2013-02-20 19:54:01

പാപ്പയുടെ ‘എളിമയുള്ള ജീവിതം’
ഇനിയും എഴുതപ്പെടാത്ത ചാക്രികലേഖനം


20 ഫെബ്രുവരി 2013, റോം
പാപ്പയുടെ എഴുതപ്പെടാത്ത ചാക്രികലേഖനം ബനഡിക്ട് 16-ാമന്‍ പാപ്പയുടെ എഴുതപ്പെടാത്ത ചാക്രിക ലേഖനമാണ് ‘എളിമയുടെ ജീവിത’മെന്ന്, ഇറ്റാലിയന്‍ മാസിക ‘ലെ ഫിഗരോ’ Le Figarò വിലയിരുത്തി.
ദൈവശാസ്ത്ര മേഖലയിലെ ബുദ്ധിരാക്ഷസ്സനായി ജര്‍മ്മനിയില്‍ തുടക്കമിട്ട ജോസഫ് റാറ്റ്സിംഗര്‍, പത്രോസിന്‍റെ പരമാധികാരത്തില്‍ വന്നതിനുശേഷം എളിമയുടെ മൂര്‍ത്തീഭാവമായി മാറിയെന്ന് ഫെബ്രുവരി 15-ന് പ്രസിദ്ധീകരിച്ച പാപ്പായെക്കുറിച്ചുള്ള പ്രത്യേക ലക്കത്തില്‍ ലേഖിക, ഷോണ്‍ മാരീ ഗുവെനാ പ്രസ്താവിച്ചു.

ബുദ്ധികൂര്‍മ്മതയുടെ കഴുകന്‍ കണ്ണുകളും, ചിന്താധാരയുടെ മേഖലയില്‍ പ്രതിയോഗികള്‍ക്ക് ഭീതിയും, വിദ്യാര്‍ത്ഥികള്‍ക്ക് ആദരണീയനും, സഭയെയും ലോകത്തെയും വൈദഗ്ദ്ധ്യത്തോടെ വിശകലനംചെയ്യാന്‍ വൈഭവവുമുള്ള ജര്‍മ്മന്‍കാരന്‍ ദൈവശാസ്ത്ര പണ്ഡിതന്‍ ആഗോളസഭയുടെ തലവനായപ്പോള്‍ ക്രിസ്തുവിന്‍റെ ആര്‍ദ്രമായ സ്നേഹവും ആത്മിയതയും കൊണ്ടാണ് വിനയാന്വിതനായതെന്ന് ലേഖനം വ്യക്തമാക്കുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്രൗഢിയോ ജനപ്രീതിയോ ജീവിതത്തില്‍ പ്രകടമാക്കാത്ത ബനഡിക്ട് 16-ാമന്‍ കൃപയുടെ വിനയാന്വിതമായ വ്യക്തിത്വമായിരുന്നെന്നും, സ്ഥാനമേറ്റ നാള്‍ മുതല്‍ തുടര്‍ന്നുള്ള
എട്ടു വര്‍ഷക്കാലവും പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും തീച്ചൂളയിലായിരുന്നു ജീവിച്ചതെന്നും പാപ്പായെക്കുറിച്ചുള്ള മാസികയുടെ വിശേഷാല്‍ പംക്തി ചൂണ്ടിക്കാട്ടി. റിജെന്‍സ്ബര്‍ഗ് പ്രബന്ധത്തില്‍ ആരംഭിച്ച ഇസ്ലാമുമായുള്ള വിവാദം, ആഫ്രിക്ക സന്ദര്‍ശനത്തില്‍ aids-നെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉരുവംകൊണ്ട തെറ്റിദ്ധാരണ, ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെട്ട സഭയിലെ കുട്ടികളുടെ ലൈംഗിക പീഡനം, സഭയ്ക്കു പുറത്ത് അഭിഷേകം സ്വീകരിച്ച ലെഫെബ്രേ മെത്രാന്മാര്‍ക്കു കല്പിച്ച ഭ്രഷ്ട്, പിന്നെ അവരുടെ തിരിച്ചെടുക്കല്‍, സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട വത്തിക്കാന്‍ ബാങ്ക് വിവാദം, വ്യക്തിഗത കത്തുകളും ഔദ്യോഗിക രേഖകളും ചോര്‍ത്തപ്പെട്ട ‘വാറ്റിലീക്സ്’ പ്രശ്നം, എന്നിങ്ങനെ സ്വൈര്യമായി ചിലവഴിച്ച നാളുകള്‍ ബനഡിക്ട് 16-ാമന്‍ പാപ്പയുടെ ജീവിതത്തില്‍ കുറവാണെന്ന് മാസിക വെളിപ്പെടുത്തി.








All the contents on this site are copyrighted ©.