2013-02-26 16:32:24

പ്രാര്‍ത്ഥനയില്‍ ഞാനെന്നും നിങ്ങളുടെ സമീപത്തുണ്ടായിരിക്കും: മാര്‍പാപ്പ


26 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന പൊതുത്രികാലപ്രാര്‍ത്ഥനയ്ക്ക് ഫെബ്രുവരി 24ാം തിയതി ഞായറാഴ്ച ലോകം സാക്ഷിയായി. മാര്‍പാപ്പ നയിച്ച അവസാന ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കുചേരാനും സന്ദേശം ശ്രവിക്കാനുമായി ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും ഇറ്റലിയുടെ നാനാഭാഗത്തുനിന്നുമായി പതിനായിരക്കണക്കിനാളുകളാണ് ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെത്തിയത്. പതിവുപോലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പേപ്പല്‍ അരമനയിലെ പഠന മുറിയുടെ ജാലകത്തിങ്കല്‍ നിന്നുകൊണ്ടാണ് മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കിയതും പ്രാര്‍ത്ഥന നയിച്ചതും. വി.പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്ന ജനസഞ്ചയം കണ്ണീരും കരഘോഷവും കൊണ്ടാണ് തങ്ങളുടെ സമ്മിശ്രവികാരങ്ങള്‍ പ്രകടമാക്കിയത്. ഞായറാഴ്ച തുടര്‍ച്ചയായി മഴപെയ്യുമെന്ന കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ നിന്നും വ്യത്യസ്ഥമായി സൂര്യപ്രഭയില്‍ മിന്നിത്തെളിഞ്ഞ റോമിലെ ആകാശവും വിശ്വാസസമൂഹത്തിന് അനുകൂലമായി നിന്നു.

“മാര്‍പാപ്പയ്ക്ക് നന്ദി”, “ആശംസകള്‍” “ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു” “മാര്‍പാപ്പ നീണാള്‍ വാഴട്ടെ ” “അങ്ങയുടെ അസാന്നിദ്ധ്യം ഞങ്ങള്‍ക്ക് അനുഭവവേദ്യമാകും”എന്നിങ്ങനെ ആലേഖനം ചെയ്ത തോരണങ്ങളും ബാനറുകളുമായാണ് പലരും ത്രികാല പ്രാര്‍ത്ഥനയ്ക്കെത്തിയത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന ത്രികാല പ്രാര്‍ത്ഥനാസന്ദേശവും ജനത്തിന്‍റെ പ്രതികരണവും ഒപ്പിയെടുക്കാനായി ലോകമാധ്യമങ്ങളുടെ ഒരു പട തന്നെ വത്തിക്കാനില്‍ പ്രവര്‍ത്തനസജ്ജരായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നയിച്ച അവസാന പൊതു ത്രികാല പ്രാര്‍ത്ഥന ലക്ഷക്കണക്കിന് ജനങ്ങളാണ് ടെലിവിഷനും ഇന്‍റര്‍നെറ്റും വഴി തല്‍സമയം കണ്ടത്. വത്തിക്കാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ കേന്ദ്രത്തിന്റെ (CTV) തല്‍സമയ പ്രക്ഷേപണമായിരുന്നു ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം വിശ്വാസസമൂഹത്തിനും മുഖ്യസ്രോതസ്സ്.

പ്രാര്‍ത്ഥനയില്‍ നേരിട്ടു പങ്കെടുക്കാന്‍ വി.പത്രോസിന്‍റെ ചത്വരത്തിലെത്തിയവര്‍ വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മാര്‍പാപ്പയെ പ്രതീക്ഷിച്ചു നിന്നു. പേപ്പല്‍ അരമനയിലെ പഠനമുറിയുടെ ജാലകത്തിങ്കല്‍ പാപ്പ ആഗതനായതോടെ ജനത്തിന്‍റെ ആവേശം ഉച്ചസ്ഥായിലെത്തി ജനങ്ങള്‍ ആനന്ദത്തോടെ കരഘോഷം മുഴക്കിയും ആര്‍പ്പുവിളിച്ചും പാപ്പയ്ക്ക് അഭിവാദ്യമേകി. ജനങ്ങളുടെ സ്നേഹാദരങ്ങള്‍ക്കു നന്ദിപറഞ്ഞ മാര്‍പാപ്പ ക്രിസ്തുവിന്‍റെ രൂപാന്തരീകരണം പ്രമേയമാക്കി ഒരു ഹ്രസ്വ വിചിന്തനവും നല്‍കി.

(മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥന ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചെറിയ വിചിന്തനം നല്‍കുന്നത് പതിവാണ്. ഞായറാഴ്ച ദിവ്യബലിമധ്യേ വായിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗമാണ് സാധാരണ മാര്‍പാപ്പ വിചിന്തന വിഷയമാക്കാറ്. ഇക്കഴിഞ്ഞ ഞായറാഴ്ച അതായത് ഫെബ്രുവരി 24ാം തിയതി വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷം 9ാം അദ്ധ്യായം 28 മുതല്‍ 36വരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷഭാഗം. ക്രിസ്തുവിന്‍റെ രൂപാന്തരീകരണമാണ് ഈ സുവിശേഷഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്).

" പ്രിയ സഹോദരീ സഹോദരന്‍മാരേ,

നോമ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച അതിമനോഹരമായ ഒരു സുവിശേഷഭാഗമാണ് നാം ശ്രവിക്കുന്നത്. ആരാധനാക്രമം ക്രിസ്തുവിന്‍റെ രൂപാന്തരീകരണം നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ക്രിസ്തുവിന് രൂപാന്തരീകരണം സംഭവിക്കുന്നതെന്ന് സുവിശേഷകനായ വി.ലൂക്കാ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. പിതാവുമൊത്ത് ധ്യാനാത്മകമായ പ്രാര്‍ത്ഥനയിലായിരിക്കുമ്പോഴാണ് ക്രിസ്തുവിന് ഈ അനുഭവം ഉണ്ടായത്. ആ ഉയര്‍ന്ന മലയുടെ മുകളില്‍ ശ്ലീഹന്‍മാരായ വി.പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരും ക്രിസ്തുവിനോടൊത്ത് ഉണ്ടായിരുന്നു. ഗുരുവിന്‍റെ ദൈവികത വെളിവാക്കപ്പെടുന്ന അവസരങ്ങളിലെല്ലാം അവിടുത്തോടൊത്തുണ്ടായിരുന്നവരാണ് ഈ മൂന്ന് ശിഷ്യന്‍മാരും.(ലൂക്കാ 5,10; 8,51; 9,28)
കര്‍ത്താവ് തന്‍റെ മരണത്തേയും ഉത്ഥാനത്തേയും കുറിച്ച് മുന്നറിയിപ്പു നല്‍കി ഏറെക്കഴിയുന്നതിനു മുന്‍പാണ് തന്‍റെ മഹത്വത്തിന്‍റെ മുന്നാസ്വാദനം അവര്‍ക്കു നല്‍കുന്നത്. കൂടാതെ ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന സമയത്തെന്നപ്പോലെ രൂപാന്തരീകരണ വേളയിലും സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ സ്വരം മുഴങ്ങി, “ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനെ ശ്രവിക്കുവിന്‍ (9,35).” ക്രിസ്തുവിന്‍റെ രൂപാന്തരീകരണ വേളയില്‍, നിയമത്തിന്‍റേയും പ്രവാചകന്‍മാരുടേയും പ്രതീകമായി മോശയും ഏലിയായും പ്രത്യക്ഷപ്പെടുന്നതും സുപ്രധാനമാണ്. ഉടമ്പടിയുടെ ചരിത്രത്തിന്‍റെ കേന്ദ്രമായ ക്രിസ്തു മറ്റൊരു ‘പുറപ്പാട്’ പൂര്‍ത്തീകരിക്കുകയാണ്. ക്രിസ്തു നയിക്കുന്ന പുറപ്പാട് മോശയുടെ കാലത്തേതുപോലെ ഒരു വാഗ്ദത്ത ഭൂമിയിലേയ്ക്കല്ല, സ്വര്‍ഗ്ഗത്തിലേക്കാണ്.
