2013-03-05 16:19:09

കര്‍ദിനാള്‍മാരുടെ രണ്ടാം യോഗം: വോട്ടവകാശമുള്ള നാല് കര്‍ദിനാള്‍മാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു


05 മാര്‍ച്ച്2013, വത്തിക്കാന്‍
പത്രോസിന്‍റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്ന കാലത്തെ (സേദേ വക്കാന്തെ) കര്‍ദിനാള്‍മാരുടെ രണ്ടാം യോഗം മാര്‍ച്ച് നാലാം തിയതി തിങ്കളാഴ്ച വൈകീട്ട് വത്തിക്കാനില്‍ നടന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു ആദ്യയോഗം. വോട്ടവകാശമുള്ള 103 കര്‍ദിനാള്‍മാരടക്കം 142 കര്‍ദിനാള്‍മാരാണ് രാവിലെ നടന്ന യോഗത്തില്‍ സംബന്ധിച്ചത്. അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള നാല് കര്‍ദിനാള്‍മാര്‍ കൂടി വൈകിട്ട് യോഗത്തിനെത്തി. ലെബനോണിലെ മറോണീത്തന്‍ പാത്രിയാര്‍ക്കീസ് ബെച്ചറാ ബൗത്രോസ് റായ്, ജര്‍മന്‍ കര്‍ദിനാള്‍മാരായ മെസ്സിനെര്‍, വൊള്‍ക്കി, ആഫ്രിക്കന്‍ രാജ്യമായ സെനഗളിലെ ധാക്കര്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ തെയഡോര്‍ അഡ്രിയാന്‍ സാര്‍ എന്നിവര്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന യോഗത്തില്‍ വച്ച് ചര്‍ച്ചകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു. സേദേ വക്കാന്തെ കാലത്തെ നടപടിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍ (Universi Dominici Gregis) പ്രകാരം പത്രോസിന്‍റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്ന കാലത്ത് കര്‍ദിനാള്‍മാര്‍ക്ക് നല്‍കുന്ന രണ്ട് ധ്യാന പ്രസംഗങ്ങളില്‍ ആദ്യത്തേത് തിങ്കളാഴ്ച വൈകീട്ട് പേപ്പല്‍ ഭവനത്തിലെ ഔദ്യോഗിക പ്രഭാഷകനായ കപ്പൂച്ചിന്‍ വൈദികന്‍ ഫാ.റെനിയേരോ കന്തലമേസ്സ നല്‍കി. ചൊവ്വാഴ്ചയും ബുധനാഴ്ച്ചയും രാവിലെ മാത്രം സമ്മേളിക്കാനും കര്‍ദിനാള്‍മാര്‍ തീരുമാനിച്ചുവെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.