2013-02-21 16:19:15

അന്യായമായ വിലക്കയറ്റത്തിനെതിരെ
ജനങ്ങള്‍ പ്രതിഷേധിച്ചു – ദേശീയ പണിമുടക്ക്


21 ഫെബ്രുവരി 2013, ഡല്‍ഹി
രണ്ടു ദിവസത്തെ ദേശീയ പൊതുപണിമുടക്ക് ചരിത്ര സംഭവമെന്ന്, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. വിലക്കയറ്റത്തിനും സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ട് ഫെബ്രുവരി 20, 21 തിയതികളില്‍ എല്ലാ തൊഴിലാളി സംഘടകളും ഒത്തൊരുമിച്ച് പ്രതിഷേധിച്ചത് ഭാരത ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മാര്‍ താഴത്ത് ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തെ അനുകൂലിക്കുന്ന തൊഴിലാളി സംഘടനായ All India Trade Unions Congress AITUC-യും സജീവമായി പ്രതിഷേധിച്ചത് ഐക്യ പുരോഗമന സഖ്യത്തിന് വലിയ താക്കീതാണെന്ന് തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്താ പ്രസ്താവിച്ചു.

വിവരിക്കാനാവാത്ത ക്ലേശങ്ങളിലും കൊടുംദാരിദ്ര്യത്തിലും സാധാരണ ജനങ്ങളെ ആഴ്ത്തിയിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ അന്യായമായ വിലക്കയറ്റം, വര്‍ദ്ധിച്ച നാണ്യപ്പെരുപ്പം, തൊഴില്‍ നിയമങ്ങളുടെ ലംഘനം, അഴിമതി എന്നിവ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കൂട്ടുസര്‍ക്കാരിന്‍റെ അനാസ്ഥയാണെന്ന് ആര്‍ച്ചുബിഷപ്പ് താഴത്ത് കുറ്റപ്പെടുത്തി. തൊഴിലാളി സംഘടനകള്‍ കക്ഷി രാഷ്ടീയങ്ങള്‍ക്ക് അതീതമായി ഒത്തൊരുമിച്ച് പ്രതിഷേധിച്ച ദേശീയ പൊതുപണിമുടക്ക് വന്‍വിജയമായിരുന്നെന്നും മാര്‍ താഴത്ത് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.