“ഗുരോ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്.” എന്ന പത്രോസിന്‍റെ വാക്കുകള്‍ (9.33) പ്രസ്തുത മൗതികാനുഭവം നിലനിര്‍ത്താനുള്ള വ്യര്‍ത്ഥമായ പരിശ്രമം വെളിപ്പെടുത്തുന്നു. വി.അഗസ്റ്റിന്‍ പറയുന്നതിപ്രകാരമാണ്: “ (പത്രോസിനെ സംബന്ധിച്ച്)... മലമുകളില്‍ വച്ച് ക്രിസ്തു തന്‍റെ ആത്മാവിന് പരിപോഷണമായിരുന്നു. തന്നെ വിശുദ്ധിയുടെ പാതയിലൂടെ നയിക്കുന്ന ദൈവത്തോടുള്ള പരിശുദ്ധമായ സ്നേഹത്തില്‍ നിമഗ്നനായി നില്‍ക്കുമ്പോള്‍ അദ്ധ്വാനത്തിന്‍റേയും വേദനയുടേയും താഴ്വാരത്തിലേക്കു മടങ്ങിപോകാന്‍ അയാള്‍ ആഗ്രഹിക്കുമോ?” (പ്രഭാഷണം 78,3)
ഈ സുവിശേഷഭാഗം നിര്‍ണ്ണായകമായ ഒരു പാഠം നമുക്ക് നല്‍കുന്നുണ്ട്: മറ്റെന്തിനേക്കാളുമുപരിയായി പ്രാര്‍ത്ഥനയ്ക്കു പ്രാമുഖ്യം നല്‍കണമെന്ന്. പ്രാര്‍ത്ഥന കൂടാതെ പ്രേഷിതപ്രവര്‍ത്തനവും ആതുരസേവനവും വെറും പ്രവര്‍ത്തികള്‍ മാത്രമാകും (reduced to activism). പ്രാര്‍ത്ഥനയ്ക്ക് വേണ്ടത്ര സമയം നല്‍കാന്‍ ഈ നോമ്പുകാലത്തില്‍ നമുക്ക് പരിശീലിക്കാം. വ്യക്തിപരമായ പ്രാര്‍ത്ഥനയും സമൂഹപ്രാര്‍ത്ഥനയുമാണ് നമ്മുടെ ആത്മീയ ജീവിതത്തിന് ജീവശ്വാസമേകുന്നത്. താബോര്‍ മലയില്‍ വച്ച് പത്രോസ് ആവശ്യപ്പെട്ടതുപോലെ, പ്രാര്‍ത്ഥിക്കുകയെന്നാല്‍ ലോകത്തിലും അതിന്‍റെ വൈരുദ്ധ്യങ്ങളിലും നിന്ന് ഒഴിഞ്ഞുമാറി ഏകാന്തവാസം നയിക്കുക എന്നല്ല അര്‍ത്ഥം. നേരെ മറിച്ച്, പ്രാര്‍ത്ഥന നമ്മെ നമ്മുടെ കര്‍മ്മമാര്‍ഗത്തിലേക്കു തിരികെ നയിക്കുന്നു. നോമ്പുകാല സന്ദേശത്തില്‍ ഞാന്‍ രേഖപ്പെടുത്തിയതുപോലെ “മലമുകളില്‍ കയറി ദൈവവുമായി കൂടിക്കാഴ്ച്ച നടത്തുകയും ദൈവത്തില്‍ നിന്നു സ്വീകരിച്ച സ്നേഹവും കരുത്തുമായി താഴെ ഇറങ്ങിവന്ന്, നമ്മുടെ സഹോദരീ സഹോദരന്‍മാരെ അതേ ദൈവികസ്നേഹത്തോടെ ശുശ്രൂഷിക്കുകയും ചെയ്യുന്ന നിരന്തരമായ പ്രക്രിയയാണ് ക്രൈസ്തവ ജീവിതം.” (നോമ്പുകാല സന്ദേശം 2013, ഖണ്ഡിക 3)

