2013-02-27 19:37:16

ലാളിത്യത്തിന്‍റെ വെളുത്ത അങ്കി
അണിയുന്ന പാപ്പ


27 ഫെബ്രുവരി 2013, വത്തിക്കാന്‍
സ്ഥാനത്യാഗ ചെയ്യുന്ന ബനഡിക്ട് 16-ാമന്‍ പാപ്പയുടെ പേരിന് മാറ്റമുണ്ടാവില്ലെന്ന് വത്തിക്കാന്‍റെ വക്താവ് ഫാദര്‍ ഫ്രെഡറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. ഔദ്യോഗിക സ്ഥാനത്തുനിന്നും വിരമിക്കുന്ന പാപ്പയുടെ പേരിന് മാറ്റമുണ്ടാവില്ലെന്നും, മുന്‍ പാപ്പായെന്നും ബനഡിക്ട് 16-ാമന്‍ പാപ്പാ എന്നും അദ്ദേഹം അറിയപ്പെടുമെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി ഫെബ്രുവിരി 26-ന്‍ റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

സ്ഥാനത്യാഗത്തോടെ ഇനി ലളിതമായ വെളുത്ത അങ്കി ധരിക്കുന്ന പാപ്പാ, സ്ഥാനിക മോതിരം, തൊപ്പി, ചുവന്ന പാതരക്ഷ എന്നിവയും ഉപേക്ഷിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
ജര്‍മ്മനിയുടെ പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാറ്റിസിങ്കറാണ് 2005-ല്‍ ബനഡിക്ട് 16-ാമന്‍ എന്ന നാമം സ്വീകരിച്ചുകൊണ്ട് ചരിത്രത്തിലേയ്ക്ക് കടന്നുവന്നത്.
സ്ഥാനമൊഴിയുന്നതോടെ പാപ്പായുടെ കീഴില്‍ നേരിട്ടുവരുന്ന വത്തിക്കാന്‍റെ എല്ലാ പ്രവര്‍ത്തന വിഭാഗങ്ങളും താല്കാലികമായി മരവിപ്പിക്കുമെന്നും, വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ അനുദിനകാര്യങ്ങള്‍ നിലവിലുള്ള സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, കര്‍ദ്ദിനാള്‍ ചേമ്പെര്‍ലെയിന്‍ എന്ന തസ്തികയില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാളന്മാരായ സഹകാരികളോടൊത്ത് നിര്‍വ്വഹിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമങ്ങളെ അറിയിച്ചു.

വത്തിക്കാന്‍ തോട്ടത്തിലുള്ള mater ecclesiae സഭാ മാതാവ് എന്ന മന്ദിരത്തിലേയ്ക്ക് വിശ്രമത്തിനും പ്രാര്‍ത്ഥനാ ജീവിതത്തിനുമായി മാറിത്താമസിക്കുന്ന ബനഡിക്ട് 16-ാമന്‍ പാപ്പ ഇനി പൊതുപരിപാടികളില്‍ ഒന്നുതന്നെ പങ്കെടുക്കില്ലെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.
വേനല്‍ക്കാല വസതിയിലേയ്ക്ക് പാപ്പാ ബനഡിക്ട് പോകുന്നത് താല്കിമായിട്ട്
രണ്ടു മാസത്തേയ്ക്ക് ആകാമെന്നും, പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പിന്‍റെയും സ്ഥാനാരോഹണത്തിന്‍റെയും ബഹളങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്ക്കുവാനും തനിക്കുള്ള ലളിതമായ ഭവനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തല്ക്കാലം പാപ്പ വത്തിക്കാന്‍ വിട്ടുപോകുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമങ്ങളെ അറിയിച്ചു.










All the contents on this site are copyrighted ©.