2013-02-19 16:32:23

“പിതാവായ ദൈവം”: ഫാ.ദാരിയൂസ് കൊവാള്‍സിക്കിന്‍റെ മതബോധന പരമ്പര


19 ഫെബ്രുവരി 2013, റോം
ദൈവത്തെ പിതാവേയെന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? എന്ന ചോദ്യത്തെക്കുറിച്ച് ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകന്‍ ഫാ.ദാരിയൂസ് കൊവാള്‍സിക്ക് സംസാരിക്കുന്നു. വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയിലൂടെ നല്‍കുന്ന മതബോധന പരമ്പരയിലാണ് അദ്ദേഹം ‘പിതാവായ ദൈവ’ ത്തെക്കുറിച്ച് കത്തോലിക്കാ വിശ്വാസം എന്തുപഠിപ്പിക്കുന്നുവെന്ന് വിശദീകരിച്ചത്.
ഫെബ്രുവരി 19ന് പ്രക്ഷേപണം ചെയ്ത 17ാമത് എപ്പിസോഡില്‍ ഫാ.കൊവാള്‍സിക്കിന്‍റെ വിചിന്തനം:

പിതാവായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നുവെന്ന് വിശ്വാസപ്രമാണത്തിന്‍റെ ആരംഭത്തില്‍ നാം പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ ദൈവത്തെ പിതാവേയെന്നു വിളിക്കുന്നത്? കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “പ്രപഞ്ച സൃഷ്ടാവ് എന്ന നിലയ്ക്ക് ഇസ്രായേല്‍ ദൈവത്തെ ‘പിതാവ്’ എന്നു വിളിച്ചിരുന്നു. അതിനു പുറമേ ഇസ്രായേലുമായി ദൈവം ചെയ്ത ഉടമ്പടിയുടേയും അവര്‍ക്കു നല്‍കിയ ‘നിയമ’ത്തിന്‍റേയും അടിസ്ഥാനത്തില്‍ ദൈവം ഇസ്രായേല്‍ ജനത്തിന് സവിശേഷമാം വിധം പിതാവാകുന്നു.....ദൈവത്തെ ‘പിതാവ്’ എന്നുവിളിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ ഭാഷ രണ്ട് പ്രധാന കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ദൈവം സര്‍വ്വത്തിന്‍റേയും പ്രഥമ പ്രഭാവമാണ്. സര്‍വ്വാതിശായിയായ അധികാരവുമാണ്. അതേസമയം നന്‍മസ്വരൂപനും തന്‍റെ മക്കളെല്ലാവരുടേയും മേല്‍ സ്നേഹ ജാഗ്രതയുള്ളവനുമാണ്.” (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, 238- 239)
എല്ലാത്തിനുമുപരിയായി ക്രിസ്തു ദൈവത്തെ പിതാവായി വെളിപ്പെടുത്തിയതുകൊണ്ടാണ് നാം ദൈവത്തെ ‘പിതാവേ’യെന്നു വിളിക്കുന്നത്. “പുത്രനും, പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല.” (മത്തായി 11,27). യേശു തന്നെയാണ് നമുക്ക് നിത്യപിതാവായെ ദൈവത്തെ വെളിപ്പെടുത്തി തരുന്നത്. പിതാവിന്‍റെ ഏകജാതനാണ് താനെന്നും അവിടുന്ന് വെളിപ്പെടുത്തി. പിന്നീട് പിതാവിനോടും പുത്രനോടുമൊത്ത് മറ്റൊരു ദൈവിക വ്യക്തിയായി പരിശുദ്ധാത്മാവിനേയും ക്രിസ്തു വെളിപ്പെടുത്തി.

ദൈവം നമ്മുടെ പിതാവാകുന്നത് സൃഷ്ടികര്‍മ്മം കൊണ്ടു മാത്രമല്ലെന്ന് ക്രിസ്തു നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്. “ദൈവിക സ്വഭാവത്തില്‍ നമ്മെ പങ്കുകാരാക്കുന്നതിനുള്ള” (2 പത്രോസ് 1,4) ദൈവ തിരുഹിതം കൂടി അതില്‍ വെളിപ്പെടുന്നു. ഭൗമിക പിതാവ് തന്‍റെ മനുഷ്യസ്വഭാവം സ്വന്തം പുത്രന് നല്‍കുന്നു. നിത്യപിതാവാകട്ടെ തന്‍റെ ദൈവിക സ്വഭാവത്തില്‍ നാം പങ്കുകാരാകണമെന്ന് ആഗ്രഹിക്കുന്നു. നമുക്കു ലഭിച്ചിരിക്കുന്ന സദ്വാര്‍ത്തയാണത്. ദൈവത്തിന്‍റെ ദത്തുപുത്രരാണ് നാമെന്ന് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ വിശദീകരിക്കുന്നുണ്ട്, “നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളും.....അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടവര്‍...” (റോമാ 8,17)
ദൈവം പിതാവാണ് എന്ന വസ്തുത ലിംഗഭേദത്തിനുള്ള മാനദണ്ഡമല്ല. പിതാവായ ദൈവം ഒരു പുരുഷനല്ല. ദൈവം ദൈവമാണ്. അതിനാല്‍ ദൈവത്തിന്‍റെ പിതൃത്വത്തില്‍ അവിടുത്തെ മാതൃത്വവും ഉണ്ടെന്നു നമുക്കു പറയാം. ധൂര്‍ത്തപുത്രന്‍റെ ഉപമയെക്കുറിച്ച് വിശദീകരിക്കവേ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. “ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ കാരുണ്യവാനായ പിതാവില്‍ പിതൃത്വത്തിന്‍റേയും മാതൃത്വത്തിന്‍റേയും സ്വഭാവവിശേഷങ്ങള്‍ ദര്‍ശിക്കാം.” മാനുഷിക മാതൃത്വത്തിന്‍റേയും പിതൃത്വത്തിന്‍റേയും പ്രഭവവും മാനദണ്ഡവുമായ ദൈവം അവയ്ക്കെല്ലാം അതീതനായ നിത്യദൈവമാണ്.








All the contents on this site are copyrighted ©.