2013-02-27 19:56:35

കര്‍ദ്ദിനാളന്മാരുടെ സംഘം - കോണ്‍ക്ലേവ്
പുതിയ പാപ്പയെ തിരഞ്ഞെടുക്കും


27 ഫെബ്രുവരി 2013, വത്തിക്കാന്‍
പാപ്പയുടെ തിരഞ്ഞെടുപ്പിനുള്ള ‘കോണ്‍ക്ലേവ്’ അല്ലെങ്കില്‍ കര്‍ദ്ദിനാളന്മാരുടെ സംഘം ചേരല്‍ മാര്‍ച്ച് 4-ാം തിയതി കഴിഞ്ഞായിരിക്കാനാണ് സാദ്ധ്യതയെന്ന്,
വത്തിക്കാന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി റോമില്‍നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവിരി 28-ന് രാത്രി 8 മണിക്കുശേഷം ഒഴിഞ്ഞുകിടക്കുവാന്‍ പോകുന്ന ന്നതായി പത്രോസിന്‍റെ സിംഹാസനത്തിലേയ്ക്ക്
അടുത്ത പാപ്പായെ തിരഞ്ഞെടുക്കേണ്ട കടമ സഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റേതാണെന്നും, തിരഞ്ഞെടുപ്പിനായുള്ള കോണ്‍ക്ലേവിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ദ്ദിനാളന്മാരെ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ സൊഡോനോ ഫെബ്രുവരി 28-നുശേഷം മാത്രമേ ഔദ്യോഗികമായി ക്ഷണിക്കുകയുള്ളൂവെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

ഇലക്ട്രോണിക്ക് മെയിലും മറ്റ് അത്യാധുനിക ആശിയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ദ്ദിനാളന്മാരെ വത്തിക്കാന്‍ കോണ്‍ക്ലേവിന് ക്ഷണിക്കുമെങ്കിലും, കോണ്‍ക്ലോവിനുള്ള ക്ഷണക്കത്തിന്‍റെ അസ്സല്‍ അതാതു സ്ഥാനങ്ങളില്‍ ഔദ്യോഗിക രേഖകളായി എത്തിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

പാപ്പായുടെ സ്ഥാനത്യാഗ വിവരമറിഞ്ഞ് ഏതാനും കര്‍ദ്ദിനാളന്മാര്‍ സ്വമേധയാ വത്തിക്കാനില്‍ എത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വസതി, കാസാ മാര്‍ത്തായിലേയ്ക്കോ, സിസ്റ്റൈന്‍ കപ്പോള ഭാഗത്തേയ്ക്കോ കര്‍ദ്ദിനാല്‍ സംഘം തീരുമാനിക്കുന്ന സമയംവരെ ആര്‍ക്കും പ്രവേശനം ലഭിക്കുകയില്ലെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

കോണ്‍ക്ലോവ് തുടങ്ങുന്ന ദിവസം മാത്രമായിരിക്കും പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുള്ള കാസാ മാര്‍ത്തായിലേയ്ക്ക് പാപ്പായെ തിരഞ്ഞെടുക്കുന്നതിന് നിലവില‍ വോട്ടവകാശമുള്ള 116-കര്‍ദ്ദിനാളന്മാര്‍ക്ക് പ്രവേശനം അനുവദിക്കുകയെന്നും വത്തിക്കാന്‍ റേഡിയോടുടെ ഡയറക്ടര്‍ ജനറല്‍കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

പാപ്പായെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിന് ഇന്ത്യയില്‍നിന്നുമെത്തുന്നത് മുമ്പൈ അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കാര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി അതിരൂപതാദ്ധ്യക്ഷനും ഭാരതത്തിലെ ലത്തീന്‍ സഭയുടെ ഇപ്പോഴത്തെ തലവനുമായ കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ തോപ്പോ, എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തയും സീറോ മലബാര്‍ സഭാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി,
തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തായും സീറോ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസീലിയോസ് ക്ലീമിസ് ബാവാ എന്നിവരുമാണ്.









All the contents on this site are copyrighted ©.