീസ് കിറില്‍ പ്രസ്താവിച്ചു. മുന്‍മാര്‍പാപ്പയ്ക്ക് അയച്ച കൃതജ്ഞതാ സന്ദേശത്തില്‍ അദ്ദേഹം നേതൃത്വം നല്‍കിയ സഭൈക്യ സംരംഭങ്ങള്‍ക്ക് പാത്രിയാര്‍ക്കീസ് കിറില്‍ നന്ദിപറഞ്ഞു. ധാര്‍മ്മിക മൂല്യച്യുതിയുടേയും ആപേക്ഷികതാവാദത്തിന്‍റേയും കുത്തൊഴുക്കിനെതിരേ പ്രതികരിച്ചുകൊണ്ട് സുവിശേഷ ചൈതന്യം ലോകത്തിനു പകര്‍ന്നു നല്‍കാനും മനുഷ്യാന്തസിന്‍റെ സംരക്ഷണത്തിനും ഓര്‍ത്തഡോക്സ് സഭ നടത്തുന്ന സുധീര പ്രയത്നങ്ങള്‍ മാര്‍പാപ്പ ഏറെ വിലമതിച്ചിരുന്നുവെന്ന് പാത്രിയാര്‍ക്കീസ് അനുസ്മരിച്ചു. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനായി സേവനമനുഷ്ഠിച്ചിരുന്ന കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംങ്ങറുമായി നടത്തിയ ഊഷ്മളമായ കൂടിക്കാഴ്ച്ചകളെക്കുറിച്ചും പാത്രിയാര്‍ക്കീസ് സന്ദേശത്തില്‍ അനുസ്മരിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സാഹോദര്യബന്ധം അരക്കിട്ടുറപ്പിക്കുന്ന നടപടികള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭാഗത്തു നിന്നുണ്ടായി. ആധുനിക ലോകത്തില്‍ ക്രിസ്തുവിന് സാക്ഷൃം നല്‍കാന്‍ കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭാംഗങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന മാര്‍പാപ്പയുടെ ആഹ്വാനം സഭൈക്യ സംരംഭങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കിയെന്ന് പാത്രിയാര്‍ക്കീസ് കിറില്‍ പ്രസ്താവിച്ചു.
ക്രിസ്തുവിലുള്ള സാഹോദര്യ സ്നേഹത്തോടും ആദരവോടും കൂടിയാണ് മാര്‍പാപ്പയ്ക്ക് താന്‍ കൃതജ്ഞതാ സന്ദേശമയച്ചതെന്ന് പാത്രിയാര്‍ക്കീസ് വെളിപ്പെടുത്തി. പാത്രിയാര്‍ക്കീസിന്‍റെ കൃതജ്ഞതാ സന്ദേശം റഷ്യന്‍ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ട്.








All the contents on this site are copyrighted ©.