2013-02-20 17:16:27

വിശ്വാസത്തിന്‍റെ കലയാണ് പ്രാര്‍ത്ഥന
പാപ്പ ബനഡിക്ട് വാര്‍ഷിക ധ്യാനത്തില്‍


20 ഫെബ്രുവരി 2013, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പ ആത്മീയ വാര്‍ഷിക ധ്യാനത്തില്‍ ചിലവൊഴിക്കുന്നു.
ഫെബ്രുവരി 17-ാം തിയി ആരംഭിച്ച ധ്യാനം 23-ാം തിയതി സമാപിക്കും. രാവിലെ 9-മണിക്ക് ആരംഭിക്കുന്ന ധ്യനം വൈകുന്നേരം 5.45-നാണ് അവസാനിക്കുന്നത്. 3 പ്രസംഗങ്ങള്‍, യാമപ്രാര്‍ത്ഥന, പരിശുദ്ധ കുര്‍ബ്ബനായുടെ ആരാധന, ആശിര്‍വ്വാദം എന്നിവയാണ് ധ്യാനത്തിന്‍റെ മുഖ്യ ഇനങ്ങള്‍.

പാപ്പയും വത്തിക്കാന്‍റെ മറ്റു പ്രധാന ഓഫീസ്സുകളില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കുന്ന ധ്യാനം ഈ വര്‍ഷം നയിക്കുന്നത് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസ്സിയാണ്. വിശ്വാസത്തിന്‍റെ കലയാണ് പ്രാര്‍ത്ഥന, പ്രാര്‍ത്ഥനയുടെ
കല വിശ്വാസവും – എന്ന സങ്കീര്‍ത്തനങ്ങളെയും വെളിപാടു ഗ്രന്ഥത്തെയും ആധാരമാക്കിയുള്ള ധ്യാനം വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലുള്ള ‘രക്ഷകന്‍റെ അമ്മ,’ redemptoris mater എന്ന മനോഹരമായ ചെറിയ ദേവാലയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും കലാകാരനുമായ ഈശോ സഭാ വൈദികന്‍, മാര്‍ക്ക് റൂപ്നിക്കിന്‍റെ മൊസൈക്ക് ശില്പങ്ങള്‍ ഈ ദേവാലയത്തില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ഇണങ്ങുന്ന വേദിയൊരുക്കുന്നു.

ക്രിസ്തുവിന്‍റെ സന്നിധിയില്‍ ജീവന്‍റെ ജലത്തിനായി തീക്ഷ്ണമായി ദാഹിച്ചു നില്കുന്ന സമറീയാക്കാരി സ്ത്രീയുടെ മൊസൈക്ക് ചിത്രീകരണത്തിലേയ്ക്ക് സങ്കീര്‍ത്തന ശകലങ്ങളെ ആധാരമാക്കി, വിശ്വസിക്കുന്ന മനുഷ്യന്‍റെയും, ദുര്‍ബലനായ മനുഷ്യന്‍റെയും, വേദനിക്കുന്ന മനുഷ്യന്‍റെയും മുഖഭാവങ്ങള്‍ കര്‍ദ്ദിനാള്‍ റവാസ്സി ധ്യാനാത്മകമായി, ആനുകാലിക മത-സാംസ്ക്കാരിക പശ്ചാത്തലത്തില്‍ വരച്ചുകാട്ടുകയാണ് ധ്യാന ചിന്തകളിലൂടെയെന്ന്, ധ്യാനത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.