2013-02-26 16:46:49

വിശ്വാസവര്‍ഷാചരണം സഭയ്ക്കു ലഭിച്ച പ്രത്യേക വരദാനം: ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്


26 ഫെബ്രുവരി 2013, കൊച്ചി
വിശ്വാസവര്‍ഷാചരണം സാര്‍വത്രികസഭയ്ക്ക് ലഭിച്ച പ്രത്യേക വരദാനമാണെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി.) പ്രസിഡന്‍റും തൃശ്ശൂര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. കെ.സി.ബി.സി. ആസ്ഥാന കേന്ദ്രമായ പി.ഒ.സി. യുടെ ഹോം ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികലോകത്തിന്‍റെ വെല്ലുവിളികള്‍ക്കു മുന്നില്‍ യഥാര്‍ത്ഥ ക്രിസ്തുസാക്ഷികളായി ജീവിക്കാന്‍ വിശ്വാസവര്‍ഷാചരണത്തിലൂടെ വിശ്വാസികള്‍ക്കും പ്രാദേശിക സഭകള്‍ക്കും സാധിക്കുമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. കേരളകത്തോലിക്കാസഭയുടെ ആസ്ഥാനകേന്ദ്രമായ പി.ഒ.സി. യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിശ്വാസ വര്‍ഷാചരണ പരിപാടികള്‍ സഭയ്ക്കും സമൂഹത്തിനും ശരിയായ ദിശാബോധവും മാര്‍ഗനിര്‍ദ്ദേശവും നല്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി. ഡയറക്ടറുമായ റവ. ഡോ. സ്റീഫന്‍ ആലത്തറ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോളി വടക്കന്‍, പി.ഒ.സി. അസിസ്റന്റ് ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, പി.ഒ.സി. എക്സിക്യൂട്ടീവ് അംഗം ശ്രീമതി റോസക്കുട്ടി അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പി.ഒ.സി. യുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്‍റെ പ്രകാശനകര്‍മ്മവും ആര്‍ച്ചുബിഷപ് നിര്‍വഹിച്ചു.








All the contents on this site are copyrighted ©.