2013-02-28 16:26:42

വിരമിക്കുംമുന്‍പേ ലോകത്തിന്
പാപ്പയുടെ കൃതഞ്ജതാ സന്ദേശം


27 ഫെബ്രുവരി 2013, വത്തിക്കാന്‍
കഴിഞ്ഞ 8 വര്‍ഷക്കാലം കത്തോലിക്കാ സഭയെ ഭരിക്കുകയും ലോകത്തിന് ധാര്‍മ്മിക ദര്‍ശമായി ജീവിക്കുകയും ചെയ്ത ബനഡിക്ട് 16-ാമന്‍ പാപ്പയുടെ അവസാനത്തെ പൊതുദര്‍ശന പരിപാടിയായിരുന്നു ഫെബ്രുവരി 27-ാം ബുധാഴ്ച രാവിലെ വത്തിക്കാനില്‍ അരങ്ങേറിയത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിപരിപാടിയില്‍ മൂന്നു ലക്ഷത്തിലേറെ ജനങ്ങള്‍ പങ്കെടുത്തു.

എല്ലാ ബുധനാഴ്ചകളിലും പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണ പരിപാടി അവസാനത്തേതായി ഭവിച്ചു എന്നല്ലാതെ, വത്തിക്കാനില്‍ നടന്നത് ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്കുള്ള പ്രത്യേക യാത്രയയപ്പു പരിപാടിയായിരുന്നില്ല. ദൈവത്തിനും തന്‍റെ ഭരണകാലത്ത് വിവിധ തലത്തില്‍ നിശ്ശബ്ദമായി തന്നെ സഹായിച്ച ഏവര്‍ക്കും, തന്നെ ശ്രവിച്ച ലോകജനതയ്ക്കുമുള്ള നന്ദിപ്രകടനമായിരുന്ന ചുരുക്കത്തില്‍ പാപ്പായുടെ ഹൃദയസ്പര്‍ശിയായ അവസാനത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണം.

ഈ മാസം 28-ന് സ്ഥാനത്യാഗം ചെയ്യുന്നുവെന്ന് പാപ്പ അറിയിച്ചത് ഫെബ്രുവരി 11-ാം തിയതി വത്തിക്കാനില്‍ നടന്ന കര്‍ദ്ദിനാളന്മാരുടെ യോഗത്തില്‍വച്ചായിരുന്നു. സ്ഥാനത്യാഗം പ്രഖ്യാപിച്ച ശേഷവും ത്രികാലപ്രാര്‍ത്ഥ, പൊതുകൂടിക്കാഴ്ച പ്രഭാഷണം, രാഷ്ട്രനേതാക്കളും സഭാ തലവന്മാരുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍, വത്തിക്കാന്‍റെ വിവിധ ഓഫീസ് മേധാവികളുമായുള്ള അനുദിന ചര്‍ച്ചകള്‍, സഭാ നിയമനങ്ങള്‍ തുടങ്ങി എല്ലാ പതിവുള്ള ഔദ്യോഗിക ജോലികളും ഇന്നുവരെയ്ക്കും പാപ്പ ക്രിത്യമായി നിര്‍വ്വഹിക്കുകയായിരുന്നു.

ഇറ്റലിയിലെ സമയം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വത്തിക്കാനില്‍നിന്നും ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം റോമിനു പുറത്ത് അല്‍ബാനോ പ്രവിശ്യയിലുള്ള ക്യാസില്‍ ഗണ്ടോള്‍ഫോ എന്ന സ്ഥലത്തെ വത്തിക്കാന്‍റെ വേനല്‍ക്കാല വസതിയിലേയ്ക്ക് പാപ്പ യാത്രയാകും. ഇനിയൊരു
പാപ്പാ സ്ഥാനമേല്‍ക്കുന്നതുവരെ പത്രോസിന്‍റെ സിംഹാസനം ഒഴിഞ്ഞുകിട്ക്കുകയും വത്തിക്കാനിലെ പേപ്പല്‍ അരമന അടഞ്ഞു കിടക്കുകയുംചെയ്യുമെന്നും, ഇതോടെ ആധുനിക സഭാ ചരിത്രത്തില്‍ മറ്റൊരു അദ്ധ്യായം മാറി മറയുകയാണെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

സഭയിലെ അധികാരപ്പെട്ട കര്‍ദ്ദിനാളന്മാരുടെ സംഘം സമ്മേളിച്ച് മറ്റൊരു പാപ്പായെ തിരഞ്ഞെടുക്കുംവരെ ഫെബ്രുവരി 28-മുതല്‍ റോമാ രൂപതയുടെ മെത്രാന്‍സ്ഥാനവും പത്രോസിന്‍റെ സിംഹാസനവും ശൂന്യമായിരിക്കുമെന്നും തന്‍റെ സ്ഥാനത്യാഗത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പതന്നെ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ പുതിയൊരു പാപ്പ അധികാരത്തില്‍ എത്തുവരെ നിലവിലുള്ള വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, കര്‍ദ്ദിനാള്‍ ചേമ്പെര്‍ലെയിന്‍ പദവിയില്‍ സഭാഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.