2013-02-19 16:02:27

വത്തിക്കാനില്‍ നോമ്പുകാല ധ്യാനം


19 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും റോമന്‍ കൂരിയായിലെ അംഗങ്ങളും നോമ്പുകാല ധ്യാനം ആരംഭിച്ചു. ‘ദൈവിക - മാനുഷിക വദനം സങ്കീര്‍ത്തനങ്ങളില്‍’ എന്ന ചിന്താവിഷയത്തെ കേന്ദ്രീകരിച്ച്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി നയിക്കുന്ന നോമ്പകാല ധ്യാനം അപ്പസ്തോലിക അരമനയിലെ റിഡംപ്റ്റര്‍ മേത്തര്‍ കപ്പേളയില്‍ 17ാം തിയതി ഞായറാഴ്ച വൈകീട്ടാണ് ആരംഭിച്ചത്.
പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചാണ് ഞായറാഴ്ച വൈകിട്ട് കര്‍ദിനാള്‍ റവാസി പ്രഭാഷണം നടത്തിയത്.
“ദൈവത്തെ സ്നേഹിക്കുകയും, ധ്യാനിക്കുകയും, ശ്വസിക്കുകയും അവിടുത്തേക്കായി പോരാടുകയും ചെയ്യുന്നതാണ് പ്രാര്‍ത്ഥന”യെന്ന് അദ്ദേഹം പറഞ്ഞു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയേയും റോമന്‍ കൂരിയായിലെ അംഗങ്ങളേയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്ത കര്‍ദിനാള്‍ മാര്‍പാപ്പയുടെ ആസന്നമായ വിരമിക്കലിനെക്കുറിച്ചും തദവസരത്തില്‍ പ്രതിപാദിച്ചു. പേപ്പല്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഇനിയുള്ള നിശബ്ദമായ പ്രാര്‍ത്ഥനാ ജീവിതം, ഇസ്രായേല്‍ ജനം താഴ്വാരത്തു വച്ച് അമേലെക്കിനെതിരേ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മോശ മലമുകളില്‍ നിന്നുകൊണ്ട് കരങ്ങളുയര്‍ത്തി അവര്‍ക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചതിനു സദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

119ാം സങ്കീര്‍ത്തനത്തെ കേന്ദ്രമാക്കിയാണ് തിങ്കളാഴ്ച രാവിലെ കര്‍ദിനാള്‍ റവാസി വിചിന്തനം നല്‍കിയത്. ഏറ്റവും കൂടുതല്‍ വാക്യങ്ങളുള്ള ഈ സങ്കീര്‍ത്തനത്തെ ആസ്പദമാക്കി ദൈവവചനത്തിന്‍റെ സൃഷ്ടിപരവും വെളിപാടുപരവുമായ അര്‍ത്ഥതലങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ വിശ്വാസ ജീവിതത്തിലും പ്രാര്‍ത്ഥനയിലും ദൈവകൃപയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും കര്‍ദിനാള്‍ പ്രതിപാദിച്ചു.
‘കര്‍ത്താവ് എന്‍റെ ഇടയന്‍’ എന്ന 23ാം സങ്കീര്‍ത്തനവും ‘പ്രപഞ്ചവും നിയമവും ദൈവമഹത്വം ഉദ്ഘോഷിക്കുന്നു’ എന്ന 19ാം സങ്കീര്‍ത്തനവും കേന്ദ്രമാക്കിയാണ് കര്‍ദിനാള്‍ റവാസി തിങ്കളാഴ്ച രണ്ടാമത്തേയും മൂന്നാമത്തേയും വിചിന്തനങ്ങള്‍ നല്‍കിയത്.

വത്തിക്കാനിലെ നോമ്പുകാല ധ്യാനം 23ാം തിയതി ശനിയാഴ്ച രാവിലെ സമാപിക്കും. വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുന്നതിനാല്‍, മാര്‍പാപ്പയുടെ ബുധനാഴ്ചകളില്‍ പതിവുള്ള പൊതുക്കൂടിക്കാഴ്ച്ച ഉള്‍പ്പെടെ മറ്റു പൊതുപരിപാടികളൊന്നും ഉണ്ടായിരിക്കുന്നതല്ല.

23ാം തിയതി ശനിയാഴ്ച വൈകീട്ട് ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ്യോ നാപ്പോളിത്താനോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തും.

24ാം തിയതി ഞായറാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നയിക്കുന്ന പൊതു ത്രികാല പ്രാര്‍ത്ഥന വത്തിക്കാനില്‍ നടക്കും.

27ാം തിയതി ബുധനാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന പൊതുകൂടിക്കാഴ്ച്ചയ്ക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരം വേദിയാകും.

28ാം തിയതി വ്യാഴാഴ്ച മാര്‍പാപ്പ പങ്കെടുക്കുന്ന മുഖ്യ പൊതുപരിപാടി രാവിലെ 11ന് കര്‍ദിനാള്‍ സംഘം നല്‍കുന്ന വിടവാങ്ങല്‍ ചടങ്ങാണ്.

28ാം തിയതി വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മാര്‍പാപ്പ കാസില്‍ ഗണ്‍ഡോള്‍ഫോയിലേക്ക് (ഹെലികോപ്ടറില്‍) യാത്രയാകും. രാത്രി 8 മണി മുതല്‍ ഔദ്യോഗികമായി പത്രോസിന്‍റെ സിംഹാസനം ഒഴിഞ്ഞു കിടക്കും അഥവാ സെദേ വക്കാന്തേ(Sede Vacante) ആരംഭിക്കും.








All the contents on this site are copyrighted ©.