2013-02-26 16:34:47

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന പൊതുകൂടിക്കാഴ്ച്ച


26 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന പൊതുക്കൂടിക്കാഴ്ച്ചയ്ക്ക് വത്തിക്കാന്‍ ഒരുങ്ങുന്നു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഫെബ്രുവരി 27ാം തിയതി ബുധനാഴ്ച നടക്കുന്ന പൊതുകൂടിക്കാഴ്ച്ചയില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇറ്റലിയിലെ വിവിധ രൂപതകളും ഇടവകകളും കത്തോലിക്കാ സ്ഥാപനങ്ങളും ഇതര പ്രസ്ഥാനങ്ങളും വന്‍ തീര്‍ത്ഥാടക സംഘങ്ങളുമായാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് സ്നേഹാദരങ്ങള്‍ അര്‍പ്പിക്കാനെത്തുന്നത്. അന്യരാജ്യങ്ങളില്‍ നിന്നും അനേകം തീര്‍ത്ഥാടകര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാനായി റോമിലെത്തിയിട്ടുണ്ട്. ബുധനാഴ്ചകളില്‍ പതിവുള്ള പ്രതിവാര പൊതുക്കൂടിക്കാഴ്ച്ചയുടെ മാതൃകയില്‍ തന്നെയായിരിക്കും 27നും മാര്‍പാപ്പയുടെ കൂടിക്കാഴ്ച്ച നടക്കുകയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. വി.പത്രോസിന്‍റെ ചത്വരത്തിലൂടെ പേപ്പല്‍ വാഹനം വലംവയ്ക്കുന്നതിനാല്‍ വിശ്വാസികളില്‍ പലര്‍ക്കും മാര്‍പാപ്പയെ അടുത്തുകാണാനുള്ള അവസരം ഉണ്ടായിരിക്കും. കൂടിക്കാഴ്ച്ചയില്‍ നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി തല്‍സമയ സംപ്രേക്ഷണവും വത്തിക്കാന്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ ടെലിവിഷനിലൂടെയോ, http://www.radiovaticana.va/player/index_.htm എന്ന ലിങ്കില്‍ വത്തിക്കാന്‍ റേഡിയോയുടെ ഔദ്യോഗിക വെബസൈറ്റുവഴിയോ ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തിനു ലഭ്യമാണ്.

വത്തിക്കാന്‍ ചത്വരത്തിലെ പൊതുകൂടിക്കാഴ്ച്ചയ്ക്കു ശേഷം അപ്പസ്തോലിക അരമനയിലെ ക്ലെമന്‍റ് ഹാളില്‍ വച്ച് ചില രാഷ്ട്ര നേതാക്കളുമായി മാര്‍പാപ്പ സൗഹൃദകൂടിക്കാഴ്ച്ചയും നടത്തും.








All the contents on this site are copyrighted ©.