2013-02-28 16:26:57

കല്ലും മണ്ണുമല്ല ജീവിക്കുന്ന
യാഥാര്‍ത്ഥ്യമാണ് സഭ


28 ഫെബ്രുവരി 2013, വത്തിക്കാന്‍
കല്ലുംമണ്ണുകൊണ്ടുള്ള സ്ഥാപനമല്ല, ക്രിസ്തുവില്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ് സഭയെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. പത്രോസിന്‍റെ പരമാധികാരത്തില്‍നിന്നുമുള്ള സ്ഥാനത്യാഗ ദിനത്തില്‍ ഫെബ്രുവരി 28-ാം തിയതി രാവിലെ 11 മണിക്ക് കര്‍ദ്ദിനാള്‍ സംഘത്തെ അഭിസംബോധനചെയ്യവേയാണ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചത്. മറ്റേതു ജീവജാലത്തെയുംപോലെ സഭ ചരിത്രത്തില്‍ ലോകത്ത് ജീവിക്കുകയും ഉത്ഥിതനായ ക്രിസ്തുവില്‍ വളരുകയും ചെയ്യുന്നു. സഭ വളര്‍ന്ന് പരിവര്‍ത്തന വിധേയമാകുമ്പോഴും സത്തയിലും സ്വാഭാവത്തിലും അത് ക്രിസ്തുവിന്‍റെ ഹൃദയത്തോട് അനുരൂപപ്പെട്ടിരിക്കുന്നു എന്ന്, സഭയെക്കുറിച്ചുള്ള തന്‍റെ ഇഷ്ടചിന്തയാണ് പാപ്പ കര്‍ദ്ദിനാളന്മാരോട് പങ്കുവച്ചത്.

ഉത്ഥിതനായ ക്രിസ്തുവിന്‍റെ വെളിച്ചത്തില്‍ നിങ്ങളോടൊപ്പം സന്തോഷത്തോടെയാണ് താനും ചരിച്ചതെന്ന് പാപ്പ പ്രത്യുത്തരിച്ചു. സഭാ ജീവിതത്തിന്‍റെ ഇടനാഴികളില്‍ കാര്‍മേഘ പാളികള്‍ വിരിഞ്ഞ
അപൂര്‍വ്വ നിമിഷങ്ങളിലും പതറാതെ ക്രിസ്തുവിനെയും അവിടുത്തെ സഭയെയും ആഴമായ സ്നേഹത്തോടും സമര്‍പ്പണത്തോടുംകൂടെ ശുശ്രൂഷിക്കുന്നതില്‍ കാണിച്ച ശുഷ്ക്കാന്തിക്കും സഹകരണത്തിനും നന്ദിപറഞ്ഞുകൊണ്ട് തന്‍റെ ഹ്രസ്വപ്രഭഷണം പാപ്പ ഉപസംഹരിച്ചു, എല്ലാവരോടും യാത്രപറഞ്ഞു.

തുടര്‍ന്ന് ഓരോ കര്‍ദ്ദിനാളന്മാരും വ്യക്തിപരമായി പാപ്പയെ കണ്ടു നന്ദിയര്‍പ്പിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു.








All the contents on this site are copyrighted ©.