പ്രിയ സഹോദരീ സഹോദരന്‍മാരേ, ഇന്നത്തെ എന്‍റെ ജീവിത സാഹചര്യത്തില്‍ ഈ ദൈവവചനം എന്നെ സംബന്ധിച്ച് കൂടുതല്‍ അന്വര്‍ത്ഥമായി തോന്നുന്നു. ഒരു “മലമുകളിലേക്കു കയറി” കൂടുതല്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ജീവിക്കുവാന്‍ കര്‍ത്താവ് എന്നെ വിളിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ സഭയെ ഉപേക്ഷിക്കുകയാണെന്ന് അത് അര്‍ത്ഥമാക്കുന്നില്ല. നേരെമറിച്ച്, ദൈവം ഇതെന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കില്‍, ഞാനിതു വരെ സഭയെ ശുശ്രൂഷിച്ച അതേ സ്നേഹത്തോടും സമര്‍പ്പണത്തോടും കൂടിതന്നെ, എന്നാല്‍ എന്‍റെ പ്രായത്തിനും കരുത്തിനും അനുയോജ്യമായ രീതിയില്‍ സഭയെ ശുശ്രൂഷിക്കുന്നതിന് വേണ്ടിതന്നെയാണത്.
പ്രാര്‍ത്ഥനയിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അനുഗമിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം നമുക്ക് അപേക്ഷിക്കാം. "

വിചിന്തനത്തെ തുടര്‍ന്ന് “കര്‍ത്താവിന്‍റെ മാലാഖ” എന്നു തുടങ്ങുന്ന ത്രികാല പ്രാര്‍ത്ഥന ചൊല്ലിയ മാര്‍പാപ്പ പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ഏവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വാദമേകി

മാര്‍പാപ്പ സമാപനാശീര്‍വാദം നല്‍കിയതോടെ ജനക്കൂട്ടത്തിന്‍റെ ആവേശം അണപൊട്ടിയൊഴുകി. അവരുടെ കൃതജ്ഞാപ്രകടനത്തിന് നന്ദി പറഞ്ഞ മാര്‍പാപ്പ നല്ലകാലാവസ്ഥ നല്‍കി അനുഗ്രഹിച്ച കര്‍ത്താവിന് കൃതജ്ഞയര്‍പ്പിക്കാന്‍ അവരെ ക്ഷണിച്ചു. തദനന്തരം മാര്‍പാപ്പ പതിവുപോലെ ജനങ്ങളെ വിവിധ ഭാഷകളില്‍ അഭിവാദ്യം ചെയ്തു.
ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, എന്നീ ഭാഷകളില്‍ പാപ്പ ജനത്തെ അഭിവാദ്യം ചെയ്തു. ഈ ദിവസങ്ങളില്‍ തന്നോട് കൃജ്ഞതയും സ്നേഹവും പ്രാര്‍ത്ഥനയിലൂടെ പിന്തുണയും പ്രകടിപ്പിച്ച ഏവര്‍ക്കും മാര്‍പാപ്പ തദവസരത്തില്‍ നന്ദിപറഞ്ഞു. തന്‍റെ വ്യക്തിപരമായ ജീവിതത്തിന്‍റേയും സഭാജീവിതത്തിന്‍റേയും ഈ നിര്‍ണ്ണായക സമയത്ത് സഭാംഗങ്ങള്‍ പങ്കുവയ്ക്കുന്ന സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഹൃദയംഗമമായി നന്ദി പറഞ്ഞ പാപ്പ പ്രാര്‍ത്ഥനയില്‍ താന‍െന്നും വിശ്വാസസമൂഹത്തോടൊത്തുണ്ടായിരിക്കുമെന്നും ഉറപ്പുനല്‍കി.
മാര്‍പാപ്പയുടെ സമാപന വാക്കുകള്‍ക്കു ശേഷവും വികാരനിര്‍ഭരരായി ഹസ്താവരവം മുഴക്കിയും കരങ്ങളുയര്‍ത്തി മാര്‍പാപ്പയ്ക്ക് അഭിവാദ്യമേകിയും ചത്വരത്തില്‍ നിലയുറപ്പിച്ച ജനസാഗരം ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടുള്ള ആത്മാര്‍ത്ഥമായ സ്നേഹാദരങ്ങളുടെ നേര്‍സാക്ഷൃമായിരുന്നു.








All the contents on this site are copyrighted ©.