2013-03-04 16:20:42

ക്രൈസ്തവ – ഇസ്ലാം സംവാദത്തിന്‍റെ പുതിയ മേഖലകള്‍


04 മാര്‍ച്ച്2013, വത്തിക്കാന്‍
സംവാദത്തിന്‍റേയും സഹകരണത്തിന്‍റേയും പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് ക്രൈസ്തവ – ഇസ്ലാം ത്രിദിന സമ്മേളനം വത്തിക്കാനില്‍ സമാപിച്ചു. ഫെബ്രുവരി 26 മുതല്‍ 28 വരെ നടന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയില്‍ മതാന്തര സംവാദത്തിനായുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജീന്‍ ലൂയി തൗറാന്‍ ക്രൈസ്തവ – ഇസ്ലാം ബന്ധത്തിന്‍റെ സങ്കീര്‍ണ്ണമായ ചരിത്രത്തെക്കുറിച്ച് പ്രതിപാദിച്ചു. കഴിഞ്ഞകാല സംഭവങ്ങള്‍ മാത്രമായി ചരിത്രത്തെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും വര്‍ത്തമാനകാല ജീവിതത്തെ അനുകൂലമോ പ്രതികൂലമോ ആയി അത് ബാധിക്കുമെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാല സംഭവങ്ങളെ വസ്തുനിഷ്ഠമായി അവലോകനം ചെയ്യാന്‍ ക്രൈസ്തവ ഇസ്ലാം ചരിത്രകാരന്‍മാര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. അത്തരമൊരു പഠനം ഇരു മതസമൂഹങ്ങളും പരസ്പരം ക്ഷമചോദിക്കാനും മാപ്പു നല്‍കാനും സഹായകമാകുമെന്ന് കര്‍ദിനാള്‍ തൗറാന്‍ പ്രസ്താവിച്ചു. മതാന്തര സംവാദത്തിന്‍റെ ചില നിര്‍ണ്ണായക ഘടകങ്ങളെക്കുറിച്ചും കര്‍ദിനാള്‍ തദവസരത്തില്‍ പരാമര്‍ശിച്ചു. മതാന്തര സംവാദത്തിന് രാഷ്ട്രീയ സംവാദത്തിലേക്ക് മാര്‍ഗ്ഗഭ്രംശം സംഭവിക്കരുത്. സംവാദത്തിലേര്‍പ്പെടുന്ന മതസമൂഹങ്ങളുടെ മൗലിക ദര്‍ശനങ്ങള്‍ അംഗീകരിച്ചുകൊണ്ട് നടത്തുന്ന സംവാദം മനുഷ്യാന്തസ്സും അടിസ്ഥാന മനുഷ്യാവകാശങ്ങളും ആദരിക്കുന്നതായിരിക്കണം. ക്രൈസ്തവ സഭാംഗങ്ങള്‍ക്ക് മതസംവാദത്തിന് പ്രത്യേക പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്നും കര്‍ദിനാള്‍ തൗറാന്‍ അഭിപ്രായപ്പെട്ടു.
ഇസ്ലാമുമായുള്ള സംവാദത്തിന് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1974ല്‍ രൂപം കൊടുത്ത പ്രത്യേക കമ്മീഷന്‍റെ നേതൃത്വത്തില്‍ നടന്ന സമ്മേളനം അടുത്ത നാലു വര്‍ഷത്തേക്ക്‘പ്രത്യാശയുടെ അടയാളങ്ങളായ ക്രൈസ്തവരും മുസ്ലീമുകളും’ എന്ന വിചിന്തന പ്രമേയവും തിരഞ്ഞെടുത്തു. ഇറാക്ക്, നൈജീരിയ, പാക്കിസ്ഥാന്‍, ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് ക്രൈസ്തവ – ഇസ്ലാം പണ്ഡിതര്‍ ഉള്‍പ്പെട്ടതാണ് സംവാദ കമ്മീഷന്‍.








All the contents on this site are copyrighted ©.