2013-03-04 16:20:22

കോണ്‍ക്ലേവ്: അതിഗൗരവവും മനോഹരവുമായ ഉത്തരവാദിത്വം


04 മാര്‍ച്ച്2013, വത്തിക്കാന്‍
അതീവ ഗൗരവവും അതിമനോഹരവുമായ ഉത്തരവാദിത്വമാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരുടേതെന്ന് കര്‍ദിനാള്‍ ഹവിയേര്‍ ലൊസാനോ ബരാഗാന്‍. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദിനാള്‍ ലൊസാനോ ഒരു കത്തോലിക്കാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ പരിശുദ്ധാത്മാവിന്‍റെ ഉപകരണങ്ങളായാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. ദൈവത്തോടും ലോകത്തോടും അവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ കഴിഞ്ഞ 35 വര്‍ഷമായി അടുത്തറിയാമായിരുന്ന കര്‍ദിനാള്‍ ലൊസാനോ ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മേധാവിയായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലത്തിന്‍റെ അടയാളങ്ങള്‍ നന്നായി മനസിലാക്കി, ശ്രദ്ധാപൂര്‍വ്വം ഭാവിയെ വീക്ഷിക്കുന്ന വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍. അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയുടെ ശ്രേഷ്ഠമായ പ്രകടനമാണ് സ്ഥാനത്യാഗമെന്നും കര്‍ദിനാള്‍ ലൊസാനോ അഭിപ്രായപ്പെട്ടു.
ജനുവരി മാസത്തില്‍ 80 വയസ് പൂര്‍ത്തിയായതിനാല്‍ കര്‍ദിനാള്‍ ലൊസാനോയ്ക്ക് അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ കോണ്‍ക്ലേവ് ആരംഭിക്കുന്നതിനു മുന്‍പ് നടക്കുന്ന കര്‍ദിനാള്‍മാരുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാം. പത്രോസിന്‍റെ സിംഹാസനം ശൂന്യമായതിനു (സേദേ വക്കാന്തേ ആരംഭിച്ചതിനു) ശേഷം കര്‍ദിനാള്‍സംഘത്തിന്‍റെ തലവന്‍ വിളിച്ചുകൂട്ടുന്ന ഈ സമ്മേളനങ്ങളില്‍ വച്ചാണ് കോണ്‍ക്ലേവ് ആരംഭിക്കാനുള്ള തിയതി നിശ്ചയിക്കുന്നത്.








All the contents on this site are copyrighted ©.