2013-03-05 16:18:52

കോണ്‍ക്ലേവ്: തിയതി തീരുമാനമായില്ല


05 മാര്‍ച്ച്2013, വത്തിക്കാന്‍
മാര്‍ച്ച് 5ാം തിയതി ചൊവ്വാഴ്ച നടന്ന കര്‍ദിനാള്‍മാരുടെ മൂന്നാം പൊതുയോഗത്തിലും കോണ്‍ക്ലേവ് എന്നാരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ 110പേരും വത്തിക്കാനിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 09.30 മുതല്‍ 12.45 വരെ കര്‍ദിനാള്‍മാരുടെ മൂന്നാമത് യോഗം നടന്നു. പ്രസ്തുത യോഗത്തില്‍ പതിനൊന്ന് കര്‍ദിനാള്‍മാര്‍ സംസാരിച്ചുവെന്ന് പറഞ്ഞ ഫാ.ലൊംബാര്‍ദി, പരിശുദ്ധ സിംഹാസനത്തിലെ വിവിധ കാര്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക മെത്രാന്‍സമിതികളുമായുള്ള ബന്ധം, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ വെളിച്ചത്തില്‍ നടക്കുന്ന സഭാ നവീകരണ പദ്ധതികള്‍, വിവിധ സാംസ്ക്കാരിക പശ്ചാത്തലത്തില്‍ നവ സുവിശേഷവല്‍ക്കരണം നടപ്പിലാക്കുന്നതെങ്ങനെയാണ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നതെന്നും വിശദീകരിച്ചു. പത്രോസിന്‍റെ സിംഹാസനം ഒഴിഞ്ഞു കിടക്കുമ്പോള്‍ മുതല്‍ (സേദേ വക്കാന്തെ) 15 ദിവസം കഴിഞ്ഞു മാത്രമേ കോണ്‍ക്ലേവ് ആരംഭിക്കാവൂ എന്ന നിയമത്തിന് ഭേദഗതി വരുത്തിക്കൊണ്ട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച സ്വാധികാര പ്രബോധന രേഖ (Motu Proprio) യോഗത്തില്‍ വിശകലന വിധേയമായി, എന്നാല്‍ കോണ്‍ക്ലേവ് എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് വി. പത്രോസിന്‍റെ ബസിലിക്കയില്‍ കര്‍ദിനാള്‍മാര്‍ പ്രാര്‍ത്ഥനായോഗവും ദിവ്യകാരുണ്യാരാധനയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.








All the contents on this site are copyrighted ©.